ഗാസയില്‍ സഹായങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കിയില്ലെങ്കില്‍ നടപടി; കടുപ്പിച്ച് യുകെയും ഫ്രാന്‍സും കാനഡയും
ടെല്‍ അവീവ്: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ രൂക്ഷമായ നിലപാടുമായി പാശ്ചാത്യ രാജ്യങ്ങള്‍. യുകെ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇസ്രായേലിനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പു വച്ചിരിക്കുന്നത്. ഗാസയില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്യണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയിലെ ജനങ്ങള്‍ കടുത്ത പട്ടിണി അനുഭവിക്കുകയാണെന്ന ആശങ്കയും ഇവര്‍ പങ്കുവെച്ചു. മാനുഷിക സഹായവുമായെത്തിയ അഞ്ച് ട്രക്കുകള്‍ക്ക് മാത്രമാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഗാസയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് പൂര്‍ണമായും അപര്യാപ്തമാണെന്നും നേതാക്കള്‍ പറയുന്നു.
ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപരോധം അടക്കമുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇസ്രയേലിന് നല്‍കി. ഭീകരതയ്‌ക്കെതിരേയുള്ള ഇസ്രയേലിന്റെ പ്രതിരോധം അംഗീകരിക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള നീക്കങ്ങള്‍ വിനാശകരമാണ്.

യുദ്ധം വിപുലീകരിക്കാനുള്ള ഇസ്രയേലിന്റെ നീക്കം ഭയാനകം എന്നാണ് പ്രസ്താവനയില്‍ മൂന്നു നേതാക്കളും വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 'ഓപ്പറേഷന്‍ ഗിഡിയോണ്‍ ചാരിയറ്റ്‌സ്' എന്ന പേരില്‍ ഇസ്രയേല്‍ പുതിയ ആക്രമണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗാസ മുനമ്പില്‍ വ്യോമാക്രമണം കടുപ്പിക്കുകയും ചെയ്തു.
മനുഷ്യത്വ രഹിതമായ ആക്രമണങ്ങളില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടമാകുന്നത് ഉള്‍പ്പെടെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി പാലസ്തീന്‍ ആരോഗ്യ അധികാരികള്‍ അറിയിച്ചു. ഇതുകൂടാതെ യുകെ വിതരണം ചെയ്യുന്ന മരുന്നുകള്‍ സംഭരിച്ചുവച്ചിരുന്ന ഗോഡൗണും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇതോടെയാണ് ഇസ്രയേലിനെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തു വരാന്‍ നേതാക്കളെ പ്രേരിപ്പിച്ചത്.
അങ്ങേയറ്റം മനുഷ്യത്വരഹിതമായ ഈ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇസ്രായേലിനൊപ്പം തങ്ങള്‍ നിലകൊള്ളില്ലെന്ന മുന്നറിയിപ്പും ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന് മൂന്നു നേതാക്കളും നല്‍കി. വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സെറ്റില്‍മെന്റ് പ്രവര്‍ത്തനങ്ങളെയും പ്രസ്താവനയില്‍ അപലപിക്കുന്നു.
അതേസമയം ഇസ്രയേനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് മൂന്നു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. പാലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരം എന്ന നിര്‍ദ്ദേശമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാകാന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തയ്യാറാണെന്ന് പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കള്‍ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദം വര്‍ധിച്ചിട്ടും പാലസ്തീന്‍ രാഷ്ട്രം എന്ന വാദത്തെ അംഗീകരിക്കാന്‍ തയാറാകാത്ത ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ആക്രമണ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഭക്ഷ്യ വസ്തുക്കള്‍, അവശ്യ മരുന്നുകള്‍ എന്നിവ ഗാസയിലെത്തുന്നത് ഇസ്രായേല്‍ നിയന്ത്രിച്ചതോടെ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്.
അതിനിടെ, മാനുഷിക സഹായങ്ങള്‍ എത്തിയില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14000 കുഞ്ഞുങ്ങള്‍ ഗാസയില്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. പോഷകാഹാരക്കുറവുള്ളതിനാല്‍ അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് പാല്‍ പോലും നല്‍കാന്‍ കഴിയുന്നില്ല. കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയാണ് ഇസ്രായേല്‍ തടഞ്ഞുവച്ചിരിക്കുന്നതെന്ന് യുഎന്നിന്റെ ഗാസയിലെ സഹായങ്ങള്‍ ഏകോപിപ്പിക്കുന്ന ടോം ഫ്‌ളെച്ചര്‍ പറഞ്ഞു.












Click it and Unblock the Notifications