വൈറ്റ് ഹൗസ് വെടിവയ്പ്പ്; ഇനി യുഎസിലെത്താന്‍ പാടുപെടും; ഇന്ത്യക്കാരെ ബാധിക്കുമോ?
വാഷിങ്ടണ്‍ ഡിസി: വൈറ്റ് ഹൗസിന് സമീപം അഭയാര്‍ത്ഥിയായ അഫ്ഗാന്‍ പൗരന്‍, നാഷണല്‍ ഗാര്‍ഡ് അംഗത്തെ വെടിവച്ചു കൊന്ന സംഭവത്തെതുടര്‍ന്ന് കുടിയേറ്റക്കാരെ കര്‍ശനമായി നിരീക്ഷിക്കാന്‍ അമേരിക്കന്‍ ഭരണകൂടം. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
വെടിവയ്പ്പ് നടത്തിയത് അഫ്ഗാന്‍ പൗരനായതിനാല്‍ അഫ്ഗാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വിസ സേവനങ്ങളും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം. അമേരിക്കക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനപ്പുറം രാജ്യത്തിന് മറ്റ് മുന്‍ഗണനകളില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു നാഷണല്‍ ഗാര്‍ഡ് അംഗം കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു ശേഷമാണ് അഭയാര്‍ത്ഥികള്‍ക്കെതിരേ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയത്. ആക്രമണത്തെ ട്രംപ് ഭീകരാക്രമണം എന്നാണ് വിശേഷിപ്പിച്ചത്.
മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് യുഎസിന്റെ പുതിയ നടപടികള്‍. നിലവിലുള്ള നടപടികള്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെടിവയ്പ്പിന് പിന്നാലെ, അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എല്ലാ വിദേശികളെയും പരമാവധി സ്‌ക്രീനിങ്ങിന് വിധേയമാക്കും. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍ഗണനയെന്ന് യുഎസ്‌സിഐഎസ് ഡയറക്ടര്‍ ജോസഫ് ബി. എഡ്ലോ എക്സില്‍ കുറിച്ചു.
കുടിയേറ്റത്തിനായുള്ള അഫ്ഗാന്‍ പൗരന്മാരുടെ എല്ലാ അപേക്ഷകളും താല്‍ക്കാലികമായി മരവിപ്പിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വൈറ്റ് ഹൗസിനു സമീപം നവംബര്‍ 26-നാണ് വെടിവയ്പ്പ് നടന്നത്. പട്രോളിങ് ചുമതലയുണ്ടായിരുന്ന 20-കാരിയായ നാഷണല്‍ ഗാര്‍ഡ് അംഗം സാറാ ബെക്സ്ട്രോമാണ് കൊല്ലപ്പെട്ടത്. സഹ ഗാര്‍ഡ്സ്മാന്‍ ആന്‍ഡ്രൂ വോള്‍ഫിനും പരിക്കേറ്റു. ഇതിന് പിന്നാലെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കു ചേരാത്ത വിദേശികളെ നീക്കം ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റക്കാരെ കൃത്യമായി പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ട്രംപ് വിമര്‍ശിച്ചു.
അക്രമി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള റഹ്‌മാനുള്ള ലകന്‍വാള്‍ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവയ്പ്പില്‍ ഇയാള്‍ക്ക് പരിക്കേറ്റു. ബൈഡന്‍ ഭരണകൂടത്തിന്റെ ഓപ്പറേഷന്‍ അലൈസ് വെല്‍ക്കം എന്ന പദ്ധതി പ്രകാരം 2021 സെപ്റ്റംബറിലാണ് ഇയാള്‍ യുഎസില്‍ പ്രവേശിച്ചതെന്നും പിന്നീട് ട്രംപ് ഭരണകൂടം അഭയം നല്‍കുകയായിരുന്നുവെന്നും റഹ്‌മാനുള്ള ലകന്‍വാളിന്റെ രേഖകള്‍ പരിശോധിച്ച ശേഷം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ട്രംപ് അധികാരത്തില്‍ വന്ന ഉടന്‍ തന്നെ കുടിയേറ്റം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ സീകരിച്ചിരുന്നു. ഇപ്പോള്‍ നടന്ന വെടിവയ്പ്പ് കുടിയേറ്റം കൂടുതല്‍ നിയന്ത്രിക്കാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിക്കും. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം എന്നെന്നേക്കുമായി നിര്‍ത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അയഞ്ഞ സമീപനമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തി. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വിദേശ പൗരന്മാരെ നാടുകടത്താനും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കുടിയേറ്റക്കാരുടെ പൗരത്വം നീക്കം ചെയ്യാനും പദ്ധതിയിടുന്നതായും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.












Click it and Unblock the Notifications