ഇറാനെ ആക്രമിച്ചത് ട്രംപിന് പണിയാകുമോ? ഇനി സംഭവിക്കാന്‍ പോകുന്നത് ഇത്?
ലോകം ആശങ്കയിലാണ്. ഇനിയെന്ത് എന്ന വലിയ ചോദ്യമാണ് മുന്നില്‍ നില്‍ക്കുന്നത്. റഷ്യയും ചൈനയും വിലക്കിയിട്ടും ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടു. മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചു. അങ്ങനെ ചെയ്താല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യയും ചൈനയും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അത് ഗൗനിക്കാതെയാണ് ഇസ്രായേലിന്റെ സമ്മര്‍ദത്തിന് വഴങ്ങിയുള്ള അമേരിക്കന്‍ നീക്കം.
എവിടെ സംഘര്‍ഷമുണ്ടായാലും അത് പരിഹരിക്കാന്‍ ഈ ഞാന്‍ വേണം എന്ന മട്ടില്‍ നടന്നിരുന്ന ഡോണള്‍ഡ് ട്രംപ് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നത് വിഴുങ്ങി. രണ്ടാഴ്ചത്തെ വെയ്റ്റിങ് ടൈം റദ്ദാക്കി. GBU57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും B2 ബോംബറുകളും പ്രയോഗിച്ചു. Make America Great Again എന്ന് എഴുതിയ ചുവന്ന തൊപ്പിയും ഇട്ടിരുന്ന് വൈറ്റ് ഹൗസിലെ സിറ്റ്വേഷന്‍ റൂമിലിരുന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ട്രംപ് ആ ആക്രമണം കാണുകയും ചെയ്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കി, സെര്‍ബിയയും കൊസോവയും തമ്മിലുണ്ടാകാമായിരുന്ന യുദ്ധം ഒഴിവാക്കി. ഇതൊക്കെ ചെയ്തിട്ടും സമാധാനത്തിന്റെ വക്താവായി ബഹുമാനിക്കുകയോ നോബല്‍ സമ്മാനത്തിന് പരിഗണിക്കുകയോ ചെയ്തില്ല... ട്രംപിന് വേദനകള്‍ ഇതൊക്കെയായിരുന്നു. എന്നിട്ടാണ് പറഞ്ഞ സമയം പാലിക്കാതെ ചര്‍ച്ചകളാകാമെന്ന് ഇറാന്‍ മധ്യസ്ഥര്‍ വഴി നല്‍കിയ സൂചനകള്‍ മാനിക്കാതെ മൂന്ന് കേന്ദ്രങ്ങള്‍ ആക്രമിച്ചത്.
1979ന് ശേഷം ആദ്യമായി ഇറാന് നേരെയുള്ള അമേരിക്കന്‍ ആക്രമണത്തിന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയത്. സമാധാനം എങ്ങനെ കൊണ്ടുവരാം എന്നതിന് പുതിയ വഴി കണ്ടെത്തിയത്. ഇത് സമാധാനത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നുവെന്ന വിചിത്രമായ വിശദീകരണവും ട്രംപ് നല്‍കിയിട്ടുണ്ട്. അതായത് ഇനി ഇറാന്‍ നല്ല കുട്ടിയായി ചര്‍ച്ചക്ക് തയ്യാറാകണം. എല്ലാം കോംപ്ലിമെന്റ്‌സാക്കണം. അതല്ലെങ്കില്‍ ഇതുവരെ കണ്ടതിലും വലിയ ആക്രമണം നേരിടും.
