പശ്ചിമേഷ്യൻ സംഘർഷം; ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും, അന്തിമ കരാർ വെള്ളിയാഴ്ച
പശ്ചിമേഷ്യൻ സംഘർഷം അവാസനിപ്പിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഇറാനും യുഎസും. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവാരണ് ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജനീവയിൽ വെച്ചാണ് അന്തിമ കരാറിൽ ഒപ്പുവെയ്ക്കുക.
60 ദിവസത്തെ താൽക്കാലിക യുദ്ധവിരാമം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ, ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം പിൻവലിക്കൽ എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകൾ. കരാർ നടപ്പിലാക്കുന്നത് സംബന്ധിച്ച സാങ്കേതിക ചർച്ചകൾ ഈ ആഴ്ച അവസാനം ആരംഭിക്കുമെന്ന് യുഎസ് വ്യക്തമാക്കി. അതേസമയം, മേഖലയിലെ നിലവിലെ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തില്ലെന്നും അന്തിമ സമാധാന കരാറിലെത്തിയ ശേഷം മാത്രമേ സൈന്യത്തെ കുറയ്ക്കുന്ന കാര്യം പരിഗണിക്കൂ എന്നുമാണ് വാഷിംഗ്ടണിന്റെ നിലപാട്.

ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകുന്നതും ഉപരോധങ്ങളിൽ ഇളവ് നൽകുന്നതും കരാർ വ്യവസ്ഥകൾ ഇറാൻ എത്രത്തോളം പാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നതാണ് യു.എസ് വ്യക്തമാക്കുന്നത്.ഹിസ്ബുള്ളയുടെ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണ അവകാശം ഇസ്രായേലിനുണ്ടായിരിക്കുമെന്നും ലബനനിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം ഈ കരാറിന്റെ ഭാഗമല്ലെന്നും യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കുകയോ വാങ്ങുകയോ ഇല്ലെന്ന ഉറപ്പ് ധാരണാപത്രത്തിലുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. എങ്കിലും ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾ താൽക്കാലിക യുദ്ധവിരാമ കാലാവധിക്ക് ശേഷവും തുടരും.
അതേസമയം, ഭാവി ചർച്ചകൾക്കുള്ള ചട്ടക്കൂട് വ്യക്തമാക്കുന്ന 14 നിർദ്ദേശങ്ങളടങ്ങിയ കരട് രേഖ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'മെഹർ' പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതിന്റെ വിശ്വാസ്യത യുഎസോ ഇറാനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരവിപ്പിക്കപ്പെട്ട ഇറാന്റെ 24 ബില്യൺ ഡോളർ ആസ്തികൾ വിട്ടുനൽകുക, എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ താൽക്കാലികമായി നീക്കുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് 60 ദിവസത്തിനകം അന്തിമ കരാറിലെത്തുക എന്നിവയാണ് ഈ റിപ്പോർട്ടിലുള്ളത്. ഇറാന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും, ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും ഈ കരട് രേഖയിൽ നിർദ്ദേശിക്കുന്നുണ്ട്.
ഭാവിയിൽ നടക്കുന്ന ആണവ ചർച്ചകൾ പ്രധാനമായും ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരത്തിൽ മാത്രമായി കേന്ദ്രീകരിക്കുമെന്നാണ് മെഹർ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് മേൽ കൂടുതൽ വിപുലമായ നിയന്ത്രണങ്ങൾ വേണമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ മുൻപ് വ്യക്തമാക്കിയിരുന്നത്. കൂടാതെ, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെയും സുരക്ഷയുടെയും മേൽനോട്ട ചുമതല ഇറാനും ഒമാനും നിലനിർത്തുമെന്നും മെഹർ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ ജലപാതയിലൂടെ തടസ്സമില്ലാത്ത വാണിജ്യ ഗതാഗതം ഉറപ്പാക്കണമെന്ന് ഊന്നിപ്പറയുന്ന യുഎസിന്റെ സമീപകാല പ്രസ്താവനകളിൽ നിന്ന് വ്യത്യസ്തമാണിത്.












Click it and Unblock the Notifications