' എല്ലാ രാജ്യങ്ങൾക്കും നികുതി ഏർപ്പെടുത്തും, എന്താ വരുന്നതെന്ന് നോക്കാം'; ഭീഷണിയുമായി ട്രംപ്
ന്യൂയോർക്ക്: എല്ലാ രാജ്യങ്ങൾക്കും നികുതി ചുമത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പകരച്ചുങ്കം നിലവിൽ വരുന്ന ഏപ്രിൽ രണ്ട് വിമോചന ദിനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കാണ് ട്രംപ് ഭരണകുടം പകരചുങ്കം ഏർപ്പെടുത്തിയത്. പകരചുങ്കം അവസാന നിമിഷം ഒഴിവാക്കുമോയെന്ന ചർച്ചകൾക്കിടെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.
'എല്ലാ രാജ്യങ്ങൾക്ക് മേലും നികുതി ഏർ്പ്പെടുത്തും. എന്ത് സംഭവിക്കുമെന്ന് കാണാമല്ലോ', ട്രംപ് പറഞ്ഞു. ഇന്ത്യ, കാനഡ, മെക്സിക്കോ, ചൈന, തുടങ്ങി 15 ഓളം രാജ്യങ്ങൾക്ക് മേലാണ് യുഎസ് പകരചുങ്കം ഏർപ്പെടുത്തിയത്. കാനഡ, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ കഴിഞ്ഞ മാസം മുതൽ തന്നെ ചുങ്കം ഏർപ്പെടുത്തിയിരുന്നു.ഈ രാജ്യങ്ങൾ തിരിച്ചും യുഎസിന് മേൽ ചുങ്കം ഏർപ്പെടുത്തിയിട്ടുണ്ട്.

നമ്മുക്ക് മേൽ ഇറക്കുമതി ചുങ്കം ചുമത്തുന്ന രാജ്യങ്ങളോട് വളരെ സൗഹാർദപൂർവ്വവും ഉദാര മനോഭാവത്തോടെയുമാണ് പെരുമാറിയിട്ടുള്ളത്. അതായത് പതിറ്റാണ്ടുകളായി ആ രാജ്യങ്ങൾ അമേരിക്കയോട് കാണിച്ചതിനേക്കാൾ ദയ കാണിച്ചിട്ടുണ്ട്. ചരിത്രത്തിൽ ഇതുവരെ ഒരു രാജ്യവും കൊള്ളയടിച്ചിട്ടില്ലാത്തതുപോലെ അവർ നമ്മെ കൊള്ളയടിച്ചിട്ടുണ്ട്. എന്നിട്ടും നന്നായി ഞങ്ങൾ ഇടപെട്ടു. പക്ഷെ ഇത് രാജ്യത്തിന്റെ പണമാണ് എന്ന് ഓർമ വേണം', ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അതേസമയം വാഹന ഇറക്കുമതിയുടെ താരിഫുകളിലൂടെ മാത്രം പ്രതിവർഷം 100 ബില്യൺ ഡോളർ സമാഹരിക്കാൻ യുഎസിന് സാധിക്കുമെന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനായ പീറ്റർ നവാരോ പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാ രാജ്യങ്ങൾക്കും പകരചുങ്കം ഏർപ്പെടുത്തുന്നതിലൂടെ ഓരോ വർഷവും 600 ബില്യൺ ഡോളർ സമാഹരിക്കാൻ സാധിക്കുമെന്നും നൊവേര പറഞ്ഞു.
അതേസമയം പകരം ചുങ്കം ഒഴിവാക്കാനായി യുഎസുമായി ഇന്ത്യ ഇതിനോടകം തന്നെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പരസ്പര താരിഫുകൾ യുഎസിലേക്കുള്ള 66 ബില്യൺ ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 55 ശതമാനം ഉത്പന്നങ്ങളുടെ നികുതി കുറക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോർട്ട്. പുതിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറച്ചേക്കും. ചില ഉത്പന്നങ്ങൾക്കുള്ള തീരുവ പൂർണമായും ഇല്ലാതാക്കും. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിട്ടില്ല.












Click it and Unblock the Notifications