'വ്യാപാര യുദ്ധമല്ല ഏത് യുദ്ധമായാലും നേരിടാൻ തയ്യാർ'; യുഎസിന് മറുപടിയുമായി ചൈന
ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ യുഎസിനെതിരെ നിലപാട് കടുപ്പിച്ച് ചൈന. വ്യപാരയുദ്ധത്തിന് തയ്യാറാണെന്നും ഒരു കയ്പേറിയ അന്ത്യത്തിന് തയ്യാറായിക്കോളൂവെന്നും ചൈന യുഎസിന് മുന്നറിയിപ്പ് നൽകി.
ചൈനക്ക് മേൽ 20 ശതമാനം തീരുവയാണ് യുഎസ് ഏർപ്പെടുത്തിയത്. ഇതിന് മറുപടിയായി 15 ശതമാനം ഇറക്കുമതി തീരുവ യുഎസിന് ചുമത്തുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു.
'അമേരിക്ക ഒരു താരിഫ് യുദ്ധമോ, വ്യാപാര യുദ്ധമോ, അല്ലെങ്കിൽ മറ്റെന്ത് തരത്തിലുള്ള യുദ്ധം തുടങ്ങിയാലും അതിനെതിരെ ചൈന അവാസന നിമിഷം വരെ പോരാടും', ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നീ യുഎസ് ഉത്പന്നങ്ങൾക്ക് ചൈന 15 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചത്. അതേസമയം സോയാബീൻ, പന്നിയിറച്ചി, ബീഫ്, സമുദ്രവിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവയാണ് ചുമത്തുക. മാർച്ച് 15 മുതൽ തീരുവ നിലവിൽ വരുമെന്നും ചൈന വ്യക്തമാക്കി.

കൂടാതെ, വ്യാപാരത്തിലും നിക്ഷേപത്തിലും ഏർപ്പെടുന്നതിൽ നിന്ന് പത്ത് യുഎസ് സ്ഥാപനങ്ങളേയും ചൈന വിലക്കിയിട്ടുണ്ട്. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തി. ടെലിഡൈൻ ബ്രൗൺ എഞ്ചിനീയറിംഗ്, ഹണ്ടിംഗ്ടൺ ഇംഗാൽസ് ഇൻഡസ്ട്രീസ്, ക്യൂബിക് കോർപ്പറേഷൻ, എസിടി 1 ഫെഡറൽ എന്നിവ ഉൾപ്പെടെയുള്ള കമ്പനികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ കമ്പനികൾക്ക് വിലക്കിന് പുറമെ അവരുടെ വർക്ക് പെർമിറ്റുകളും റെസിഡൻസി പ്രിവിലേജുകളും റദ്ദാക്കും. തായ്വാനിലേക്ക് ആയുധ വിൽപ്പന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾക്കെതിരായ നടപടി. കഴിഞ്ഞ മാസം, ചൈന പിവിഎച്ച് ഗ്രൂപ്പിനെയും ഇല്ലുമിനയെയും ഇതേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ നടപടിയോടെ 15 സ്ഥാപനങ്ങളേയാണ് ഇതുവരെ ചൈന വിലക്കിയത്.
അതേസമം തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടിയോടെ വലിയ വ്യാപര യുദ്ധത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ചൈനയെ കൂടാതെ കാനഡ , മെക്സിക്കോ എന്നീ രാജ്യങ്ങൾക്കും യുഎസ് ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഇന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപ് അറിയിച്ചത്. അതേസമയം ചൈനയെ പോലെ തന്നെ കാനഡയും രൂക്ഷമായ രീതിയിലാണ് യുഎസ് നടപടിക്കെതിരെ തുറന്നടിച്ചത്. യുഎസ് ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഈടാക്കുമെന്ന് കാനഡയും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications