വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര്‍
മഞ്ഞ നിറത്തിലുള്ള സ്വര്‍ണം ആണ് മിക്കവര്‍ക്കും പരിചയം. എന്നാല്‍ വെളുത്ത നിറത്തിലുള്ള സ്വര്‍ണമുണ്ട്. ലിഥിയം എന്ന ലോഹത്തെ അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇങ്ങനെ വിളിക്കുന്നത്. വളരെ മൂല്യമുള്ള ഈ ലോഹം ഇന്ന് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇലക്ട്രോണിക് വാഹനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലിഥിയത്തിനും പ്രധാന്യം ഏറിവരികയാണ്.
ഇലക്ട്രോണിക് ഉപകരണങ്ങളിലെ ബാറ്ററികള്‍ നിര്‍മിക്കാനാണ് ഈ ലോഹം പ്രധാനമായും ഉപയോഗിക്കുന്നത്. ലാപ്‌ടോപുകള്‍, ബാറ്ററികള്‍, ടോര്‍ച്ചുകള്‍ എന്നിവയ്‌ക്കെല്ലാം ലിഥിയം വേണം. പ്രകൃതിയിലെ ഏറ്റവും ഭാരം കുറഞ്ഞ ലോഹം എന്ന പ്രത്യേകതയും ലിഥിയത്തിനുണ്ട്. വെള്ളി നിറത്തിലായതും വെളുത്ത സ്വര്‍ണം എന്ന് വിളിക്കാന്‍ കാരണമാണ്. എവിടെയാണ് ലിഥിയം കൂടുതലുള്ളത് എന്ന് അറിയാമോ?

ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ ആണ് കൂടുതല്‍ ലിഥിയം ഉള്ളത്. 9.3 മില്യണ്‍ ടണ്‍ ലിഥിയം ഇവിടെയുണ്ടെന്നാണ് ഗ്ലോബല്‍ പോപ്പുലേഷന്‍ റിവ്യു തയ്യാറാക്കിയ ലിഥിയം റിസര്‍വ്‌സ് ബൈ കണ്‍ട്രി 2026 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാംസ്ഥാനത്ത് ഓസ്‌ട്രേലിയ ആണ്. 7 മില്യണ്‍ ടണ്‍ ലിഥിയം ഓസ്‌ട്രേലിയയിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയില്‍ 4 മില്യണ്‍ ടണ്‍ ലിഥിയമാണുള്ളത്.
ചൈനയാണ് നാലാം സ്ഥാനത്ത്. 3 ടണ്‍ ലിഥിയം ശേഖരമുള്ള ചൈനയുടെ സാമ്പത്തിക പുരോഗതി അതിവേഗമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. അയല്‍രാജ്യമായ അഫ്ഗാനിസ്താനിലും ലിഥിയം ഏറെയുണ്ട്. ഇവയുടെ ഖനനത്തിന് ചുക്കാന്‍ പിടിക്കുന്നതും ചൈനയാണ്. ഇക്കാര്യത്തില്‍ അമേരിക്കയും ചൈനയും കൊമ്പുകോര്‍ക്കുന്നുമുണ്ട്. ചൈനയ്ക്ക് തൊട്ടുപിന്നില്‍ അഞ്ചാം സ്ഥാനത്താണ് അമേരിക്ക. 1.8 മില്യണ്‍ ടണ്‍ ലിഥിയം അമേരിക്കയിലുണ്ടെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ ലിഥിയം ഉള്ളത് എവിടെ
ആറാം സ്ഥാനത്ത് കാനഡയാണ്. 1.2 മില്യണ്‍ ടണ്‍ ലിഥിയമാണ് കാനഡയിലുള്ളത്. സിംബാബ്‌വെയാണ് ഏഴാം സ്ഥാനത്ത്. 4.80 ലക്ഷം ടണ്‍ ലിഥിയം ഇവിടെയുണ്ട്. എട്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 3.90 ലക്ഷം ടണ്‍ ലിഥിയമാണുള്ളത്. യൂറോപ്പിലെ പോര്‍ച്ചുഗലാണ് ഒമ്പതാം സ്ഥാനത്തുള്ളത്. 60000 ടണ്‍ ലിഥിയം പോര്‍ച്ചുഗലിലുണ്ട്. ആഫ്രിക്കയിലെ നമീബിയ ആണ് പത്താം സ്ഥാനത്ത്. ഇവിടെ 14000 ടണ്‍ ലിഥിയമാണുള്ളത്.
ലിഥിയത്തെ തിരിച്ചറിയാന്‍ എല്‍ഐ എന്ന് ഇംഗ്ലീഷില്‍ എഴുതുകയാണ് ചെയ്യുക. 3 ആണ് ആറ്റോമിക് നമ്പര്‍. വേഗത്തില്‍ മുറിച്ചെടുക്കാന്‍ സാധിക്കുന്ന ലോഹമാണ് എന്നതും ലിഥിയത്തിന്റെ പ്രത്യേകതയാണ്. ചില അസുഖങ്ങള്‍ക്ക് ഔഷധമായി ലിഥിയം കാര്‍ബണേറ്റ് ഉപയോഗിക്കുന്നുണ്ട്. ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ലോഹം കൂടിയാണ് ലിഥിയം.
ഇലക്ട്രോണിക് വാഹനങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ലിഥിയത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഇന്ത്യയില്‍ കര്‍ണാടകയിലും ജമ്മു കശ്മീരിലും ലിഥിയ ശേഖരമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായിക അടിസ്ഥാനത്തില്‍ ഖനനം ചെയ്യാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷയില്‍ ഇത് വലിയ പങ്ക് വഹിക്കും. പെട്രോള്‍-ഡീസല്‍ എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയും.












Click it and Unblock the Notifications