ട്രംപിനെ ഇത്ര പെട്ടെന്ന് പ്രകോപിപ്പിച്ചത് ഇസ്രായേല്‍ സമ്മര്‍ദമാകുമെന്ന് വലിയൊരു വിഭാഗം നിരീക്ഷകരും കരുതുന്നു. ാരണം ഭൂമിക്കടിയിലുള്ള ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച് നശിപ്പിക്കാന്‍ പോന്ന ബങ്കര്‍ ബസ്റ്റര്‍ അവരുടെ കൈവശമില്ല. അത് അമേരിക്കയുടെ കയ്യിലുണ്ട്. അത് വഹിക്കാന്‍ പോന്ന ശേഷിയുള്ള ബി2 ബോംബര്‍ വിമാനങ്ങളും. അമേരിക്ക കൂടി കളത്തിലിറങ്ങിയാലേ ഇസ്രായേല്‍ വിചാരിച്ച ലക്ഷ്യത്തിലെത്താന്‍ കഴിയൂ.
മറ്റൊരു കാര്യം ഫോര്‍ദോ ആണവകേന്ദ്രത്തിന് സമീപം പതിവില്ലാത്ത വിധം ചില നീക്കങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു എന്നതാണ്. ഈ മാസം 19 നും 20 നും പതിനാറ് ട്രക്കുകളും ബുള്‍ഡോസറുകളുമെല്ലാം ആണവേകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിന് സമീപം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്രേ. ആണവകരാറിന്റെ കാര്യത്തില്‍ ഇറാന്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്ന സൂചനയായി കണ്ടാകാം ട്രംപ് സൈനിക നടപടിക്ക് നിര്‍ദേശിച്ചതെന്നാണ് മറ്റൊരു വിഭാഗം നിരീക്ഷകര്‍ കരുതുന്നത്.
മറുപുറത്ത് ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന് അമേരിക്കയുടെ നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് പറഞ്ഞത് ഇസ്രായേല്‍ കേട്ടിട്ടേ ഇല്ല. ട്രംപ് കേട്ടു, പക്ഷേ അത് അംഗീകരിക്കുന്നില്ലെന്ന് തുറന്നടിച്ചു. എന്തായാലും യു എസ് സൈനിക നടപടിക്ക് പിന്നാലെ ഇറാന്‍ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്, അതിനും മുമ്പ് തന്നെ ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഫോര്‍ദോ കേന്ദ്രത്തില്‍ നിന്ന് മാറ്റിയിരുന്നുവെന്ന്.
അമേരിക്ക ഇടപെട്ടാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നതാണ്. അതെന്താകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യയും ചൈനയും എങ്ങനെ പ്രതികരിക്കുമെന്നും. ഇസ്രായേലും ഇറാനും പരസ്പരം മിസൈല്‍ ആക്രമണം തുടരുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലും ഇവ പതിക്കുന്നുമുണ്ട്. ഇറാനെ തൊട്ടാല്‍ അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കയുടെ അര ലക്ഷത്തോളം സൈനികരുണ്ട്. ഖത്തറിലും ബഹറിനിലും ഇറാഖിനും സിറിയയിലും കുവൈറ്റിലും യുഎഇയിലുമായി നിരവധി സൈനിക ക്യാമ്പുകളാണ് പശ്ചിമേഷ്യയില്‍ അമേരിക്കക്ക് ഉള്ളത്. പ്രദേശത്തെ എല്ലാ അമേരിക്കക്കാരും ഇനി ഇറാന്റെ ശത്രുക്കളാണെന്ന് ഇറാന്‍ പറഞ്ഞുകഴിഞ്ഞു. അത്യാധുനിക ഖൈബര്‍-ഷെകാന്‍ മിസൈല്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളില്‍ ഉള്‍പ്പടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ അല്ലാത്തവയെല്ലാം നിയന്ത്രിച്ച് ഇസ്രായേലും കരുതലിലാണ്. ഇറാന്റെ പിന്തുണയുള്ള ലെബനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂത്തികളും ഇറാഖിലെ ഷിയ തീവ്രവാദികളുമെല്ലാം ഇസ്രായേലിന് എതിരെ ഒന്നിക്കുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. ആഭ്യന്തരപ്രശ്‌നങ്ങള്‍ കാരണം ഇക്കൂട്ടരെല്ലാവരും സംഘര്‍ഷസമയത്ത് ഇതുവരെ മെല്ലെപ്പോക്കിലായിരുന്നു.
