'ഇന്ന് രാത്രിയും ശക്തമായി ആക്രമിക്കും'; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്..വീണ്ടും ആശങ്ക
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്നും ഏതു സമയത്തും അവർക്കെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് പ്രതികരണം. വേണ്ടി വന്നാൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും കുടിവെള്ള പ്ലാന്റുകളും അടക്കം തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം രാത്രി ഇറാനിൽ യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തിയിരുന്നു. ആവശ്യമെങ്കിൽ ഇന്നും ആക്രമണം തുടരുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ഹോർമൂസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് നടപടിയെന്ന് യുഎസ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ ഇനി സമയം കളയലാണെന്നും കരാറുകളൊന്നുമില്ലാതെ തന്നെ ഇറാന്റെ ആണവ പദ്ധതികൾ യുഎസ് ഇല്ലാതാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സൈനിക നടപടിക്ക് പുറമെ, ആഗോളതലത്തിൽ ഡോളർ ഉപയോഗിച്ച് എണ്ണ വിൽക്കാൻ ഇറാന് നൽകിയിരുന്ന താൽക്കാലിക ഇളവും ട്രംപ് ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്.

ഇറാന്റെ സൈനിക ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം കടുപ്പിക്കുന്നത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, റവല്യൂഷണറി ഗാർഡിന്റെ അറുപതിലധികം ചെറു യുദ്ധക്കപ്പലുകൾ എന്നിവ വ്യോമാക്രമണത്തിലൂടെ യുഎസ് തകർത്തു. കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഭീഷണി തടയാൻ ഈ ആക്രമണത്തിലൂടെ സാധിച്ചെന്നാണ് യുഎസ് വിലയിരുത്തൽ.
അതേസമയം യുഎസ്-ഇറാൻ സംഘർഷം വരും ദിവസങ്ങളിൽ കടുക്കുമെന്ന ആശങ്കയെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചു. ഏകദേശം അഞ്ച് ശതമാനത്തിലധികം വിലയാണ് ഉയർന്നത്.
ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിന് സമീപവും ബന്ദർ മഹ്ഷറിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡ് അംഗവും കൊല്ലപ്പെട്ടിരുന്നു.
തിരിച്ചടിച്ച് ഇറാൻ; കുവൈറ്റിലും ബഹ്‌റൈനിലും മിസൈൽ മുന്നറിയിപ്പ്
യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. ഇതേത്തുടർന്ന് ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. കുവൈറ്റിന് നേരെ വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ വീണ് കുവൈറ്റിൽ പലയിടത്തും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതിനിടെ ഒമാൻ തീരത്ത് ഖത്തറിന്റെ പ്രകൃതിവാതകം കയറ്റിക്കൊണ്ടുപോയ എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി. കപ്പലിന് തീപിടിച്ചതായാണ് വിവരം. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഈ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications