നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍: റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലേക്ക് എത്തുന്നു
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഇന്ത്യ സന്ദർശിക്കും. റഷ്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രി സെർജി ലാവ്‌റോവാണ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ചത്. സന്ദർശനത്തിനായുള്ള ക്രമീകരണങ്ങള്‍ നടക്കുന്നതായിസെർജി ലാവ്‌റോവ് പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പുടിന്‍ ഇന്ത്യയിലേക്ക് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യൻ സർക്കാർ തലവന്റെ ക്ഷണം പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചു. റഷ്യൻ രാഷ്ട്രത്തലവന്റെ ഇന്ത്യൻ റിപ്പബ്ലിക് സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്' റഷ്യൻ വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി എത്തിയത് റഷ്യയിലേക്കാണെന്നും ഇനി നമ്മുടെ ഊഴമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി രണ്ടുതവണ റഷ്യ സന്ദർശിച്ചിരുന്നു. 2000-ത്തിലെ തന്ത്രപരമായ പങ്കാളിത്ത പ്രഖ്യാപനത്തിലെ കരാറുകളുടെ ഭാഗമായി ജൂലൈയിലായിരുന്നു ആദ്യ സന്ദർശനം. പിന്നാലെ ഒക്ടോബറിൽ കസാനിൽ നടന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വീണ്ടും അദ്ദേഹം റഷ്യയിലെത്തി. പ്രധാന അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായി ടെലിഫോൺ സംഭാഷണങ്ങളിലൂടെയും നേരിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും പുടിനും മോദിയും പതിവായി മികച്ച ബന്ധം പുലർത്തി വരാറുണ്ട്.
ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ, പ്രസിഡന്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുടിൻ ആശംസകൾ നേരുകയും വർഷങ്ങളായി ഇന്ത്യയുടെ പുരോഗതിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. സാമൂഹിക-സാമ്പത്തിക വളർച്ച, ശാസ്ത്രീയ പുരോഗതി, ആഗോള പ്രാധാന്യം എന്നിവയിൽ ഇന്ത്യ കരസ്ഥമാക്കിയ നേട്ടങ്ങള്‍ അദ്ദേഹം എടുത്ത് പറയുകയും ചെയ്തു. .
'റഷ്യൻ-ഇന്ത്യൻ ബന്ധങ്ങൾ പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ മേഖലകളിലും ഉൽപ്പാദനക്ഷമമായ ഉഭയകക്ഷി സഹകരണം സ്ഥിരമായി കെട്ടിപ്പടുക്കുന്നതിനും അന്താരാഷ്ട്ര കാര്യങ്ങളിൽ സൃഷ്ടിപരമായ ഇടപെടലുകൾ നടത്തുന്നതിനും സംയുക്ത ശ്രമങ്ങൾ നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.' എന്നായിരുന്ന ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെക്കുറിച്ച് പുടിന്‍ പറഞ്ഞത്.
അടുത്തിടെ യുക്രൈന്‍ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകളേയും ട്രംപ് പ്രശംസിച്ചിരുന്നു. യുക്രൈനുമായുള്ള 30 ദിവസത്തെ വെടിനിർത്തലുമായി ബന്ധപ്പെട്ട് നടത്തിയ തന്റെ ആദ്യ പ്രസംഗത്തിലായിരുന്നു വിഷയത്തില്‍ ഇടപെട്ട മോദി ഉള്‍പ്പെടേയുള്ള പല ലോക നേതാക്കള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചത്. ഈ ലോക നേതാക്കളുടെയെല്ലാം ഇടപെടല്‍ മഹത്തായ ഒരു ദൗത്യത്തിനുവേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications