വാഷിങ്ടണ്‍ പോസ്റ്റിനെ തളര്‍ത്തിയത് ജെഫ് ബെസോസ്? ജോലി പോയവരില്‍ ശശി തരൂരിന്റെ മകനും
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലോകപ്രശസ്ത അമേരിക്കന്‍ മാധ്യമമായ 'വാഷിങ്ടണ്‍ പോസ്റ്റ്' വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് മുന്നൂറിലേറെ പത്രപ്രവര്‍ത്തകര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഇപ്പോഴത്തെ ഉടമ. 2013-ല്‍ 250 മില്യണ്‍ യുഎസ് ഡോളറിനാണ് അദ്ദേഹം ഈ പത്രം സ്വന്തമാക്കിയത്. ജെഫ് ബെസോസ് ഈ പത്രം വാങ്ങുമ്പോള്‍ ജീവനക്കാര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തിനിപ്പുറം ബെസോസിന്റെ ചില കടുത്ത തീരുമാനങ്ങള്‍ പത്രത്തിന്റെ വിശ്വാസ്യതയെയും നിലനില്‍പ്പിനെയും ബാധിച്ചിരിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെയും പിന്തുണയ്‌ക്കേണ്ടതില്ലെന്ന ജെഫ് ബെസോസിന്റെ തീരുമാനം പത്രത്തിന് സാമ്പത്തികമായി തിരിച്ചടിയായി. ഡൊണാള്‍ഡ് ട്രംപിനെ ഭയന്നാണ് ബെസോസ് ഈ തീരുമാനമെടുത്തതെന്ന് ആക്ഷേപമുണ്ട്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് രണ്ടര ലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കി. ഇത് പത്രത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.

പത്രത്തിന്റെ സ്വതന്ത്രമായ നിലപാടുകളില്‍ ഉടമയായ ജെഫ് ഇടപെടുന്നുവെന്ന് ആരോപിച്ച് പ്രമുഖരായ പല പത്രാധിപന്മാരും മാധ്യമപ്രവര്‍ത്തകരും രാജിവെയ്ക്കുകയും ചെയ്തു. ജെഫ് ബെസോസിന്റെ മറ്റ് ബിസിനസ് സ്ഥാപനങ്ങളായ ആമസോണ്‍, ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കാന്‍ ട്രംപിനെ പ്രീണിപ്പിക്കാനാണ് അദ്ദേഹം പത്രത്തെ ഉപയോഗിക്കുന്നതെന്ന വിമര്‍ശനവും ജീവനക്കാര്‍ക്കിടയില്‍ ശക്തമാണ്.
നിലവില്‍ സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ ഉള്‍പ്പെട്ടവരില്‍ ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരും ഉള്‍പ്പെടുന്നു. പത്രത്തിന്റെ സീനിയര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് കോളമിസ്റ്റാണ് ഇഷാന്‍ തരൂര്‍. ഇഷാന്‍ ഉള്‍പ്പെടെ മുന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജോലി നഷ്ടമായത്. 12 വര്‍ഷമായി ഇഷാന്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ ഭാഗമാണ്. ന്യൂസ് റൂമിലെ ഏകദേശം 800 ജീവനക്കാരില്‍ 300-ലധികം പേരെയാണ് ഒഴിവാക്കിയത്. പിരിച്ചുവിടലിനെ തുടര്‍ന്ന് 'ഹൃദയം തകര്‍ന്നു' എന്നാണ് ഇഷാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2017-ല്‍ അദ്ദേഹം തുടങ്ങിയ 'വേള്‍ഡ് വ്യൂ' എന്ന കോളം വായനക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോളം പതിവായി വായിച്ചിരുന്ന അഞ്ചു ലക്ഷത്തിലേറെ വരിക്കാര്‍ക്ക് ഇഷാന്‍ നന്ദിയും പറയുന്നുണ്ട്.
പത്രത്തിന്റെ അന്താരാഷ്ട്ര ഡെസ്‌ക്കിനെയാണ് പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മിഡില്‍ ഈസ്റ്റ് ലേഖകരെയും എഡിറ്റര്‍മാരെയും പൂര്‍ണമായും ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മെട്രോ, സ്‌പോര്‍ട്‌സ് ഡെസ്‌ക്കുകളെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. 2026-ലെ വിന്റര്‍ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സംഭവങ്ങളുടെ കവറേജും വെട്ടിക്കുറച്ചിട്ടുണ്ട്. വായനക്കാരുടെ എണ്ണത്തിലുണ്ടായ കുറവും പരസ്യ വരുമാനത്തിലെ ഇടിവുമാണ് ഇത്രയും വലിയൊരു കൂട്ട പിരിച്ചുവിടലിലേക്ക് മാനേജ്മെന്റിനെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്രത്തെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും പുതിയ സാങ്കേതിക മാറ്റങ്ങളുമായും വായനക്കാരുടെ പെരുമാറ്റവുമായും പൊരുത്തപ്പെടാനുമാണ് ഇപ്പോഴത്തെ കൂട്ടപ്പിരിച്ചുവിടല്‍ എന്നാണ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറെ വിശദീകരിച്ചത്. നിലവില്‍ സ്ഥാപനത്തിനുള്ളില്‍ ജോലിയില്‍ തുടരുന്ന ജീവനക്കാരും കടുത്ത അസംതൃപ്തിയിലാണ്.












Click it and Unblock the Notifications