ഇനി കളി മാറുമോ എന്നതാണ് സംശയം. പിന്നെ പുറമേക്കില്ലെങ്കിലും റഷ്യയും ചൈനയും ഇറാന് പിന്തുണ നല്‍കുമോ എന്ന ആശങ്കയും ബാക്കിനില്‍ക്കുന്നു. തീര്‍ന്നില്ല. ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ ആഗോളവിപണിയില്‍ എണ്ണ വില ഉയരും. ലോക എണ്ണ വ്യാപാരത്തിന്റെ 26 ശതമാനവും നടക്കുന്ന കടലിടുക്കാണിത്. അമേരിക്കയിലും വിലക്കയറ്റം ഉണ്ടാകും. ഉക്രൈ്‌നിലും ഗാസയിലും ഒക്കെ സമാധാനം പുലരും അല്ലെങ്കില്‍ പുലര്‍ത്തും എന്ന് പറഞ്ഞ ട്രംപിന് അത് പാലിക്കാന്‍ പറ്റിയിട്ടില്ല.
അതിന് പുറമെ മറ്റൊരിടത്തും സമാധാനമുണ്ടാക്കാന്‍ പോയിട്ട് രാജ്യത്ത് വിലക്കയറ്റവും അസമാധാനവും ഉണ്ടാക്കി എന്ന വിമര്‍ശനം കൂടി ട്രംപിന് നേരിടേണ്ടി വരും. സൈനികശേഷിയില്‍ വലിയ അന്തരമുള്ളത് കൊണ്ട് തന്നെ ഇറാന്‍ അമേരിക്കയെ നേരിട്ട് ആക്രമിക്കില്ല. പക്ഷേ ഇസ്രായേലിന് എതിരെ ആക്രമണം ശക്തമാക്കും. അങ്ങനെ വന്നാല്‍ ഇസ്രായേലിന് വേണ്ടി ഇറാനെ ആക്രമിച്ചെന്ന ദുഷ്‌പേരുണ്ടാകും.
മുന്‍പ്രസിഡന്റുമാരെല്ലാവരും ആവശ്യമില്ലാത്ത ദീര്‍ഘകാല സൈനികനടപടികളിലേക്ക് രാജ്യത്തെ കൊണ്ടുപോയി എന്ന് സ്ഥിരമായി കുറ്റപ്പെടുത്തിയിരുന്ന ട്രംപിന് ഉത്തരം മുട്ടും. ഇപ്പോള്‍ തന്നെ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ വിമര്‍ശനത്തിന്റെ ശക്തി കൂട്ടിയിട്ടുണ്ട്. സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടി പാളയത്തിലും എതിര്‍പ്പുകളുയരുന്നുണ്ട്. മാത്രമല്ല, പശ്ചിമേഷ്യയിലെ ഇടപെടലു കൊണ്ട് പൊതുവെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് നല്ല പേരുണ്ടായിട്ടുമില്ല.
രണ്ടാമത് പ്രസിഡന്റായതിന് ശേഷം അധികാരത്തിലൂടെ സമാധാനം എന്ന മുദ്രാവാക്യമുയര്‍ത്തി നിന്ന ട്രംപിന് കൊല്ലമൊന്ന് തികയും മുമ്പ് നേരിടേണ്ടി വരുന്ന വലിയ പ്രതിസന്ധിയാണിത്.
വാല്‍ക്കഷ്ണം: സമാധാനത്തിന്റെ പുതിയ വക്താവായി സ്വയം പ്രതിഷ്ഠിച്ച ട്രംപിനെ നോബല്‍ സമ്മാനത്തിന് പരിഗണിക്കണമെന്ന് പറഞ്ഞ പാകിസ്ഥാന്‍ ഇറാനിലെ സൈനികനടപടിയെ വിമര്‍ശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള സൈനികനടപടി മേഖലയിലെ സംഘര്‍ഷം രൂക്ഷമാക്കുമെന്ന ആശങ്കയും പാകിസ്ഥാന്‍ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications