മെസ്സിയുടെ കാര്‍ റെഡ് സിഗ്നല്‍ മറികടന്നു, അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴ്‌യ്ക്ക്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. മയാമിയില്‍ വെച്ചായിരുന്നു താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെടാന്‍ പോയത്. മെസ്സിയുടെ കാര്‍ ട്രാഫിക് സിഗ്നല്‍തെറ്റിച്ച് മറികടന്നതിലൂടെയാണ് അപകടമുണ്ടാവാന്‍ പോയത്. ഇതിന്റെ വീഡിയോ അര്‍ജന്റീനന്‍ ടിവി ചാനലായ ടിവൈസി സ്‌പോര്‍ട്‌സ് പുറത്തുവിട്ടു.ഇത് വൈറലായിരിക്കുകയാണ്.
മെസ്സി സഞ്ചരിച്ചിരുന്ന കാറിന് പോലീസ് വാഹനം അകമ്പടി പോകുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെയാണ് റെഡ് സിഗ്നല്‍ ലംഘിച്ച് മെസ്സിയുടെ വാഹനം മുന്നോട്ട് പോകുന്നത്. ഇത് വലിയ അപകടത്തിന് വഴിവെക്കുമായിരുന്നു.

മെസ്സിയുടെ കാര്‍ സിഗ്നല്‍ കടന്ന് മുന്നോട്ട് പോയതോടെ തിരക്കിന്റെ നടുവില്‍ പെട്ട് പോവുകയായിരുന്നു. വലിയ അപകടം ഉണ്ടാവുമായിരുന്നു. എന്നാല്‍ മറ്റ് ഡ്രൈവര്‍മാരുടെ അവസരോചിതമായ ഇടപെടലാണ് മെസ്സിയെ രക്ഷിച്ചത്. അതേസമയം മെസ്സി എംഎല്‍എസ്സില്‍ ചേരാനായി എത്തുന്നതിനിടെയാണ് സംഭവം നടന്നത്. '
പിഎസ്ജിയില്‍ നിന്നാണ് താരം ഇന്റര്‍ മയാമിയിലേക്ക് എത്തുന്നത്. ടീമിന് വേണ്ടി മെസ്സി മത്സരമൊന്നും ഇതുവരെ കളിച്ചിട്ടില്ല. ജൂലായ് പതിനാറിന് മെസ്സിയെ ടീമിന് വേണ്ടി പ്രത്യേകം പരിചയപ്പെടുത്തും. താരത്തിന്റെ ആദ്യ മത്സരവും വൈകാതെ ടീമിന് വേണ്ടി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം മെസ്സി ഇന്ററുമായി ഔദ്യോഗികമായ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. അതിനായിട്ടാണ് താരം അമേരിക്കയില്‍ എത്തിയത്. 2025 വരെയാണ് എംഎല്‍എസ് ടീമുമായി മെസ്സിക്കുള്ള കരാര്‍.
നിലവില്‍ അമേരിക്കന്‍ ലീഗില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണ് ഇന്റര്‍ മയാമി. അവരെ ലീഗില്‍ ഒന്നാം സ്ഥാനക്കാരാക്കുക എന്ന ടാര്‍ഗറ്റാണ് മെസ്സിക്കും ടീമിനും ലഭിച്ചിട്ടുള്ളത്. തന്റെ ജീവിതത്തിലെ ആവേശകരമായ പുതിയൊരു തുടക്കമാണ് ഇന്ററിലും, അമേരിക്കയിലുമായി ആരംഭിക്കുന്നതെന്ന് മെസ്സി പറഞ്ഞു. മെസ്സിയുമായുള്ള കരാര്‍ സ്വപ്‌നസാക്ഷാത്കാരമാണെന്ന് ഇന്റര്‍ മയാമിയുടെ കോച്ച് ഡേവിഡ് ബെക്കാം പറഞ്ഞു.
മെസ്സി ഇതിന് മുമ്പ് യൂറോപ്പിന് പുറത്തൊരു ടീമിന് വേണ്ടി കളിച്ചിട്ടില്ല. ഇതൊരു മികച്ച അവസരമാണ്. ഞങ്ങള്‍ ഒരുമിച്ച് ടീമിനെ മുന്നോട്ട് കൊണ്ടുപോകും. ടീമിന് വേണ്ടി നേരത്തെ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നത് തന്നെയാണ് പ്രധാന കാര്യം. അതിന് സഹായിക്കാനായിട്ടാണ് വന്നതെന്നും മെസ്സി പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് ഇന്ററില്‍ തന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍, ഏറ്റവും മികച്ച കളിക്കാരെ ഈ നഗരത്തിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. യുഎസ്സില്‍ ഫുട്‌ബോള്‍ വളര്‍ത്തുകയായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഇന്ന് ആ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ലിയോ കളത്തിലിറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ബെക്കാം പറഞ്ഞു.












Click it and Unblock the Notifications