സെല്‍ഫിയെടുത്തത് കുരങ്ങന്‍; പകര്‍പ്പവകാശത്തെ ചൊല്ലി തര്‍ക്കം
ന്യൂയോര്‍ക്ക്: ഒരു കുരങ്ങന്‍ ക്യാമറയില്‍ തന്റെ സെല്‍ഫിയെടുത്താല്‍ ആര്‍ക്കായിരിക്കും അതിന്റെ പകര്‍പ്പവകാശം. തര്‍ക്കം കോടതിക്ക് തീര്‍ക്കാന്‍ കഴിയുമോ?. കാത്തിരുന്നു കാണേണ്ട കാര്യമാണ്. സംഭവത്തിലെ വാദി പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ബ്രിട്ടീഷുകാരനായ ഡേവിഡ് ജെ സ്ലേറ്ററും പ്രതി ഇന്റര്‍നെറ്റിലൂടെ വിജ്ഞാനം പകര്‍ന്നു നല്‍കുന്ന വിക്കി മീഡിയയും തമ്മിലാണ്.
2011ല്‍ ഇന്‍ഡോനേഷ്യയിലെ സുലാവേസി ദ്വീപില്‍ സ്ലേറ്റര്‍ ചിത്രമെടുക്കാന്‍ ചെന്നിരുന്നു. കാട്ടില്‍ കുരങ്ങന്മാരുടെ ചിത്രമെടുക്കുന്നതിനിടെ ഒരു കുരങ്ങന്‍ സ്ലേറ്ററുടെ ക്യാമറ തട്ടിപ്പറിച്ചു. മക്വാക്ക് വര്‍ഗത്തില്‍പെട്ട മനുഷ്യരോട് എളുപ്പം ഇണങ്ങുന്ന കുരങ്ങന്മാരായിരുന്നു അത്. ക്യാമറ തിരിച്ചു കൊടുക്കുന്നതിനിടയില്‍ കുരങ്ങന്‍ തന്റെ ചില സെല്‍ഫികള്‍ അതിലെടുക്കുകയും ചെയ്തു.

ക്യാമറയുടെ ബട്ടണില്‍ അറിയാതെ അമര്‍ത്തിയതാണ് സെല്‍ഫികളുടെ പിറവിക്ക് കാരണമായത്. ക്യാമറ കൈയ്യില്‍ കിട്ടി സ്ലേറ്റര്‍ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതിശയിച്ചു പോയി. മികച്ച സെല്‍ഫികളായിരുന്നു അതില്‍ നിറയെ. ചിത്രങ്ങള്‍ അദ്ദേഹം ചില സൈറ്റുകള്‍ വഴി പുറംലോകത്തെത്തിച്ചു. ഇവിടെ നിന്നാണ് വിക്കിപീഡിയയുടെ ഉടമസ്ഥരായ വിക്കി മീഡിയ ചിത്രങ്ങളെടുത്തത്.
തന്റെ ചിത്രങ്ങള്‍ വിക്കി മീഡിയ ഉപയോഗിച്ചു കണ്ടതോടെയാണ് സ്ലേറ്റര്‍ അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാല്‍, ഫോട്ടോയെടുത്തത് കുരങ്ങനാണെന്നും പകര്‍പ്പവകാശത്തിന് ഡേവിഡ് ജെ സ്ലേറ്റര്‍ക്ക് അവകാശമില്ലെന്നും വിക്കി മീഡിയ പറയുന്നു. തര്‍ക്കം രൂക്ഷമായതോടെ പതിനായിരം പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോട്ടോഗ്രാഫര്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications