ഞങ്ങള്‍ സ്വയം പ്രതിരോധിക്കും, യുദ്ധത്തില്‍ വിജയിക്കും; റഷ്യയ്ക്ക് മറുപടിയുമായി യുക്രൈന്‍ വിദേശകാര്യമന്ത്രാലയം
യുക്രെയ്‌നില്‍ യുദ്ധം പ്രഖ്യാപിച്ച് റഷ്യ രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് യുക്രൈയിന്‍ വിദേശകാര്യമന്ത്രാലയം. റഷ്യയുടെ നീക്കത്തെ പ്രതിരോധിക്കുമെന്നും ഞങ്ങള്‍ വിജയിക്കുമെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. വ്യാഴാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍, വ്ളാഡിമിര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിക്കുകയും റഷ്യന്‍, യുക്രേനിയന്‍ സേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അനിവാര്യമാണ് എന്നും പറഞ്ഞിരുന്നു. ആയുധം താഴെ വച്ച് മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് യുക്രൈന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. പുടിന്‍ ഇപ്പോള്‍ യുക്രെയ്‌നില്‍ ഒരു പൂര്‍ണ്ണമായ അധിനിവേശം ആരംഭിച്ചിരിക്കുകയാണ്. സമാധാനപരമായ ഉക്രേനിയന്‍ നഗരങ്ങള്‍ സമരത്തിലാണ്. ഇത് അക്രമണോത്സുകമായ യുദ്ധമാണ്. ഉക്രെയ്ന്‍ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. പുടിനെ തടയാന്‍ ലോകത്തിന് കഴിയും. ഇപ്പോള്‍ പ്രതികരിക്കാനുള്ള സമയമാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

അതേസമയം, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയില്‍ നിന്ന് കൈവ് ആക്രമണത്തിനിരയായതായി യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രസിഡന്റ് പുടിന്‍ യുദ്ധം പ്രഖ്യാപിച്ചതെന്ന് യു എന്‍ യോഗത്തില്‍ റഷ്യന്‍ അംബാസഡര്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് യുദ്ധം പ്രഖ്യാപിച്ചു... ഈ യുദ്ധം നിര്‍ത്തേണ്ടത് ഈ യുഎന്‍ യോഗത്തിന്റെ ഉത്തരവാദിത്തമാണ്. യുദ്ധം നിര്‍ത്താന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണെന്ന് യുക്രൈന്‍ അംബാസഡര്‍ പ്രതികരിച്ചു.

റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികള്‍ ബുധനാഴ്ച കിഴക്കന്‍ യുക്രെയ്‌നിലെ പ്രദേശത്ത് നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. ഈ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. അതേസമയം, റഷ്യ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഞങ്ങളുടെ ബങ്കറുകള്‍ തയ്യാറാണെന്ന് എംപി സോഫിയ ഫെഡിന പറഞ്ഞു. സൈനിക വിമാനത്താവളങ്ങള്‍ക്കും സ്റ്റോക്ക്‌പൈലുകള്‍ക്കും നേരെ റഷ്യ ആക്രമണം നടത്തിയെന്നും യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണ സൈറണുകള്‍ കേട്ടതായും അവര്‍ പറഞ്ഞു.

അതേസമയം, യുക്രൈനുമായുള്ള പോര് കനക്കുന്നതിനിടെ നിര്‍ണായക പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വളാദിമാര്‍ പുടിന്‍. യുക്രൈനിലെ നിര്‍ണായകമായ രണ്ട് വിമത മേഖലകളെ സ്വതന്ത്രമായി പ്രഖ്യാപിച്ചിരിക്കുകയാണ് പുടിന്‍. രണ്ടും റഷ്യന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. ഡൊണെറ്റ്സ്‌ക്, ലുഗാന്‍സ്‌ക് എന്നീ മേഖലകളെയാണ് സ്വതന്ത്രമായി പുടിന്‍ അംഗീകരിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications