ഓപ്പണ്‍ എഐ സാം ആള്‍ട്ട്മാനിനെ പുറത്താക്കിയത് എന്തിന്? കാരണം ഇതാണ്, ടെക് ലോകം പ്രതികരിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: ടെക് ലോകം ആകെ ഞെട്ടിയിരിക്കുകയാണ്. ചാറ്റ്ജിപിടി നിര്‍മാതാവ് ഓപ്പണ്‍ എഐ അവരുടെ സിഇഒ സാം അള്‍ട്ട്മാനെ പുറത്താക്കിയിരിക്കുകയാണ്. മീര മുരാതിയാണ് ഇനി അവരെ നയിക്കുക. 2022 മെയില്‍ ചീഫ് ടെക്‌നോളജി ഓഫീസറായും അവരെ ഓപ്പണ്‍ എഐ നിയമിച്ചിരുന്നു. വെള്ളിയാഴ്ച്ചയായിരുന്നു സാം ആള്‍ട്ട്മാനെ കമ്പനി പുറത്താക്കിയത്.
ഒരു വര്‍ഷം മുമ്പാണ് ഇവര്‍ ചാറ്റ് ജിപിടി ലോഞ്ച് ചെയ്തത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ മുന്നോട്ട പോകുമെന്ന ആത്മവിശ്വാസം ഇല്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ ആള്‍ട്ട്മാന്റെ വലിയ പങ്കുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ പുറത്താക്കുമെന്ന് ആരും കരുതിയിരുന്നില്ല.

ഓപ്പണ്‍ എഐയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയമത്രയും താന്‍ നന്നായി ഇഷ്ടപ്പെട്ടിരുന്നുവെന്ന് ആള്‍ട്ട്മാന്‍ ട്വീറ്റ് ചെയ്തു. അത്രയ്ക്കും കഴിവുള്ള ആളുകളുടെ ഒപ്പമാണ് പ്രവര്‍ത്തിച്ചത്. അടുത്ത നീക്കം എന്താണെന്ന് പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെയാണ് ഓപ്പണ്‍ എഐ പ്രവര്‍ത്തിക്കുന്നത്.
ചീഫ് സയന്റിസ്റ്റായ ഇല്യ സട്ട്‌സ്‌കീവര്‍ അടങ്ങുന്ന ബോര്‍ഡാണ് ആള്‍ട്ട്മാനെ പുറത്താക്കാന്‍ തീരുമാനി്ചത്. സട്ട്‌സ്‌കീവറിന് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്വാറ സിഇഒ ആദം ഡിആഞ്ചലോ, ടെക്‌നോളജി സംരംഭകന്‍ താഷ മക്കോലി, ജോര്‍ജ്ടൗണ്‍ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജിയുടെ ഹെലന്‍ ടോണര്‍ എന്നിവര്‍ അടങ്ങുന്നതാണ് ബോര്‍ഡ്.സാം ആള്‍ട്ട്മാന്റെ പ്രവര്‍ത്തനം ബോര്‍ഡ് വിലയിരുത്തിയിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ സംഭാഷണങ്ങളില്‍ സത്യസന്ധയില്ലെന്നും, തുറന്ന മനസ്സോടെയല്ല സംസാരമെന്നും ബോര്‍ഡ് വിലയിരുത്തി. ഓപ്പണ്‍ എഐയെ നയിക്കാനുള്ള മികവ് ആള്‍ട്ട്മാന് ഉണ്ട് എന്ന കാര്യത്തില്‍ ബോര്‍ഡിന് ആത്മവിശ്വാസമില്ലെന്നും അവര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങളുള്ളത്.
ബോര്‍ഡിനെ ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ആള്‍ട്ട്മാന്‍ തടസപ്പെടുത്തുന്നതായും ഇവര്‍ പറയുന്നു. സാമിന്റെ സംഭാവനകള്‍ക്കും, ഓപ്പണ്‍ എഐയുടെ വളര്‍ച്ചയ്ക്കും, സ്ഥാപിതമാക്കാനും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്കും നന്ദിയുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം രണ്ട് കാര്യങ്ങളാണ് കമ്പനിയുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്. ഒന്നുകില്‍ ആള്‍ട്ട്മാന്‍ ബോര്‍ഡിന് ഇഷ്ടപ്പെടാത്ത എന്തോ കാര്യം ചെയ്തുവെന്നതാണ്. രണ്ടാമത്തേത് ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസമാണ്. സഹ സ്ഥാപകനായ ഗ്രെഗ് ബ്രോക്മാനും ആല്‍ട്ട്മാനെ പിന്തുണച്ചിരിക്കുകയാണ്.
സുരക്ഷയും, ലാഭവും ആണ് സാം ആള്‍ട്ട്മാനെ പുറത്താക്കാനുള്ള കാരണമെന്നാണ് സൂചന. സിലിക്കണ്‍ വാലിയിലെ മാധ്യമപ്രവര്‍ത്തകയായ കാരാ സ്വിഷര്‍ ഇക്കാര്യം സൂചിപ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ആള്‍ട്ട്മാന്‍ ഇതിന്റെ ബിസിനസ് മോഡലിലാണ് വിശ്വസിച്ചിരുന്നത്. ലാഭം ഉണ്ടാക്കാനാവുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഇത് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായിട്ടാണ് ഓപ്പണ്‍ എഐ ആരംഭിച്ചത്. അതേസമയം ഇത് കമ്പനിയെ ബാധിക്കുമെന്ന് ഉറപ്പാണ്. ഗൂഗിളും, മസ്‌കിന്റെ എക്‌സുമെല്ലാം സ്വന്തം നിലയില്‍ എഐ സിസ്റ്റം ഉണ്ടാക്കുന്നുണ്ട്. കൂടുതല്‍ രാജിയും വരാനിരിക്കുന്നുണ്ടെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications