പാകിസ്താന്‍ പരക്കംപായുന്നു; സൗദി അറേബ്യ, കുവൈത്ത്, യുഎഇ സഹായം തേടി, പങ്കില്ലെന്ന് ഷഹബാസ്
ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഏതുതരത്തിലുള്ള നീക്കം നടത്തുമെന്ന ആശങ്കയിലാണ് പാകിസ്താന്‍. സമവായം കണ്ടെത്തുന്നതിന് പല രാജ്യങ്ങളെയും പാകിസ്താന്‍ സമീപിച്ചിട്ടുണ്ട്. അമേരിക്കയുടെ സഹായം അഭ്യര്‍ഥിച്ച പിന്നാലെ ജിസിസി രാജ്യങ്ങളെയും കണ്ടു. ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള ജിസിസി രാജ്യങ്ങള്‍ ഇടപെട്ടാല്‍ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍.
സൗദി അംബാസഡര്‍ നവാഫ് ബിന്‍ സഈദ് അല്‍ മാലികി, യുഎഇ അംബാസഡര്‍ ഹമദ് ഉബൈദ് അല്‍ സഅബി, കുവൈത്ത് അംബാസഡര്‍ നാസിര്‍ അബ്ദുറഹ്മാന്‍ ജാസിര്‍ എന്നിവരുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പ്രത്യേകം കൂടിക്കാഴ്ച നടത്തി. പാകിസ്താന്‍ സമാധാനത്തിനാണ് ശ്രമിക്കുന്നതെന്ന് മൂന്ന് രാജ്യങ്ങളോടും ഷഹ്ബാസ് ഷരീഫ് പറഞ്ഞു.

കൂടുതല്‍ രാജ്യങ്ങളെ കൂടെ നിര്‍ത്താനാണ് പാകിസ്താന്റെ ശ്രമം. അന്താരാഷ്ട്ര വേദികളില്‍ വിഷയം ചര്‍ച്ചയായാല്‍ പിന്‍ബലം കിട്ടുകയാണ് ലക്ഷ്യം. ജിസിസി രാജ്യങ്ങളെയും റഷ്യയെയും ചൈനയെയും കൂടെ നിര്‍ത്താന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. തുര്‍ക്കി പാകിസ്താന് അടുത്തിടെ യുദ്ധോപകരണങ്ങള്‍ വിതരണം ചെയ്തതും വാര്‍ത്തയായിരുന്നു.
പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ല എന്നാണ് സൗദി, യുഎഇ, കുവൈത്ത് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ഷഹ്ബാസ് ഷരീഫ് പറഞ്ഞത്. തെളിവില്ലാതെയാണ് ഇന്ത്യ ആരോപണം ഉന്നയിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സുതാര്യമായ അന്വേഷണം വേണം. എല്ലാതരത്തിലുള്ള ഭീകരവാദത്തെയും പാകിസ്താന്‍ അപലപിക്കുന്നു എന്നും ഷഹ്ബാസ് ഷരീഫ് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. കഴിഞ്ഞ 15 മാസമായി ഈ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെയാണ് സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിന് തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഷഹ്ബാസ് ഷരീഫ് പറഞ്ഞു.
മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ശ്രമിക്കുമെന്ന് സൗദി, യുഎഇ, കുവൈത്ത് അംബാസഡര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ചൈനീസ് അംബാസഡര്‍ ജിയാങ് സെയ്‌ദോങ് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമായി ചര്‍ച്ച നടത്തിയിരുന്നു. സംഘര്‍ഷം മൂര്‍ച്ചിക്കുന്നതില്‍ ആശങ്ക പങ്കുവച്ച് സൗദിയും കുവൈത്തും ഖത്തറും രംഗത്തുവരികയും ചെയ്തിരുന്നു.
പാകിസ്താന്‍ മന്ത്രിക്കും പണി കിട്ടി
ഭീകരക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പറയുന്ന പാകിസ്താന്‍ പക്ഷേ, ഇന്ത്യക്കെതിരെ നീങ്ങുന്ന സംഘങ്ങളെ അടിച്ചമര്‍ത്തുന്നില്ല എന്നതാണ് വാസ്തവം. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് പഹല്‍ഗാം സംഭവം. ആക്രമണത്തിന് ശേഷം കടുത്ത നീക്കങ്ങള്‍ ഇന്ത്യ നടത്തി വരികയാണ്. പാകിസ്താന് ലഭിക്കുന്ന സാമ്പത്തിക സഹായം തടയണം എന്ന് ലോകബാങ്കിനോട് ഇന്ത്യ ആവശ്യപ്പെടും എന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
പാകിസ്താന്റെ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുടെ യുട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. പാകിസ്താന്‍ പൗരന്മാരോട് രാജ്യം വിടാനും ആവശ്യപ്പെട്ടു. നയതന്ത്ര ബന്ധം കുറയ്ക്കുകയും ചെയ്തു. സമാനമായ നടപടിയുമായി പാകിസ്താനും രംഗത്തുണ്ട്. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സേനാവിന്യാസം നടത്തുകയും ചെയ്തു. ശക്തമായ തിരിച്ചടി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പാകിസ്താന്‍ കരുതുന്നുണ്ട്. ഇതില്‍ ആശങ്കപൂണ്ടാണ് മറ്റു രാജ്യങ്ങളെ സമീപിക്കുന്നത്.
അതേസമയം, പാകിസ്താന്‍ വാര്‍ത്താ വിതരണ മന്ത്രി അതാഉല്ല തരാറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇനി മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല. ഇന്ത്യ ഉടന്‍ ആക്രമണം തുടങ്ങാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം അര്‍ധരാത്രി മാധ്യമങ്ങളോട് പറഞ്ഞത് ഇദ്ദേഹമായിരുന്നു. നിയമപരമായ കാരണങ്ങളാല്‍ തടയപ്പെട്ടിരിക്കുന്നു എന്നാണ് ഇപ്പോള്‍ പാക് മന്ത്രിയുടെ എക്‌സ് അക്കൗണ്ടില്‍ കാണിക്കുന്നത്.












Click it and Unblock the Notifications