രാജാവിന്റെ മകന്‍, ഒരു വർഷത്തിനിടെ മൂന്നാം തവണയും കുവൈത്ത് പ്രധാനമന്ത്രി: ആരാണ് ശൈഖ് അഹമ്മദ് നവാഫ്

കുവൈത്ത് സിറ്റി: ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് അമീറിന്റെ മകനായ ഷെയ്ഖ് അഹ്മദ് നവാഫിനെ പ്രധാനമന്ത്രിയായി നിയമിതനാവുന്നത്. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് മകനെ പ്രധാനമന്ത്രിയാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. തിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാനും പ്രധാനമന്ത്രിയോട് അമീർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാർലമെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജനുവരിയിലായിരുന്നു രാജിവെക്കുന്നത്.
അമീർ നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ മൂത്തമകനായി 1956 ലാണ് മിലിട്ടറി ഉദ്യോഗസ്ഥനുമായ അഹ്മദ് നവാഫ് അൽ-അഹ്മദ് അൽ-സബാഹ് ജനിക്കുന്നത്. ലെഫ്റ്റനന്റ്-ജനറൽ പദവിയിൽ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്ത അദ്ദേഹം 2014-ൽ വിരമിക്കുകയും അതേ വർഷം തന്നെ ഹവല്ലി മേഖലയുടെ ഗവർണറായി നിയമിതനാവുകയും ചെയ്തു, ഒന്നിലധികം തവണ രാജ്യത്തിന്റെ അമീറിനെ പ്രതിനിധീകരിച്ച് വിവിധ പരിപാടികളില്‍ പങ്കെടുത്തു.

ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് കിരീടാവകാശി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ 2020 നവംബർ 19-ന് മന്ത്രി റാങ്കോടെ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫ് ആയി അഹ്മദ് നവാഫ് അൽ-അഹ്മദ് അൽ-സബാഹ് നിയമിതനായി. കായിക മേഖലയിലും സജീവമായിരുന്നു പ്രധാനമന്ത്രി. നേരത്തെ അൽ-അറബി ക്ലബ്ബിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഫുട്ബോൾ മാനേജരായിരുന്നു. അന്താരാഷ്ട്ര പോലീസ് ഫെഡറേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
2022 മാർച്ച് 9-നാണ് മകനെ ആദ്യ ഉപപ്രധാനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും നിയമിച്ചുകൊണ്ട് രാജാവ് ഉത്തരിവിറക്കുന്നത്. പിന്നീട് 2022 ജൂലൈ 24-നാണ് പ്രത്യേക ഉത്തരവിലൂടെ , കുവൈത്തിന്റെ ചരിത്രത്തിലെ നാൽപതാം ഗവൺമെന്റിന്റെ രൂപീകരണവും അഹ്മദ് നവാഫ് അൽ-അഹ്മദ് അൽ-സബാഹിനെ പ്രധാനമന്ത്രി നിയമനവും നടത്തുന്നത്. 2022 ഓഗസ്റ്റ് 1-ന് സർക്കാർ രൂപീകരണ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ പാർലമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെക്കുകയായിരുന്നു.












Click it and Unblock the Notifications