'സർക്കാരിനെ അട്ടിമറിക്കൂ', യുക്രൈൻ സൈന്യത്തോട് സർക്കാരിനെ അട്ടിമറിക്കാൻ ആഹ്വാനം ചെയ്ത് പുടിൻ
മോസ്‌കോ: യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡമിര്‍ പുടിന്‍. യുക്രൈന് മേലുളള റഷ്യയുടെ ആക്രമണം രണ്ടാം ദിവസം പൂര്‍ത്തിയാക്കാനിരിക്കെയാണ് പുടിന്റെ ആഹ്വാനം. യുക്രൈനിലെ നിലവിലെ ഭരണകൂടം ഭീകരരുടേതാണെന്ന് പുടിന്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണ നേതൃത്വത്തിലുളളത് നവനാസികളും ലഹരിക്ക് അടിമപ്പെട്ടവരും ആണെന്നും പുടിന്‍ പറഞ്ഞു. യുക്രൈന്‍ ഭരണകൂടത്തെ പുറത്താക്കുന്നത് വരെ യുദ്ധം തുടരുമെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യവേയാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'യുക്രൈന്‍ സേനയിലെ സൈനികരോട് ഞാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ മക്കളേയും ഭാര്യമാരേയും പ്രായമായവരേയും മനുഷ്യ കവചങ്ങളായി ഉപയോഗിക്കാന്‍ നവ നാസികളെ അനുവദിക്കാതിരിക്കൂ', പുടിന്‍ പറഞ്ഞു. 'നിങ്ങള്‍ അധികാരം കയ്യിലെടുക്കൂ. അങ്ങനെയെങ്കില്‍ ഒരു സമവായത്തിലെത്താന്‍ ഞങ്ങള്‍ക്ക് എളുപ്പമാകും', പുടിന്‍ കൂട്ടിച്ചേര്‍ത്തു. ജൂതവംശജനായ യുക്രൈൻ പ്രസിഡണ്ട് സെലൻസ്കിയെ ഉന്നം വെച്ചാണ് പുടിന്റെ നാസി പ്രയോഗം

യുക്രൈന്‍ ഭരണകൂടം തീവ്രവാദികളെ പോലെയാണ് പെരുമാറുന്നത്്. സാധാരണക്കാരെ റഷ്യ ആക്രമിച്ചുവെന്ന് ലോകത്തിന് മുന്നില്‍ സ്ഥാപിക്കുന്നതിന് വേണ്ടി അവര്‍ ജനങ്ങളെ മറയാക്കി നിര്‍ത്തി പിന്നില്‍ ഒളിച്ചിരിക്കുകയാണ് എന്നും പുടിന്‍ ആരോപിച്ചു. അമേരിക്കന്‍ ഉപദേശ പ്രകാരമാണ് യുക്രൈന്റെ ഈ നീക്കമെന്നും പുടിന്‍ പറഞ്ഞു. റഷ്യന്‍ സൈന്യം ലക്ഷ്യം വെക്കുന്നത് യുക്രൈനിലെ തീവ്ര ദേശീയ വാദികളെ മാത്രമാണെന്നും പുടിന്‍ പറഞ്ഞു.
യുക്രൈന്‍ യുദ്ധഭൂമിയിലുളള റഷ്യന്‍ സൈനികര്‍ ധീരതയോടെയും പ്രൊഫഷണലായും ഹീറോകളെ പോലെയും പോരാടുകയാണ് എന്നും റഷ്യന്‍ പ്രസിഡണ്ട് പറഞ്ഞു. സ്വന്തം മാതൃരാജ്യത്തിന്റെയും ജനങ്ങളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുളള ഏറ്റവും നിര്‍ണായകമായ ദൗത്യമാണ് അവര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് എന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
യുക്രൈനുമായി ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണെന്ന് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. ഉപാധികളോട് കൂടിയാണ് പുടിന്റെ വാഗ്ദാനം. ചേരിചേരാ നയം സ്വീകരിക്കണമെന്നും സമ്പൂര്‍ണ നിരായുധീകരണം നടത്തണം എന്നുമാണ് റഷ്യയുടെ ആവശ്യം. അങ്ങനെയെങ്കില്‍ ചര്‍ച്ചയ്ക്കായി മധ്യസ്ഥ സംഘത്തെ ബെലാറസ് തലസ്ഥാനത്തേക്ക് അയക്കാന്‍ തയ്യാറാണെന്നും പുടിന്‍ വ്യക്തമാക്കി. ചേരിചേരാ നയം സ്വീകരിക്കാന്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്‌കി വ്യക്തമാക്കി. സമവായത്തിന്റെ സൂചന നല്‍കി തൊട്ട് പിന്നാലെയാണ് യുക്രൈന്‍ സൈന്യത്തോട് അട്ടിമറിക്കുളള പുടിന്റെ പ്രകോപനപരമായ ആഹ്വാനവും വന്നത്.












Click it and Unblock the Notifications