യാത്ര വെട്ടിച്ചുരുക്കി ട്രംപും നെതന്യാഹുവും.. ഇറാനില്‍ കോഡ് 100; അടുത്ത ലക്ഷ്യം യെമനോ?

മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഇറാന് പിന്നാലെ യെമനേയും ആക്രമിക്കാന്‍ യുഎസ് ഒരുങ്ങുകയാണ് എന്നാണ് സൂചന. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ, ക്യാമ്പ് ഡേവിഡിലെ വാരാന്ത്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത് ഇക്കാരണത്താലാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യമനിലെ ഹൂതി വിഭാഗത്തിനെതിരെ വലിയ തോതിലുള്ള സൈനിക നടപടിക്ക് യുഎസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാഷിംഗ്ടണിലേക്ക് മടങ്ങുന്നതിന് മുന്‍പ് ക്യാമ്പ് ഡേവിഡില്‍ നടന്ന ട്രംപിന്റെ കൂടിക്കാഴ്ചയില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകളും ഉള്‍പ്പെട്ടിരുന്നതായി വിവരങ്ങളുണ്ട്.

West Asia Crisis

എന്നാല്‍ ട്രംപിന്റെ യാത്രാപരിപാടിയിലുണ്ടായ ഈ പെട്ടെന്നുള്ള മാറ്റത്തിന് വൈറ്റ് ഹൗസ് ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്നതിനിടെയാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്. അതിനിടെ സുരക്ഷാ സാഹചര്യങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും തടസങ്ങള്‍ക്കുള്ള സാധ്യതയും കണക്കിലെടുത്ത്, മധ്യപൂര്‍വ്വേഷ്യയിലെ ആറ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്കായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു.

അതേസമയം, രാജ്യത്തെ സായുധ സേനയെ അതീവ ജാഗ്രതാ നിലയിലേക്ക് (ഹൈയസ്റ്റ് അലേര്‍ട്ട് ലെവല്‍) മാറ്റിയതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഒരു പ്രധാന വഴിത്തിരിവിലേക്ക് അടുക്കുകയാണെന്ന് ട്രംപ് പറഞ്ഞതിനും സൈനിക ഇടപെടല്‍ വര്‍ധിപ്പിക്കണോ എന്ന് പരസ്യമായി സംശയം പ്രകടിപ്പിച്ചതിനും തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍.

അനിശ്ചിതത്വം വര്‍ധിപ്പിച്ചുകൊണ്ട്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ യുഎസ് സന്ദര്‍ശനം വെട്ടിച്ചുരുക്കിയതായും, ടെക്‌സാസിലെ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം റദ്ദാക്കി ന്യൂയോര്‍ക്കില്‍ ഹ്രസ്വമായി തങ്ങിയ ശേഷം ഇസ്രായേലിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ, മധ്യപൂര്‍വ്വേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടയില്‍ സൈനിക നീക്കങ്ങള്‍ ശക്തമാക്കിക്കൊണ്ട്, ഇംഗ്ലണ്ടിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡില്‍ നിന്ന് യുഎസ് വ്യോമസേനയുടെ ബി-1ബി ലാന്‍സര്‍ സ്ട്രാറ്റജിക് ബോംബര്‍ വിമാനങ്ങള്‍ ഇന്ന് പറന്നുയര്‍ന്നു. വലിയ അളവില്‍ പരമ്പരാഗത ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ഹെവി ബോംബര്‍ വിമാനമാണ് ബി-1ബി.

ഇവയുടെ ലക്ഷ്യസ്ഥാനം അറിവായിട്ടില്ലെങ്കിലും, ഇവ യമനിലേക്കാണ് പോകുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേള്‍ക്കുകയും പിന്നാലെ കറുത്ത പുകയും തീയും ഉയരുകയും ചെയ്തിരുന്നു. ആരാംകോ ഇന്ധനടാങ്കിന് സമീപം ഹൂതികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്.

അതിനിടെ ഇസ്രായേലിലെ യുഎസ് എംബസി പൗരന്‍മാര്‍ക്കായി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടാനോ വ്യോമപാതകള്‍ അടയ്ക്കാനോ യാത്രാ തടസങ്ങള്‍ ഉണ്ടാകാനോ സാധ്യതയുള്ളതിനാല്‍, ഇസ്രായേലിലുള്ള യുഎസ് പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ നിര്‍ദ്ദേശിച്ചു.

ഹൂതി ആക്രമണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സൗദി അറേബ്യയിലെ യുഎസ് എംബസി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. റിയാദിനു നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിക്കാന്‍ ഹൂതികള്‍ ശ്രമിച്ചതായും എന്നാല്‍ അത് തടഞ്ഞതായും സൗദി അറേബ്യ സ്ഥിരീകരിച്ചു. ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സൗദിയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തിയതായി അവര്‍ അവകാശപ്പെട്ടിട്ടുണ്ട്.

റിയാദിലെ ഇറ്റാലിയന്‍ എംബസിയും പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് തടയുന്നതിനും തന്ത്രപ്രധാനമായ ബാബ് അല്‍-മന്‍ദബ് ജലപാത തുറന്നിടുന്നതിനുമായി യുഎസ് നേരത്തെ ഒമാനില്‍ വെച്ച് ഹൂതി പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഹൂതി ആക്രമണങ്ങള്‍ ശക്തമാകുന്നതിനൊപ്പം പുതിയ നയതന്ത്ര മുന്നറിയിപ്പുകളും വന്നതോടെ, ഗള്‍ഫ് മേഖലയിലും വിശാലമായ മധ്യപൂര്‍വ്വേഷ്യയിലും സുരക്ഷാ സാഹചര്യം കൂടുതല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma