ഓഫ് ഡേയില്‍ ജോലിക്കെത്തി... ലോട്ടറിയെടുത്ത ജീവനക്കാരിക്ക് ലഭിച്ചത് വമ്പന്‍ സമ്മാനം
ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകള്‍ പലപ്പോഴും അത്ഭുതങ്ങള്‍ നിറഞ്ഞതായിരിക്കും. ഏറെ നാളായി ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിച്ചിട്ടും ഒരു സമ്മാനം പോലും ലഭിക്കാത്തവരും ആദ്യ അവസരത്തില്‍ തന്നെ ബംപര്‍ സമ്മാനം ലഭിച്ചവരുമെല്ലാം നമുക്ക് ചുറ്റിലുമുണ്ട്. ഇത്തരത്തില്‍ കാലിഫോര്‍ണിയയിലെ വാള്‍മാര്‍ട്ട് ജീവനക്കാരിക്ക് ഓഫ് ഡേയിലെ ജോലി ബംപര്‍ സമ്മാനം നേടിക്കൊടുത്ത റിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്.
വാള്‍മാര്‍ട്ട് ജോലിക്കാരിയായ റെബേക്ക ഗോണ്‍സാലസിനെ തേടിയാണ് കാലിഫോര്‍ണിയ ലോട്ടറിയിലെ ജാക്ക്‌പോട്ട് പ്രൈസ് സമ്മാനം എത്തിയത്. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ വാള്‍മാര്‍ട്ടിലെ ജീവനക്കാരിയാണ് റെബേക്ക ഗോണ്‍സാലസ്. ഒരിക്കല്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പെട്ടെന്നാണ് റെബേക്കയ്ക്ക് ഓഫീസില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വരുന്നത്.

സഹപ്രവര്‍ത്തകന്‍ അടിയന്തരമായി അവധിയെടുത്തു എന്നും മൂന്ന് മണിക്കൂര്‍ ഷിഫ്റ്റ് കവര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ ഫോണ്‍ കോള്‍. അവധി ദിനത്തില്‍ ഔട്ടിംഗിനായി പദ്ധതിയിട്ടിരുന്നെങ്കിലും റെബേക്ക ജോലിയ്ക്ക് പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഈ ചെറിയ തീരുമാനം ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവത്തിലേക്ക് നയിക്കുമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ കാലിഫോര്‍ണിയ ലോട്ടറി ടിക്കറ്റ് വാങ്ങാന്‍ റെബേക്ക പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ സമയം കടയില്‍ ഉപഭോക്താക്കളുടെ തിരക്കായിരുന്നു. ലോട്ടറി വാങ്ങാന്‍ അവര്‍ക്ക് സാധിച്ചില്ല. തിരക്ക് കഴിഞ്ഞ് പോകാമെന്ന് വെച്ചെങ്കിലും ജോലി തിരക്കില്‍ അവര്‍ അത് മറന്നു. പിന്നീട് ജോലി കഴിഞ്ഞതിന് ശേഷമാണ് റെബേക്ക ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്.
ഒരു വെന്‍ഡിംഗ് മെഷീനില്‍ നിന്ന് 10 ഡോളര്‍ സ്‌ക്രാച്ചേഴ്‌സ് ടിക്കറ്റ് ആണ് റെബേക്ക വാങ്ങിക്കുന്നത്. ഇതാണ് റെബേക്കയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തപ്പോള്‍ ഒരു മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ട് ആണ് റെബേക്കയ്ക്ക് ലഭിച്ചത്. മാസത്തില്‍ രണ്ട് തവണ ലോട്ടറി ടിക്കറ്റുകള്‍ പതിവായി വാങ്ങാറുണ്ടെങ്കിലും ഒരിക്കല്‍ പോലും 50 ഡോളറില്‍ കൂടുതല്‍ സമ്മാനമായി റെബേക്ക നേടിയിട്ടില്ല.
സമ്മാനം ലഭിച്ച ശേഷം റെബേക്ക ആദ്യമായി ഫോണ്‍ വിളിച്ചത് തന്റെ മാനേജരെ തന്നെയായിരുന്നു. അവധി ദിനത്തില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട മാനേജരാണ് തനിക്ക് ജാക്ക്‌പോട്ട് സമ്മാനമായി ലഭിക്കാന്‍ കാരണമായത് എന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ വിളിച്ച് സന്തോഷം പങ്ക് വെക്കേണ്ടതുണ്ടായിരുന്നു എന്നുമാണ് റെബേക്ക പറയുന്നത്. സമ്മാനം ലഭിച്ചത് തനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമ്മാനത്തുക കൊണ്ട് അഞ്ച് കിടപ്പുമുറികളുള്ള വീട് വാങ്ങുമെന്നും കുടുംബത്തിന്റെ കടങ്ങള്‍ വീട്ടുമെന്നും റെബേക്ക പറഞ്ഞു. കുട്ടിക്കാലത്ത് തന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്നും അതിനാല്‍ കുടുംബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കണമെന്നും റെബേക്ക വ്യക്തമാക്കി.












Click it and Unblock the Notifications