ആരാണ് റംസാന്‍ കാദിറോവ്? റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചെചെന്‍ സേനയുടെ പങ്ക് എന്ത്
മോസ്‌കോ: റഷ്യ- യുക്രൈന്‍ യുദ്ധം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. നിരവധി പലായനങ്ങളും ആള്‍ നഷ്ടവും വരുത്തിയ യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ സമാധാന ചര്‍ച്ചകളൊക്കെ പരാജയപ്പെട്ടിരുന്നു. ലോകശക്തികളിലൊന്നായ റഷ്യ അനായാസം യുക്രൈന്‍ കീഴടക്കുമെന്ന് കരുതിയിരുന്നെങ്കിലും അസാമാന്യ ചെറുത്തുനില്‍പ്പാണ് യുക്രൈന്‍ നടത്തിയത്. എന്നിരുന്നാലും യുക്രൈനിലെ തന്ത്രപ്രധാനമായ മേഖലകളിലേക്ക് പടര്‍ന്നു കയറാന്‍ റഷ്യന്‍ സൈന്യത്തിനായിരുന്നു. റഷ്യ, യുക്രൈനിലെ അധിവേശം തുടങ്ങിയ നാള്‍ മുതല്‍ റഷ്യയുടെ ചെചെന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് റംസാന്‍ കാദിറോവ് തന്റെ സൈന്യത്തെ യുദ്ധക്കളത്തിലേക്ക് വിന്യസിച്ചതായി പ്രഖ്യാപിച്ചിരുന്നു.
യുദ്ധം തുടങ്ങിയ നാള്‍ മുതല്‍ കേള്‍ക്കുന്ന പേരുകളിലൊന്നാണ് ചെചെന്‍ സേനയും റംസാന്‍ കാദിറോവും. ആരാണ് റംസാന്‍ കാദിറോവ്. റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ എന്താണ് കാദിറോവിന്റെ പങ്ക്. ഏകാധിത്യ സ്വഭാവമുള്ള ഒരു സൈനിക നേതാവെന്നോ കമാന്‍ഡറെന്നോ കാദിറോവിനെ വിളിക്കാം. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിശ്വസ്തനാണ് കാദിറോവ്. മാര്‍ച്ച് 14 ന്, യുക്രൈന്‍ തലസ്ഥാനമായ കൈവിനടുത്ത് ചെചെന്‍ സേനയ്ക്കൊപ്പമാണ് താനെന്ന് പറഞ്ഞ് നിറയെ സൈനികര്‍ ഉള്ള ഒരു മുറിയില്‍ തന്റെ വീഡിയോല കാദിറോവ് അപ്ലോഡ് ചെയ്തു. എന്നാല്‍ ഇത് ശരിയാണോ എന്ന് സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല.

കദിറോവ് യുക്രെയ്‌നിലുണ്ടെന്നതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ല എന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. റഷ്യന്‍ സൈന്യം പങ്കെടുത്ത യുദ്ധങ്ങളില്‍ ചെചെന്‍ സേനയെ വിന്യസിക്കുന്നത് ഇതാദ്യമായിരുന്നില്ല. 2008-ലെ ജോര്‍ജിയയിലെ യുദ്ധത്തിലും, 2014-15-ലെ സിറിയന്‍ യുദ്ധത്തിലും അവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ യുക്രൈനിലേക്ക് അയച്ച ചെചെന്‍ സൈന്യം യുദ്ധക്കളത്തില്‍ കാര്യമായ പങ്കുവഹിച്ചിട്ടില്ലെന്ന് പൊതുവെ പറയപ്പെടുന്നത്. അവര്‍ അവിടെ ഒരു പി ആര്‍ വര്‍ക്ക് മാത്രമാണ് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തന്റെ പിതാവ് മുന്‍ ചെചെന്‍ പ്രസിഡണ്ട് അഖ്മദ് കദിറോവ് കൊല്ലപ്പെട്ട് മൂന്ന് വര്‍ഷത്തിന് ശേഷം 2007 ലാണ് കദിറോവ് അധികാരത്തിലെത്തിയത്. ഇരുവരും ഒന്നാം ചെചെന്‍ യുദ്ധത്തില്‍ (1994-96) സ്വാതന്ത്ര്യ അനുകൂല സേനയുടെ പക്ഷത്ത് പോരാടി. എന്നാല്‍ രണ്ടാം ചെചെന്‍ യുദ്ധത്തില്‍ (1999-2000) ചേരി മാറുകയും റഷ്യന്‍ സൈന്യത്തെ അവരെ പരാജയപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തു. ഇതോടെ ചെച്‌നിയയ്ക്ക് അതിന്റെ ഹ്രസ്വകാല സ്വാതന്ത്ര്യം നഷ്ടപ്പെടുകയും റഷ്യന്‍ ഫെഡറേഷന്റെ പ്രദേശങ്ങളിലൊന്നായി മാറുകയും ചെയ്തു.

