'ഐ ആം സ്റ്റിൽ ഹിയർ' ഓസ്കറിൽ മിന്നിക്കുമോ?; എന്തുകൊണ്ടാകും ബ്രസീലിൽ ഇത്രമേൽ ആകാംക്ഷ?
ഓസ്കർ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. വാണിജ്യസിനിമയുടെ ലോകവേദിയിൽ ആരാകും ജയിക്കുക എന്നറിയാൻ സിനിമാപ്രേമികൾ കാത്തിരിക്കുന്നു. ഒപ്പം പതിവിൽ കവിഞ്ഞ താത്പര്യത്തോടെ ബ്രസീലും. ബ്രസീലിൽ വലിയ വാണിജ്യവിജയം നേടിയ ചിത്രമായിരുന്നു I'm Still Here . അന്താരാഷ്ട്ര വേദിയിലും ചിത്രം നേട്ടം കുറിക്കുമോ എന്ന് കാത്തിരിക്കുന്നവരിൽ പ്രസിഡന്റുമുണ്ട്. അഭിമാന നിമിഷമെന്നാണ് സാമൂ ഹികമാധ്യമമായ എക്സിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ കുറിച്ചത്. വാതുവെപ്പും നേട്ടം ആഘോഷിക്കാനെന്ത് ചെയ്യണമെന്ന ആലോചനകളും ബ്രസീലിൽ സജീവം. ചിലരെങ്കിലും പ്രാർത്ഥനയും പൂജയും മന്ത്രവാദവുമൊക്കെ തുടങ്ങിയിട്ടുമുണ്ട്. ഐ ആം സ്റ്റിൽ ഹിയർ ഓസ്കറിൽ മിന്നിക്കാൻ. എന്തുകൊണ്ടാകും ഇത്രമേൽ ആകാംക്ഷ ബ്രസീലിൽ ?
ഇതാദ്യമായി ഓസ്കറിൽ മത്സരിക്കാനെത്തുന്ന ബ്രസീലിയൻ സിനിമ അല്ല ഐ ആം സ്റ്റിൽ ഹിയർ. ഈ ചിത്രം ഒരുക്കിയ വാർട്ടർ സാലെസിന്റെ തന്നെ സെൻട്രൽ സ്റ്റേഷൻ എന്ന സിനിമ 1998ൽ വിദേശഭാഷാ ചിത്ര വിഭാഗത്തിൽ ഓസ്കറിനായി മത്സരിച്ചിരുന്നു. പക്ഷേ ഇതാദ്യമായാണ് മികച്ച ചിത്രത്തിനായി ബ്രസീലിൽ നിന്നുള്ള സിനിമ മത്സരിക്കുന്നത്. ഇതേ സിനിമയിലെ പ്രകടനത്തിലൂടെ ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ ബ്രസീലിയൻ നടിയായ ഫെർണാണ്ട ടോറസ് ഓസ്കറും ആദ്യമായി നാട്ടിലേത്തിക്കുമോ എന്ന ആകാംക്ഷയും ബ്രസീലുകാർക്കുണ്ട്. കാരണം ഫെർണാണ്ട ടോറസ് ബ്രസീലുകാരുടെ മഞ്ജുവാര്യരാണ്. അത്രമേൽ ജനപ്രീതിയുള്ള നടി. . പക്ഷേ അതുകൊണ്ട് തീരുന്നില്ല കാരണങ്ങൾ.

രണ്ട് ദശാബ്ദത്തോളം നീണ്ട സൈനിക സ്വേച്ഛാധിപത്യകാലത്ത് പട്ടാളപൊലീസ് പിടിച്ചു കൊണ്ടു പോയ റൂബെൻസ് പൈവയുടെ വിവരങ്ങൾ അറിയാനും പൊടുന്നനെ താളം തെറ്റിയ ജീവിതത്തിൽ പിടിച്ചുനിൽക്കാനും അദ്ദേഹത്തിന്റെ ഭാര്യ യൂനിസ് നടത്തുന്ന പോരാട്ടമാണ് സിനിമ പറയുന്നത്. 1971ലാണ്പാ ർലമെന്റ് അംഗമായിരുന്ന റൂബെൻസ് പൈവയെ പട്ടാളപോലീസ് കൊണ്ടുപോയത്. ഭർത്താവിന് എന്തു സംഭവിച്ച് എന്നറിയാൻ വർഷങ്ങളാണ് യൂനിസ് പോരാടിയത് . അതിനൊപ്പം അഞ്ച് മക്കളെയും വളർത്തണമായിരുന്നു യൂനിസിന്. മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന അഭിഭാഷകയായി യൂനിസ് മാറുന്നതും ജീവിതത്തിലെ പ്രതിസന്ധികൾ നൽകിയ കരുത്തിലാണ്. 96ലാണ് റൂബെൻസിന്റ മരണസർട്ടിഫിക്കറ്റ് യൂനിസിന് കിട്ടുന്നത്. ഈ കഥയാണ് ഐ ആം സ്റ്റിൽ ഹിയർ പറയുന്നത്.
