അമേരിക്ക മാറിച്ചിന്തിക്കുമോ? താരിഫ് യുദ്ധം ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതായി സമ്മതിച്ച് ട്രംപ്
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനമായി കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് വര്‍ധിപ്പിച്ചത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാക്കിയതായി ട്രംപ് സമ്മതിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിലയിരുത്തല്‍.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പേരിലായിരുന്നു ഇന്ത്യക്കു മേലുള്ള ട്രംപിന്റെ കടുത്ത നടപടി. റഷ്യന്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ അമേരിക്ക ഒരു പടികൂടി കടന്നാണ് സഖ്യ കക്ഷിയായ ഇന്ത്യയ്ക്കു മേലുള്ള തീരുവ വര്‍ധിപ്പിച്ചത്.

റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇന്ത്യ വര്‍ഷങ്ങളായി റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. യുക്രൈന്‍ ജനതയ്ക്കു മേല്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ എണ്ണ വാങ്ങരുതെന്ന ട്രംപിന്റെ നിര്‍ദേശം അവഗണിച്ചാണ് ഇന്ത്യ ഇറക്കുമതി തുടരുന്നത്. തീരുവ 50 ശതമാനമാക്കി വര്‍ധിപ്പിച്ചതിന് പിന്നാലെ അടുത്ത സുഹൃത്തുക്കളായിരുന്ന ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കടുത്ത വാക്‌പോരുകള്‍ക്കും ലോകം സാക്ഷ്യം വഹിച്ചു.
'ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഞാന്‍ ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതൊരു വലിയ തീരുമാനമായിരുന്നു. അത് ഇന്ത്യയുമായുള്ള വിള്ളലിനും കാരണമായി' - ട്രംപ് ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ് പ്രോഗ്രാമില്‍ പറഞ്ഞു.
ട്രംപിന്റെ വ്യാപാര യുദ്ധം യുഎസ്-ഇന്ത്യ വ്യാപാര ബന്ധത്തെ വഷളാക്കിയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 190 ബില്യണ്‍ ഡോളറിലധികമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞത് മുന്‍പുള്ള കടുത്ത നിലപാടില്‍ നിന്ന് ട്രംപ് അയയുമെന്ന ശുഭ സൂചനയാണ് നല്‍കുന്നത്. ട്രംപുമായി സംസാരിക്കാന്‍ കാത്തിരിക്കുകയാണെന്ന മോദിയുടെ പ്രതികരണവും വ്യാപാര മേഖലയ്ക്ക് ഉണര്‍വു നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ആദ്യം 25 ശതമാനമാണ് തീരുവ ചുമത്തിയത്. തുടര്‍ന്നാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇരുട്ടടിയായി 50 ശതമാനമായി കുത്തനെ ഉയര്‍ത്തിയത്. യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു. ട്രംപ് തന്നെ നേരിട്ട് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ചകള്‍ നടത്തിയതും സമാധാന പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ റഷ്യയിലേക്കു തിരിച്ചുപോയ പുടിനില്‍ നിന്ന് പിന്നീട് അനുകൂല പ്രതികരണമുണ്ടായില്ല. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തന്റെ ഭരണകൂടം തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞു.
ഫോക്‌സ് പരിപാടിയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുടിന്‍ പരാജയപ്പെട്ടതിലുള്ള നിരാശയും ട്രംപ് പ്രകടിപ്പിച്ചു. എന്നാല്‍ റഷ്യയ്ക്കു മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നതു സംബന്ധിച്ച് സൂചനകളൊന്നും നല്‍കിയിട്ടില്ല.












Click it and Unblock the Notifications