അധികാരത്തില്‍ വന്നതിന് ശേഷം, കദിറോവ് രാഷ്ട്രീയ എതിര്‍പ്പുകളെ ഇല്ലാതാക്കുകയും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തടയുകയും ചെയ്യുകയാണ് ഉണ്ടായത്. പീഡനത്തിനും നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ക്കും ഉത്തരവിട്ടതിന് ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. റഷ്യന്‍ പത്രപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൊലപാതകങ്ങളുടെ ഒരു നിര ചെച്നിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാദിറോവിന്റെ സ്ഥിരം വിമര്‍ശകരായിരുന്ന അന്ന പൊളിറ്റ്കോവ്സ്‌കയയും നതാലിയ എസ്റ്റെമിറോവയും യഥാക്രമം 2006, 2009 വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

വിദേശത്ത് അഭയം തേടിയ നിരവധി ചെചെന്‍ വിമര്‍ശകരും ആക്രമിക്കപ്പെടുകയും ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു, മുന്‍ ചെചെന്‍ സൈനിക കമാന്‍ഡറായിരുന്ന സുലിം യമദയേവ്, കദിറോവിന്റെ മുന്‍ അംഗരക്ഷകന്‍ ഉമര്‍ ഇസ്രൈലോവ് എന്നിവര്‍ അവരില്‍ ചിലരാണ്. 2017ല്‍ ചെചെന്‍ പ്രസിഡന്റിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പ്രമുഖ പ്രതിപക്ഷ നേതാവും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനുമായ ബോറിസ് നെംത്സോവിന്റെ 2015-ലെ കൊലപാതകവുമായി ട്രഷറി വകുപ്പ് കാദിറോവിനെ ബന്ധപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ ഒന്നും മോസ്‌കോയില്‍ നിന്ന് ആരും ചോദ്യം ചെയ്തില്ല.

പുടിന്‍ കാദിറോവുമായി നടത്തിയ രാഷ്ട്രീയ ഒത്തുതീര്‍പ്പുകളാണ് ഇതിന് കാരണം എന്നാണ് റഷ്യന്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനുമായ കോണ്‍സ്റ്റാന്റിന്‍ വോണ്‍ എഗര്‍ട്ട് പറയുന്നത്. 'രണ്ട് ചെചെന്‍ യുദ്ധങ്ങളില്‍ റഷ്യ പരാജയപ്പെട്ടു. റഷ്യ ചെച്നിയയ്ക്ക് ധനസഹായം നല്‍കുമെന്നും സമാധാനത്തിന് പകരമായി സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചെച്നിയ വിടാന്‍ പോകുകയാണെന്നും അനൗദ്യോഗിക ധാരണയുണ്ടായിരുന്നുവെന്നും എഗര്‍ട്ട് പറഞ്ഞു. ചെച്നിയയുടെ പ്രസിഡന്റായി 15 വര്‍ഷത്തെ തന്റെ കാലയളവിലുടനീളം, വിഘടനവാദികളെ അടിച്ചമര്‍ത്തുകയും 'തീവ്രവാദ വിരുദ്ധ' പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തുകൊണ്ട് കദിറോവ് സമാധാനത്തിന്റെ കാലവാളായി സ്വയം അവതരിപ്പിച്ചു.

തന്റെ വാചാടോപത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പുടിനോടുള്ള ഭക്തി അദ്ദേഹം പതിവായി പ്രകടിപ്പിക്കാറുണ്ട്. 'കദിറോവ് പ്രസിഡന്റായതിനുശേഷം അദ്ദേഹം വഹിച്ച പങ്ക് പുടിനോട് വിശ്വസ്തത കാണിക്കുകയും പുടിന്റെ ശത്രുക്കള്‍ക്ക് നിരന്തരമായ ഭീഷണിയായ ഒരു ബോഗിമാന്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്,' എഗര്‍ട്ട് പറഞ്ഞു. പകരമായി, ചെചെന്‍ റിപ്പബ്ലിക് റഷ്യന്‍ ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് കാര്യമായ സബ്സിഡികള്‍ സ്വീകരിച്ചു. ചെചെന്‍ സംസ്ഥാന, സ്വകാര്യ കമ്പനി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നുള്ള നിര്‍ബന്ധിത പ്രതിമാസ സംഭാവനകള്‍ക്കൊപ്പം ഫെഡറല്‍ ഫണ്ടുകളും അഖ്മദ് കദിറോവ് ഫണ്ടിലേക്ക് പതിവായി പോയിട്ടുണ്ട്.

