ഹമാസിന്റെ നീക്കം എന്ത്? 7000 സൈനികരെ തിരികെ വിളിച്ചു; ഗാസയെ അങ്ങനെ വിട്ടുകൊടുത്ത് പോകില്ല
സമാധാന കരാറിലൂടെ ഗാസ സമാധാന പാതയിലേക്ക് നീങ്ങുമെന്ന പ്രതീക്ഷകള്‍ക്ക് ഇടയില്‍ മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ല നീക്കവുമായി ഹമാസ്. ഇസ്രായേൽ സൈന്യം ഒഴിഞ്ഞുപോയ ഗാസയിലെ പ്രദേശങ്ങളിൽ നിയന്ത്രണം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഹമാസിന്റെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി 7000 അംഗങ്ങളുള്ള തങ്ങളുടെ സുരക്ഷ സേനയെ മേഖലയില്‍ വിന്യസിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഭരണ കാര്യങ്ങള്‍ക്കായി സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരേയും ഹമാസ് നിയമിച്ചിട്ടുണ്ട്. ഇതിൽ ചിലർ മുമ്പ് ഹമാസിന്റെ സായുധ വിഭാഗമായ ബ്രിഗേഡുകളുടെ കമാൻഡർമാരായിരുന്നു. ഫോണ്‍ കോളുകളും ടെക്സ്റ്റ് സന്ദേശങ്ങളും വഴി നല്‍കിയ ഉത്തരവിലൂടെ "ഗാസയെ നിയമലംഘകരിൽ നിന്നും ഇസ്രായേലുമായി സഹകരിക്കുന്നവരിൽ നിന്നും ശുദ്ധീകരിക്കുക" എന്ന ലക്ഷ്യത്തോടെയാണ്. 24 മണിക്കൂറിനുള്ളിൽ പോരാളികൾ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

ഗാസയില്‍ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഹമാസിന്റെ സായുധ യൂണിറ്റുകൾ ഇതിനകം നിരവധി ജില്ലകളിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ചിലർ സിവിലിയൻ വസ്ത്രങ്ങൾ ധരിച്ചും മറ്റുചിലർ ഗാസ പോലീസിന്റെ നീല യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സമാധാന കരാറിന് പിന്നാലെ ഗാസയില്‍ ശക്തമായ ആഭ്യന്തര വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഗാസ സിറ്റിയിലെ സബ്റ നയ്ബർഹുഡിൽ ശക്തമായ ദുഗ്മുഷ് ഗോത്രത്തിന്റെ ഗൺമാൻമാർ, ഹമാസിന്റെ എലൈറ്റ് ഫോഴ്സിലെ രണ്ട് അംഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയതോടെയാണ് സംഘർഷം രൂക്ഷമായി. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസിന്റെ സായുധ വിഭാഗത്തിലെ മുതിർന്ന കമാൻഡറായ ഇമാദ് അഖേലിന്റെ മകനാണ്. നിലവില്‍ ഹമാസിന്റെ സൈനിക ഇന്റലിജൻസ് വിഭാഗത്തിന്റെ തലവനാണ് ഇമാദ് അഖേൽ.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരുവിൽ ഉപേക്ഷിക്കപ്പെട്ടതോടെ ഹമാസിന്റെ അനുയായികൾക്കിടയിൽ പ്രതികാരം വർധിക്കുകയും വലിയ തോതിലുള്ള സായുധ പ്രതികരണത്തിനുള്ള സാധ്യത ശക്തമാകുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഹമാസ് അംഗങ്ങൾ പിന്നീട് 300-ലധികം ദുഗ്മുഷ് ഗോത്രാംഗങ്ങൾ മെഷീൻ ഗണ്ണുകളും സ്ഫോടകവസ്തുക്കളുമായി ഒളിച്ചിരിക്കുന്നതായി കരുതപ്പെടുന്ന ഒരു വലിയ പ്രദേശം വളഞ്ഞു. പിന്നാലെ ഇന്ന് രാവിലെ, ഹമാസ് ഒരു ദുഗ്മുഷ് ഗോത്രാംഗത്തെ വധിക്കുകയും 30 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ബി ബി സി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ടുകൾ ചെയ്യുന്നു.
ദുഗ്മുഷ് ഗോത്രത്തിന്റെ ആയുധങ്ങളിൽ ചിലത് യുദ്ധസമയത്ത് ഹമാസിന്റെ ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിക്കപ്പെട്ടതാണെങ്കില്‍ മറ്റുചിലത് വർഷങ്ങളായി അവരുടെ കൈവശം ഉണ്ടായിരുന്നതാണ്. യുദ്ധം അവസാനിക്കുമ്പോൾ ഗാസയുടെ ഭരണം ആരുടെ കൈകളിലാകുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം വർധിച്ചതോടെ ഹമാസിന്റെ ഈ നീക്കം നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനെ സങ്കീർണ്ണമാക്കിയേക്കാം. ഹമാസിനോട് ആയുധം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്നു എന്നതാണ് സമാധാന പദ്ധതിയിലെ പ്രധാന നിർദേശം.
"ഗാസയെ ഇസ്രായേൽ അധിനിവേശത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കള്ളന്മാരുടെയും സായുധ ഗ്രൂപ്പു കനിവിൽ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഞങ്ങളുടെ ആയുധങ്ങൾ നിയമാനുസൃതമാണ്... അധിനിവേശത്തെ ചെറുക്കാൻ, അധിനിവേശം തുടരുന്നിടത്തോളം അവ നിലനിൽക്കും." വിദേശത്തുള്ള ഒരു ഹമാസ് ഉദ്യോഗസ്ഥൻ സുരക്ഷാ വിന്യാസത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് നേരിട്ട് പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും ബിബിസിയോട് പറഞ്ഞു.
ഗാസ മറ്റൊരു ആഭ്യന്തര രക്തച്ചൊരിച്ചിലിലേക്ക് വഴുതിവീഴുകയാണെന്ന ആശങ്ക പ്രകടിപ്പിച്ച ഗാസയിൽ വർഷങ്ങളോളം പലസ്തീൻ അതോറിറ്റിയിൽ സേവനമനുഷ്ഠിച്ച ഒരു വിരമിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. "ഹമാസ് മാറിയിട്ടില്ല. ആയുധങ്ങളും അക്രമവും മാത്രമാണ് തങ്ങളുടെ പ്രസ്ഥാനത്തെ ജീവനോടെ നിലനിർത്താനുള്ള മാർഗമെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു," അദ്ദേഹം ബി ബി സിയോട് പറഞ്ഞു.
"ഗാസയിൽ ആയുധങ്ങൾ നിറഞ്ഞിരിക്കുന്നു. യുദ്ധസമയത്ത് ഹമാസിന്റെ ആയുധപ്പുരകളിൽ നിന്ന് ആയിരക്കണക്കിന് ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കപ്പെട്ടു, ചില ഗ്രൂപ്പുകൾക്ക് ഇസ്രായേലിൽ നിന്ന് വിതരണം ലഭിച്ചിട്ടുണ്ട്. ആഭ്യന്തരയുദ്ധത്തിനുള്ള മികച്ച ഒരു സാഹചര്യമാണ് ഇത് ആയുധങ്ങൾ, നിരാശ, കുഴപ്പം, തകർന്ന ജനതയുടെ മേൽ നിയന്ത്രണം നിലനിർത്താൻ ശ്രമിക്കുന്ന ഒരു പ്രസ്ഥാനം." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications