അസദിനെ റഷ്യയും കൈവിട്ടു, സൈന്യം പിന്മാറുന്നു, ഇനി വീണ്ടും 'ഐസിസ് കാലം'
മോസ്‌ക്കോ: സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിയ്ക്കാനൊരുങ്ങി റഷ്യ. ക്രെംലിനില്‍ ചേര്‍ന്ന മന്ത്രിമാരുടേയും സുരക്ഷാ ഏജന്‍സി തലവന്‍മാരുടേയും യോഗത്തില്‍ സൈന്യത്തെ പിന്‍വലിയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഐസിസിനെതിരെ സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയത്. റഷ്യയുടെ ആക്രമണം ഐസിസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പലതിനേയും തകര്‍ത്തിരുന്നു. അമേരിയ്ക്കയും സൗദിയും ഉള്‍പ്പെടയുള്ള രാജ്യങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ഒഴിവാക്കിയാല്‍ റഷ്യയുടെ സൈനിക നടപടിയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു.

സിറിയന്‍ ദൗത്യം ഒരു പരിധിവരെ പൂര്‍ത്തിയാക്കിയെന്നും വിമതരുടെ കൈവശം ഉണ്ടായിരുന്ന പ്രധാന സ്ഥലങ്ങള്‍ പിടിച്ചെടുക്കാനായെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് സൈന്യത്തിന്റെ വലിയൊരു ഭാഗത്തെ പിന്‍വലിയ്ക്കുന്നതായി പുടിന് ബാഷര്‍ അല്‍ അസദിനെ അറിയിച്ചത്. മെയ്മീം വ്യോമത്താവളവും മെഡിറ്ററേനിയന്‍ തുറമുഖവും ഒഴിയില്ലെന്ന് റഷ്യ വ്യക്തമാക്കി.
ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ നിലനിര്‍ത്താനായിട്ടായിരുന്നു ആറ് മാസത്തോളമായി റഷ്യ സൈനിക ദൗത്യം നടത്തി വന്നത്. ജനീവയില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമാണ് റഷ്യയുടെ നടപടി.












Click it and Unblock the Notifications