ആരാണ് ലിന്‍ഡ യാക്കറിനോ; ട്വിറ്ററില്‍ ഇലോണ്‍ മസ്‌കിന് പകരക്കാരിയാവും? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ കമ്പനിയുടെ തലപ്പത്ത് അടക്കം എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ ടെസ്ലയിലെ ബിസിനസുകള്‍ക്ക് അടക്കം ഇത് വലിയ തിരിച്ചടിയായിരുന്നു. ഇതോടെ ട്വിറ്ററില്‍ ചില മാറ്റങ്ങള്‍ക്ക് മസ്‌ക് നിര്‍ബന്ധിതനാവുകയായിരുന്നു.
പുതിയ സിഇഒയെ അദ്ദേഹം നിയമിച്ചിരിക്കുകയാണ്. എന്നാല്‍ അതാരാണെന്ന് മാത്രം മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഒരു വനിതയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ യുവതി ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ലിന്‍ഡ യാക്കറിനോയാണ് പുതിയ സിഇഒയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം സൂചനയാണിതെന്നാണ് റിപ്പോര്‍ട്ട്.

ആരാണ് ലിന്‍ഡ യാക്കറിനോ? മസ്‌കിന്റെ പ്രഖ്യാപനത്തോടെ ഈ പേരാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ലിന്‍ഡ, എന്‍ബിസി യൂണിവേഴ്‌സലിന്റെ പരസ്യ മേധാവിയാണ്. ഇവര്‍ ട്വിറ്ററുമായി നേരത്തെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മസ്‌ക് കഴിഞ്ഞ ദിവസമാണ് പുതിയ ചീഫ് എക്‌സിക്യൂട്ടീവിനെ കണ്ടെത്തിയ കാര്യം പറഞ്ഞത്.
എന്നാല്‍ ആരാണെന്ന് മാത്രം അപ്പോഴും മസ്‌ക് വെളിപ്പെടുത്തിയിരുന്നില്ല. ഒരു ദശാബ്ദത്തോളമായി എന്‍ബിസി യൂണിവേഴ്‌സലിനൊപ്പമാണ് ലിന്‍ഡ യാക്കറിനോ. പരസ്യത്തിന്റെ മികവ് എത്രത്തോളം വര്‍ധിപ്പിക്കാമെന്നതിന്റെ കാര്യത്തിലാണ് അവര്‍ ശ്രദ്ധിച്ചിരുന്നു. ഇന്‍ഡസ്ട്രി അഡ്വക്കേറ്റായിട്ടാണ് അവര്‍ അറിയപ്പെടുന്നത്.
എന്‍ബിസിയെ വളര്‍ത്തുന്നതിലും അവരുടെ പങ്ക് വലുതായിരുന്നു.എന്‍ബിസിയുടെ സ്ട്രീമിംഗ് സര്‍വീസായ പീക്കോക്ക് ലോഞ്ച് ചെയ്യുന്നതില്‍ ലിന്‍ഡയുടെ സേവനം വളരെ വലുതായിരുന്നു. ഈ സര്‍വീസ് പരസ്യങ്ങള്‍ വരുന്നതുമായിരുന്നു. ലിന്‍ഡ യാക്കറിനോ 19 വര്‍ഷമായി ടര്‍നര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ഒപ്പം നില്‍ക്കുന്നു.
കമ്പനിയുടെ പരസ്യ മേഖലയെ ഡിജിറ്റല്‍ മേഖലയിലേക്ക് കൊണ്ടുവരുന്നതില്‍ അവര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അലൂമ്‌നയാണ് അവര്‍. ലിബറല്‍ ആര്‍ട്‌സും, ടെലി കമ്മ്യൂണിക്കേഷന്‍സുമാണ് അവര്‍ പഠിച്ചത്. കഴിഞ്ഞ മാസം മയാമിയില്‍ നടന്ന അഡ്വര്‍ട്ടൈസിംഗ് കോണ്‍ഫറന്‍സില്‍ വെച്ച് യാക്കറിനോ മസ്‌കിനെ അഭിമുഖം ചെയ്തിരുന്നു. കോണ്‍ഫറന്‍സില്‍ വെച്ച് ലിന്‍ഡ കാണികളോട് മസ്‌കിന് വേണ്ടി കൈയ്യടിക്കാനും, അദ്ദേഹത്തെ അഭിനന്ദിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം എന്‍ബിസിക്ക് ലിന്‍ഡ യാക്കറിനോയുടെ രാജിയോടെ വന്‍ തിരിച്ചടിയാണ് വീണ്ടും ലഭിക്കുന്നത്. നേരത്തെ കോം കാസ്റ്റ്, എന്‍ബിസിയുടെ സിഇഒ ജെഫ് ഷെല്‍ കമ്പനി വിട്ടതായി അറിയിച്ചിരുന്നു. കമ്പനിയിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഷെല്ലിനെതിരെ അന്വേഷണം നടന്നിരുന്നു. അതേസമയം ലിന്‍ഡ മസ്‌കിനെ പിന്തുണയ്ക്കുന്നവരില്‍ ഒരാളാണ്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വളരെ അടുത്ത ബന്ധം അവര്‍ക്കുണ്ട്. പ്രസിഡന്റ്‌സ് കൗണ്‍സിലേക്ക് നേരത്തെ ലിന്‍ഡയെ നിയമിച്ചിരുന്നു ട്രംപ്.












Click it and Unblock the Notifications