കോടതിക്ക് വിലങ്ങിട്ട് നെതന്യാഹു; എന്താണ് ഇസ്രയേലിലെ ജുഡീഷ്യല്‍ നിയമം, അറിയാം!!
ജറുസലേം: ഇസ്രയേല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണോ? ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് ജുഡീഷ്യറിക്ക് കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. രാജ്യത്താകെ പ്രക്ഷോഭം അലയടിക്കുകയാണ്. 64-0 എന്ന നിലയിലാണ് ബില്‍ പാര്‍ലമെന്റില്‍ പാസായത്. പ്രതിപക്ഷ ബഹളമൊന്നും വിലപ്പോയിട്ടില്ല. എന്നാല്‍ ജനം തെരുവുകളില്‍ നിറഞ്ഞിരിക്കുകയാണ്.
ലക്ഷക്കണക്കിന് ആളുകളാണ് തെരുവില്‍ ഇറങ്ങിയത്. തലസ്ഥാനമായ ജറുസലേമിന് പുറമേ ടെല്‍ അവീവും, ഹൈഫ, ബീര്‍ഷേബ പോലുള്ള നഗരങ്ങളും സ്തംഭിച്ചിരിക്കുകയാണ്. പാര്‍ലമെന്റിന്റെ തീരുമാനങ്ങള്‍ ജനവിരുദ്ധമോ, ജനാധിപത്യ വിരുദ്ധമോ ആണെങ്കില്‍ റദ്ദാക്കാന്‍ സുപ്രീം കോടതിക്കുള്ള അധികാരം എടുത്തുകളയുന്ന ബില്ലാണിത്.സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിക്കുകയും, അവരുടെ തീരുമാനങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്നത് ഇസ്രയേലില്‍ പതിവാണ്. ഇതിനുള്ള അധികാരം നേരത്തെ സുപ്രീം കോടതിക്കുണ്ടായിരുന്നു.അതാണ് നെതന്യാഹുവിന്റെ പുതിയ നിയമത്തിലൂടെ ഇല്ലാതായിരിക്കുന്നത്.

അതേസമയം മറ്റ് നിയമപരമായ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ വിധി പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക് സാധിക്കും. അതേസമയം ഈ നിയമം, വ്യാപകമായ അഴിമതി സര്‍ക്കാരില്‍ ഉണ്ടാവാന്‍ വഴിയൊരുക്കുമെന്നാണ് മുന്നറിയിപ്പ്. ആരെ വേണമെങ്കിലും നിയമിക്കാനോ, പുറത്താക്കാനോ സര്‍ക്കാരിനും, മന്ത്രിമാര്‍ക്കും സാധിക്കും. തെറ്റായ കാരണങ്ങളാണെങ്കിലും ഇതൊന്നും ചോദ്യം ചെയ്യപ്പെടില്ല.
പേസ്‌മേക്കര്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു നെതന്യാഹു. അദ്ദേഹം പാര്‍ലമെന്റില്‍ നേരിട്ടെത്തി വോട്ടെടുപ്പില്‍ പങ്കാളിയായി. ഈ നിയമം നെതന്യാഹുവിനും, കൂടെയുള്ളവര്‍ക്കും വലിയ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സുപ്രീം കോടതിയിലെ ജ്ഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനും, കോടതി വിധികള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷ വോട്ട് ഉപയോഗിച്ച് അസാധുവാക്കാനുമുള്ള നിയമനിര്‍മാണത്തിനാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും, തീവ്രവലതുപക്ഷ കൂട്ടുകക്ഷികളും ചേര്‍ന്ന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മാര്‍ച്ചില്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ബില്‍ അവതരിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് പരാജയപ്പെട്ടതോടെ ഇവ തിരിച്ച് കൊണ്ടുവരികയായിരുന്നു. ഫാസിസ്റ്റ് തീരുമാനം എന്നാണ് പ്രതിപക്ഷ പാര്‍ട്ടി നേതാവായ ഓഫെര്‍ കാസിഫ് ഇതിനോട് പ്രതികരിച്ചത്. സുപ്രീം കോടതി ജഡ്ജിമാര്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നും, നയപരിപാടികള്‍ നടപ്പാക്കുന്നതിന് ഇവര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് തീവ്രവലതുപക്ഷ സര്‍ക്കാര്‍ കരുതുന്നത്.
നെത്യാഹുവിനെതിരെ ഒട്ടേറെ അഴിമതിക്കേസുകളും നിലവില്‍ കോടതിയിലുണ്ട്. ഇത് മറികടക്കാനാണ് പുതിയ നിയമം എന്ന ആരോപണവുമുണ്ട്. നെതന്യാഹുവിന്റെ പാര്‍ട്ടിയിലുള്ള നിരവധി പേര്‍ അഴിമതി ആരോപണം നേരിടുന്നുണ്ട്. പ്രതിരോധ മന്ത്രി അടക്കം ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. സുപ്രീം കോടതിയുടെ അധികാരം കുറയ്ക്കുന്ന നിരവധി ബില്ലുകള്‍ അണിയറയിലുണ്ട്. ഇവ പാസാക്കുന്നതോടെ പൂര്‍ണമായും രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിപക്ഷ ആരോപണം.












Click it and Unblock the Notifications