അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍: ഇറാന് മുന്നറിയിപ്പ്, ഗാസയില്‍ മാത്രമല്ല ശ്രദ്ധയെന്ന് നെതന്യാഹു
ടെല്‍ അവീവ്: മേഖലയില്‍ ഇറാന്‍ ഉയർത്തുന്ന വെല്ലുവിളികള്‍ക്ക് മറുപടിയുമായി ഇസ്രായേല്‍. മുതിർന്ന ഇറാനിയൻ കമാൻഡർമാരെ സിറിയയില്‍ വെച്ച് ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേൽ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
ഇസ്രായേൽ ഗാസയിൽ യുദ്ധം തുടരുകയാണെന്നും എന്നാൽ മറ്റ് മേഖലകളിലെ ഏത് സാഹചര്യങ്ങൾക്കുമായി തയ്യാറെടുക്കുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേൽ സൈനികരും യുദ്ധവിമാനങ്ങളും മധ്യ ഗാസയിൽ ഓപ്പറേഷൻ ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന്റെ പ്രകടനം. സായുധരായ ഫലസ്തീൻ ഗ്രൂപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

"ആര് നമ്മെ ഉപദ്രവിച്ചാലും ഞങ്ങളും അവരെ ഉപദ്രവിക്കും. ഇസ്രായേൽ രാജ്യത്തിൻ്റെ എല്ലാ സുരക്ഷാ ആവശ്യങ്ങളും പ്രതിരോധപരമായും ആക്രമണാത്മകമായും നിറവേറ്റാൻ ഞങ്ങൾ തയ്യാറാണ്, "തെക്കൻ ഇസ്രായേലിലെ ടെൽ നോഫ് വ്യോമസേനാ താവളത്തിലെ സന്ദർശനത്തെത്തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.
"ഞങ്ങൾ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ബന്ദികളെ തിരിച്ചെത്തിക്കാനുള്ള ഞങ്ങളുടെ അശ്രാന്ത പരിശ്രമം തുടരുന്നു. അതോടൊപ്പം തന്നെ മറ്റ് മേഖലകളിലെ വെല്ലുവിളികൾ ഉൾപ്പെടുന്ന സാഹചര്യങ്ങൾക്കും ഞങ്ങൾ തയ്യാറാണ്, "അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയിലെ ഇറാനിയന്‍ എംബസിക്ക് നേര ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉള്‍പ്പെടേയുള്ളവരായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തില്‍ അതിശക്തമായ വിമർശനങ്ങള്‍ നടത്തിയ ഇറാന്‍ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുന്നുവന്ന റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വരികയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അമേരിക്ക കഴിഞ്ഞയാഴ്ച അതീവ ജാഗ്രതയും പുറപ്പെടുവിച്ചിരുന്നു.
അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ ഇസ്രായേല്‍ അല്ലെങ്കിൽ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ "സുപ്രധാന" ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സി എന്‍ എന്‍ റിപ്പോർട്ട് ചെയ്തത്. സിറിയയിലെ ഇറാനിയൻ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടി നല്‍കുമെന്ന സൂചന ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലും ലെബനനുമായുള്ള അതിർത്തിയിലും ഇസ്രായേലിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേൽ ലക്ഷ്യമിടുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു ഈ ആക്രമണം. ഇറാൻ്റെ റെവല്യൂഷണറി ഗാർഡിൻ്റെ റിപ്പോർട്ട് അനുസരിച്ച് 2016 വരെ ലെബനനിലും സിറിയയിലും എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിനെ നയിച്ച ജനറൽ മുഹമ്മദ് റെസ സഹേദിയാണ് സിറിയയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സഹേദിയുടെ ഡെപ്യൂട്ടി ജനറൽ മുഹമ്മദ് ഹാദി ഹജ്രിയാഹിമിയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications