കാനഡയില്‍ ആര് അധികാരത്തില്‍ വരും; കാർണിക്ക് മുന്‍തൂക്കം; തിരഞ്ഞെടുപ്പ് ദിനത്തിലും വിടാതെ ട്രംപ്
ഒട്ടാവോ: കാനഡയില്‍ നിർണ്ണായക തരഞ്ഞെടുപ്പ് ആരംഭിച്ചു. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. നിലവിലെ പ്രധാനമന്ത്രി മാർക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയറി പോളിവെറുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാനികള്‍. നിരവധി വെല്ലുവിളികളുണ്ടെങ്കിലും അഭിപ്രായസർവേകളിൽ കാർണിയാണ് മുന്നിൽ നില്‍ക്കുന്നത്.
നാല് അറ്റ്ലാന്റിക് പ്രവിശ്യകളിലെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം പ്രാദേശിക സമയം വൈകുന്നേരം 7:30 ന് ശേഷം ( ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 5:00 ന്) ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്ന് തുടങ്ങും. സീറ്റുകൾ സമൃദ്ധമായ ഒന്റാറിയോ, ക്യൂബെക്ക് എന്നിവയുൾപ്പെടെ മിക്ക പ്രവിശ്യകളിലും വോട്ടെടുപ്പ് അവസാനിക്കുന്നതോടെ വ്യക്തമായ ചിത്രം പുറത്ത് വരും.

ഇത്തവണ കാനഡക്കാർ അവരുടെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനോടൊപ്പം തന്നെ, കാനഡക്കാരനല്ലാത്ത ഒരാളെക്കുറിച്ചുള്ള ഒരു റഫറണ്ടമായും ഈ തിരഞ്ഞെടുപ്പ് മാറും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പരമാധികാരത്തെയും ഭീഷണിപ്പെടുത്താൻ തുടങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി കാനഡയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ക്ക് മുമ്പ് ലിബറല്‍ പാർട്ടി ഇത്തവണ അതിദയനീയമായി പരാജയപ്പെടുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ നടപടി കാനഡയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും അദ്ദേഹത്തോട് അനുഭാവം പുലർത്തിയിരുന്ന കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. കാനഡയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ട്രംപ് തന്റെ വിവാദ പരാമർശങ്ങള്‍ തുടർന്നുവെന്നാണ് ശ്രദ്ധേയം. കാനഡയ്ക്ക് ഞങ്ങളുടെ കാറുകളോ എനർജിയോ മരമോ ആവശ്യമില്ല. അവർ 51-ാം സംസ്ഥാനമാകുകയോ, ഫെന്റനൈലിനും അനധികൃത കുടിയേറ്റത്തിനും എതിരെ ശക്തമായ നടപടികൾ എടുക്കുകയോ ചെയ്താൽ താരിഫുകള്‍ പൂർണ്ണമായി ഒഴിവാക്കാം എന്നാണ് ട്രംപ് ആവർത്തിക്കുന്നത്.
ഞങ്ങൾ ഒരിക്കലും ട്രംപിന് കീഴടങ്ങില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കാർണിയുടെ പ്രചരണം. കാനഡയ്ക്കുള്ളിൽ സ്വതന്ത്ര വ്യാപാരം 2025 ജൂലൈ 1-നകം നടപ്പിലാക്കി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തവണ 7.3 ദശലക്ഷത്തിലധികം ആളുകൾ മുൻകൂർ വോട്ട് രേഖപ്പെടുത്തി. വോട്ടർമാർ, ട്രംപിന്റെ ഭീഷണികൾക്കെതിരെ ദേശീയ ഐക്യം പ്രകടിപ്പിക്കുകയും പോയ്‌ലിവ്രെയുടെ കൺസർവേറ്റീവുകളുടെ പോപ്പുലിസ്റ്റ് അജണ്ടയെ തള്ളിയെന്നും ലിബറലുകള്‍ അവകാശപ്പെടുന്നു.












Click it and Unblock the Notifications