ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ച് വാട്‌സ്ആപ്പ്, മുന്നറിയിപ്പ് നല്‍കി കേന്ദ്ര മന്ത്രി
ദില്ലി: ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ച സംഭവത്തില്‍ വാട്‌സ്ആപ്പിന് ശക്തമായ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. എത്രയും പെട്ടെന്ന് ഈ പിഴവുകള്‍ പരിഹരിക്കാനാണ് നിര്‍ദേശം. ട്വിറ്ററിലാണ് വാട്‌സ്ആപ്പ് തെറ്റായ ഭൂപടം ഷെയര്‍ ചെയ്തത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ ഭൂപടം തന്നെ ഉപയോഗിക്കണമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേരത്തെ സൂം സിഇഒ എറിക് യുവാനും ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ചിരുന്നു. പുതുവത്സര ദിനവുമായി ബന്ധപ്പെട്ടുള്ള 24 മണിക്കൂര്‍ ലൈവ് സ്ട്രീം പരസ്യപ്പെടുത്തുന്ന ഒരു വീഡിയോയിലാണ് വാട്‌സ്പ്പ് ഇന്ത്യയുടെ തെറ്റായ മാപ്പ് ഉള്‍പ്പെടുത്തിയത്.

പ്രിയപ്പെട്ട വാട്‌സ്ആപ്പ്, ഇന്ത്യന്‍ മാപ്പില്‍ പറ്റിയ പിശക് ദയവായി പരിഹരിക്കണമെന്ന് അപേക്ഷിക്കുകയാണ്. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്ന, അല്ലെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും രാജ്യത്തിന്റെ ശരിയായ മാപ്പ് ഉപയോഗിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേരത്തെ സൂം തലവന്‍ ട്വിറ്ററില്‍ പങ്കുവെച്ച് ജമ്മു കശ്മീര്‍ ഇല്ലാത്ത മാപ്പ് ആയിരുന്നു. മന്ത്രിയുടെ വിമര്‍ശനം വന്നതോടെ ഇവര്‍ അത് പിന്‍വലിച്ചിരുന്നു. അതേസമയം മന്ത്രിയുടെ ട്വീറ്റിന് മറുപടിയുമായി വാട്‌സ്ആപ്പും രംഗത്തെത്തി.
യാദൃശ്ചികമായി സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദിയെന്ന് വാട്‌സ്ആപ്പ് കുറിച്ചു. തെറ്റായ മാപ്പ് മാറ്റിയെന്നും, ക്ഷമ ചോദിക്കുന്നുവെന്നും വാട്‌സ്ആപ്പ് പറഞ്ഞു. ഭാവിയില്‍ തെറ്റുവരാതെ ശ്രദ്ധിക്കുമെന്നും അവര്‍ അറിയിച്ചു.
വാട്‌സ്ആപ്പ് പങ്കുവെച്ച ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മു കശ്മീര്‍ ഇല്ലായിരുന്നു. 2021 ജൂണില്‍ ട്വിറ്ററും ഇതുപോലെ വലിയ വിവാദത്തിലായിരുന്നു.അവര്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവെച്ചിരുന്നു. വിമര്‍ശനങ്ങളെ തുടര്‍ന്ന് കശ്മീര്‍ ഇല്ലാത്ത ഭൂപടം ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications