Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിലും ബഹ്‌റൈനിലും എന്താണ് സംഭവിക്കുന്നത്; അമേരിക്കയുടെ അപ്രതീക്ഷിത നീക്കം ഇറാഖിലും

ദുബായ്: പശ്ചിമേഷ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്ക അപ്രതീക്ഷിത നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നു. മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മേഖല അപകടകരമായ സ്ഥലമാകുമെന്നും ട്രംപ് പറയുന്നു. കൂടാതെ യുഎസ് എംബസികളിലെ ചില ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനും അമേരിക്ക ശ്രമം തുടങ്ങിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനും അമേരിക്കയും തമ്മില്‍ ആണവ കരാര്‍ ചര്‍ച്ച നടന്നുവരികയാണ്. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാല്‍ രമ്യതയില്‍ എത്തിയിട്ടില്ല. ഈ ആഴ്ച ഒമാനില്‍ അടുത്ത ചര്‍ച്ച നടക്കുമെന്നാണ് വിവരം. ചര്‍ച്ചകള്‍ അലസുന്നതോടെ ഇറാനെതിരെ അമേരിക്ക കടുത്ത നീക്കം നടത്തിയേക്കും. ഇസ്രായേലും അമേരിക്കക്ക് ഒപ്പം ചേരാനുള്ള സാധ്യതയുണ്ട്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് അമരിക്കയുടെ നീക്കമെന്നാണ് സൂചന.

us-army-gulf-

ഇറാഖ്, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കാനാണ് നീക്കം. എന്താണ് ഇതിന് കാരണം എന്ന് അമേരിക്ക വ്യക്തമാക്കുന്നില്ല. ഇറാനെതിരായ ആക്രമണം ഉണ്ടായാല്‍ അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിലുള്ള നഷ്ടം കുറയ്ക്കാനാണ് പുതിയ നീക്കമെന്നും പറയപ്പെടുന്നു.

അമേരിക്കയുടെ നടപടികള്‍ വിപണിയില്‍ ആശങ്ക ഇരട്ടിയാക്കി. ക്രൂഡ് ഓയില്‍ വില 4 ശതമാനം ഉയര്‍ന്നു. അമേരിക്കയുടെ നിരവധി ഉദ്യോഗസ്ഥരാണ് പശ്ചിമേഷ്യയിലുള്ളത്. കൂടാതെ ഇവരുടെ കുടുംബങ്ങളും സൈനികരുമുണ്ട്. കുടുംബങ്ങളെയും അത്യാവശ്യമില്ലാത്ത ഉദ്യോഗസ്ഥരെയുമാണ് ആദ്യം മാറ്റുന്നതത്രെ. ബുധനാഴ്ച വൈകീട്ട് അമേരിക്ക വിദേശത്തുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ഇസ്രായേല്‍ ആക്രമണം തുടങ്ങുമോ?

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. പശ്ചിമേഷ്യ അപകടകരമായ സ്ഥലമായി മാറാന്‍ പോകുന്നു എന്ന ട്രംപിന്റെ വാക്കുകളും ഇതോടൊപ്പം ചേര്‍ത്തു വായിക്കപ്പെടുന്നു. ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ആണവ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഓരോന്നിനും തിരിച്ചടി നേരിടുമെന്ന് ഇറാന്റെ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദി പറഞ്ഞതും ഭീതി ഇരട്ടിയാക്കി. അതിനിടെ, ഓഫീസ് പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുവൈത്തിലെ അമേരിക്കന്‍ എംബസി പ്രസ്താവന ഇറക്കി.

ഇറാഖ്, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനികരുണ്ട്. സൈനികരുടെ കുടുംബങ്ങളോട് മേഖലയില്‍ നിന്ന് തിരിച്ചുപോരാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് നിര്‍ദേശിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. ഇവിടെ പ്രവര്‍ത്തനം പതിവുപോലെ നടക്കുന്നു എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+