വീറ്റോ അധികാരത്തില്‍ പുനഃപ്പരിശോധന; ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ച
ന്യൂയോര്‍ക്ക്: ഏറെ വിവാദങ്ങള്‍ക്കിടയായ രക്ഷാസമിതിയിലെ വീറ്റോ അധികാരം എടുത്തുകളയുന്നത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് യു.എന്നില്‍ തുടക്കമിട്ടു. 50ലധികം രാജ്യങ്ങള്‍ അമേരിക്കയുടെ പിന്തുണയോടെ കൊണ്ടുവന്ന പ്രമേയമാണ് ചര്‍ച്ച ചെയ്യുന്നത്. യുക്രൈന്‍ വിഷയത്തില്‍ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ചതാണ് അമേരിക്ക പ്രമേയത്തെ പിന്തുണയ്ക്കാന്‍ കാരണം. ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നതിനാല്‍ പ്രമേയം പാസാകാതെ പോകുകയാണ് പതിവ്. റഷ്യയ്‌ക്കെതിരെ കടുത്ത നടപടിക്ക് ഐക്യരാഷ്ട്രസഭയ്ക്ക് സാധിക്കുന്നില്ല.
വീറ്റോ നിലനിര്‍ത്തുന്നതിനായി അതിന്റെ അധികാരമുള്ള അഞ്ച് വന്‍ശക്തിരാഷ്ട്രങ്ങള്‍ തയാറാക്കിയ കരടുപ്രമേയം സംബന്ധിച്ച് യുഎന്‍ പൊതുസഭ ചര്‍ച്ചതുടങ്ങി. സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവര്‍ക്കാണ് വീറ്റോ അധികാരം. വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാലും വിവേചനപരമായതിനാലും വീറ്റോ എടുത്തുകളയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇസ്രായേലിനെതിരായ പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്യുന്നതിനാല്‍ രക്ഷാസമിതിയില്‍ പാസാകാറില്ല. യുക്രൈന്‍ വിഷയത്തിലും റഷ്യയും സമാനമായ നിലപാട് സ്വീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് വീറ്റോ അധികാരം സംബന്ധിച്ച് പുനഃപ്പരിശോധന നടത്തുന്നത്.

വീറ്റോ അധികാരമുള്ള അഞ്ചു സ്ഥിരാംഗങ്ങളും പൊതുസഭയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് വോട്ടിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളും ചേര്‍ന്നതാണ് രക്ഷാ സമിതി. നിലവില്‍ ഇന്ത്യ രക്ഷാസമിതി അംഗമാണ്. ഏഷ്യയിലെ പ്രധാന രാജ്യമായ ഇന്ത്യയ്ക്ക് വീറ്റോ അധികാരമുള്ള സ്ഥിരാരംഗത്വം നല്‍കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. അമേരിക്കയാണ് തടസം നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ രക്ഷാസമിതിയുടെ അധികാര പരിധി പുനഃപ്പരിശോധിക്കണമെന്ന ആവശ്യത്തിനും ഏറെകാലത്തെ പഴക്കമുണ്ട്.
യുഎന്‍ നിലവില്‍വന്നതിന് ശേഷം റഷ്യ ആണ് കൂടുതല്‍ വീറ്റോ അധികാരം ഉപയോഗിച്ചത്- 143 തവണ. അമേരിക്ക 86ഉം ബ്രിട്ടണ്‍ 30ഉം ചൈനയും ഫ്രാന്‍സും 18 വീതം തവണയും പ്രത്യേകാധികാരം ഉപയോഗിച്ചു. സ്ഥിരാംഗങ്ങളെല്ലാം അനുകൂലിച്ച് വോട്ട് ചെയ്താല്‍ മാത്രമേ രക്ഷാ സമിതിയില്‍ ഒരു പ്രമേയം പാസ്സാകുകയുള്ളൂ. എന്നാല്‍ ആ പ്രമേയത്തെ അഞ്ചു വന്‍ശക്തികളിലാരെങ്കിലും വീറ്റോ ചെയ്താല്‍ അത് പരാജയപ്പെടും. വംശഹത്യകള്‍, കൂട്ടക്കൊലകള്‍, യുദ്ധക്കുറ്റങ്ങള്‍ തുടങ്ങിയവക്കെതിരേ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് 2015ല്‍ 100 ലേറെ രാജ്യങ്ങള്‍ ചേര്‍ന്ന് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതുനടപ്പായില്ല. ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും പുതിയ പ്രമേയത്തെ അനുകൂലിക്കുന്നുണ്ട്.












Click it and Unblock the Notifications