യു എസ് ട്രഷറി അനുവദിച്ച ഈ ഫണ്ട് കദിറോവിന്റെ സാമ്പത്തിക ഉപകരണമായി കണക്കാക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ പാശ്ചാത്യ അഭിനേതാക്കള്‍ക്ക് പണം നല്‍കുന്നത് ഉള്‍പ്പെടെ വിവിധ വ്യക്തിഗത പദ്ധതികള്‍ക്കായി ഇത് ഉപയോഗിച്ചു. ക്രെംലിനോട് കാദിറോവിനുള്ള താല്‍പര്യം കണക്കിലെടുത്താണ് യുക്രെയ്‌നിലേക്ക് ചെചെന്‍ സൈന്യത്തെ വിന്യസിച്ചത്. ഫെബ്രുവരി 26 ലെ തന്റെ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു: 'പ്രസിഡന്റ് ശരിയായ തീരുമാനമെടുത്തു, ഏത് സാഹചര്യത്തിലും ഞങ്ങള്‍ അദ്ദേഹത്തിന്റെ ഉത്തരവുകള്‍ നടപ്പിലാക്കും എന്നാണ്.

യുക്രെയ്‌നിലേക്ക് പോകാന്‍ തയ്യാറായ ചെചെന്‍ സന്നദ്ധപ്രവര്‍ത്തകര്‍ പതിനായിരക്കണക്കിന് ഉണ്ടെന്ന് കാദിറോവ് അവകാശപ്പെട്ടിരുന്നു. റഷ്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ആര്‍ടിയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പറയുന്നത് ഏകദേശം 12,000 ചെചെന്‍ സൈനികര്‍ യുക്രെയ്‌നിലേക്ക് വിന്യസിക്കാന്‍ തയ്യാരാണ് എന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എത്ര പേര്‍ യുക്രെനിലുണ്ടെന്നതില്‍ സ്ഥിരീകരണമില്ല. പുടിന്റെ യുദ്ധ കാമ്പെയ്നില്‍ നിര്‍ണായക പങ്ക് വഹിക്കുമ്പോള്‍ യുക്രെയ്നിലെ കാദിറോവ്സിക്ക് പരമ്പരാഗത ലക്ഷ്യങ്ങള്‍ (അതായത്, യുക്രേനിയന്‍ നേതൃത്വത്തെ നിര്‍വീര്യമാക്കല്‍, കലാപം തടയല്‍) നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ ചെചെന്‍ സൈന്യം പങ്കെടുക്കുന്നുണ്ടെന്ന് കാദിറോവ് പറഞ്ഞിട്ടുണ്ടെങ്കിലും റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളും ചില നിരീക്ഷകരും ഈ അവകാശവാദത്തെ തള്ളിയിട്ടുണ്ട്.

ചെചെന്‍ സൈന്യം യുദ്ധത്തില്‍ പങ്കെടുത്തതിന് തെളിവുകളൊന്നും കണ്ടിട്ടില്ലെന്ന് റഷ്യന്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ മാപ്പ് ചെയ്യുന്നതിന് ഓപ്പണ്‍ സോഴ്സ് ഡാറ്റ ഉപയോഗിക്കുന്ന ഗവേഷണ കൂട്ടായ്മയായ കോണ്‍ഫ്‌ലിക്റ്റ് ഇന്റലിജന്‍സ് ടീമിന്റെ സ്ഥാപകന്‍ റസ്ലാന്‍ ലെവീവ് അല്‍ ജസീറയോട് പറഞ്ഞു. എന്നാല്‍ യുക്രേനിയന്‍ പക്ഷത്ത് ചേര്‍ന്ന മറ്റ് ചെചെന്‍ സേനകള്‍ യുക്രെയ്‌നിലാണ്. 2014-15 കാലഘട്ടത്തില്‍ കിഴക്കന്‍ യുക്രെയ്‌നില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ദ്‌സോഖര്‍ ദുഡയേവ്, ഷെയ്ഖ് മന്‍സൂര്‍ വോളണ്ടിയര്‍ ബറ്റാലിയനുകളുടെ ഭാഗമാണ് അവര്‍. അവര്‍ കാദിറോവിനെ പരസ്യമായി എതിര്‍ക്കുന്ന ചെചെന്‍മാരാണ്.












Click it and Unblock the Notifications