അൾഷിമേഴ്സിന്റെ ഇരുട്ട് അമ്മയുടെ ഓർമകൾക്ക് മേൽ മറവിയുടെ മാറാപ്പ് മൂടും മുമ്പ് യൂനിസിന്റെയും റൂബെൻസിന്റെയും മകൻ മാർസെലോ പൈവ ആ പോരാട്ടം പുസ്തകമാക്കിയിരുന്നു. 2015ലിറങ്ങിയ ആ പുസ്തകമാണ് സിനിമയിലേക്കുള്ള വഴി സാലെസിന് മുന്നിൽ തുറന്നിട്ടത്. ഒപ്പംകൗമാരകാലത്ത് അവരുടെ വീട്ടിൽ പോയതിന്റെ നല്ല ഓർമകൾ മനസ്സിലുണ്ടായിരുന്നതും സാലെസിന് തുണയായി. എന്നിട്ടും വർഷങ്ങളെടുത്തു സിനിമ പൂർത്തിയാക്കാൻ . ചരിത്രം നന്നായി പറയാനെടുത്ത ശ്രദ്ധയും ജാഗ്രതയും മാത്രമായിരുന്നില്ല കാരണം. ഏകാധിപത്യഭരണം കൂടിയായിരുന്നു. . ബോൽസൊണാറോയുടെ സർക്കാരായിരുന്നു അപ്പോൾ ഭരണത്തിൽ.
തെരഞ്ഞെടുപ്പിൽ ലുല ഡിസിൽവ ജയിച്ചപ്പോൾ ബോൽസൊണാറോ തോൽവി സമ്മതിക്കാതിരുന്നതും പിന്നാലെ അനുയായികൾ അക്രമം അഴിച്ചുവിട്ടതും കുറേ നാളുകൾക്കിപ്പുറം അട്ടിമറിക്ക് ബോൽസൊണാറോ ശ്രമിച്ചെന്ന് സുപ്രീംകോടതി വിധിച്ചതുമെല്ലാം കഴിഞ്ഞിട്ട് അധികം നാളായില്ല. അതുകൊണ്ട് തന്നെ ഏകാധിപത്യഭരണത്തിന്റെ ഇരുണ്ട വശങ്ങൾ നല്ലപോലെ ഓർമയിലുണ്ട് ബ്രസീലുകാർക്ക്. ഭയവും വെപ്രാളവും തന്നിരുന്ന ഭൂതകാലം ഭാവിയിലേക്ക് നൽകുന്ന ചില മുൻകരുതലുകൾ ആണ് മികച്ച ദൃശ്യഭാഷയുടെയും നിർമാണമികവിന്റേയും അകമ്പടിയോടെ അവതരിപ്പിച്ച ഐ ആം സ്റ്റിൽ ഹിയർ അവർ വരവേറ്റു. ഇത് എന്റെ കഥയാണ്, എന്റെ കുടുബത്തിന്റെ കഥയാണെന്ന് ഓരോ ബ്രസീലുകാരനും തോന്നി.അങ്ങനെ ഹാസ്യപ്രധാനമായതോ ത്രില്ലറുകളോ ആയ സിനിമകൾ പൊതുവെ ഹിറ്റാകുന്ന നാട്ടിൽ ഐ ഐം സ്റ്റിൽ ഹിയർ മെഗാ ഹിറ്റായി.
സ്വന്തം നാട്ടിൽ കിട്ടിയ ജനപ്രീതിയും അംഗീകാരവും ഐ ആം സ്റ്റിൽ ഹിയർ എന്ന സിനിമക്ക് ഓസ്കർ വേദിയിലും കിട്ടിയാൽ അത് ബ്രസീലിന് മാത്രമല്ല സന്തോഷം തരിക, മറിച്ച് ഏകാധിപത്യരീതികൾ കളം നിറയുന്ന ഏത് നാട്ടിലെയും സാധാരണക്കാർക്കാണ്. കാരണം ഓർമകൾ മായിക്കാനായി ചരിത്രം തിരുത്തുകയെന്ന ഏകാധിപതികളുടെ പൊതുരീതിക്ക് എപ്പോഴും ഇങ്ങനെയാണ് മറുപടി കിട്ടുക.
വാൽക്കഷ്ണം
ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ച ജനുവരിയിലാണ് റൂബെൻസിന്റെ മരണസർട്ടിഫിക്കറ്റ് പുതുക്കിയത്,അദ്ദേഹത്തിന്റെ മരണം ഭരണകൂടത്തിന്റെ കൈ കൊണ്ടായിരുന്നുവെന്നായിരുന്നു ആ തിരുത്തൽ ഫെർണാണ്ട ടോറസിന്റെ കഥാപാത്രം യൂനിസിന് വയസ്സാകുമ്പോൾ അത് അവതരിപ്പിക്കുന്നത് അമ്മ ഫെർണാണ്ട മോണ്ടിനെഗ്രോ ആണ്. അവരാണ് നടിക്കുള്ള മത്സരത്തിന് നോമിനേഷൻ കിട്ടിയ ആദ്യ ബ്രസീലിയൻ നടി. അത് കിട്ടിയതോ 1998ൽ സാലെസിന്റെ തന്നെ സെൻട്രൽ സ്റ്റേഷൻ എന്ന സിനിമക്ക്.












Click it and Unblock the Notifications