ഷി ജിൻപിങുമായും പുടിനുമായും കൂടിക്കാഴ്ച നടത്തും; സൈനിക ബജറ്റ് പകുതിയായി കുറയ്ക്കാൻ ആവശ്യപ്പെടുമെന്നും ട്രംപ്
റഷ്യയുമായും ചൈനയുമായും ചർച്ചയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് രാജ്യങ്ങളുടേയും ആണവ ശേഖരവും പ്രതിരോധ ബജറ്റും കുറക്കാനുള്ള നിർദേശം താൻ കൂടിക്കാഴ്ചയിൽ മുന്നോട്ട് വെക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കാര്യങ്ങൾ ശാന്തമാകുമ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്താൻ താത്പര്യം ഉണ്ട്. സൈനിക ബജറ്റ് പകുതിയായി കുറയ്ക്കാം എന്ന നിർദേശം ഞാൻ മുന്നോട്ട് വെയ്ക്കും. ഞങ്ങൾ ബജറ്റ് വിഹിതം കുറക്കും,തന്റെ നിർദേശം അവരും അംഗീകരിക്കുമെന്നാണ് കരുതുന്നത്', ട്രംപ് പറഞ്ഞു.

അമേരിക്കയെ സംബന്ധിച്ച് കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടേണ്ട കാര്യമില്ല. ലോകത്തെ നശിപ്പിക്കാൻ കഴിവുള്ളത്രയും ആയുധങ്ങൾ ഇപ്പോൾ തന്നെ ഞങ്ങളുടെ പക്കലുണ്ട്. അതുകൊണ്ട് തന്നെ പൊതുഫണ്ട് കൂടുതൽ ഉൽപ്പാദനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് എന്റെ നിർദേശം', ട്രംപ് വ്യക്തമാക്കി.
ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത് കുറക്കാൻ താനും പുടിനും തമ്മിൽ സംസാരിച്ചതായും ട്രംപ് അവകാശപ്പെട്ടു. ' മൂന്ന് രാജ്യങ്ങളും ആണവ ശക്തി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ചൈന ഇപ്പോൾ ശ്രമിക്കുന്നത് നമ്മുക്കൊപ്പം എത്താനാണ്. എന്നാൽ അഞ്ചാറ് വർഷം കൊണ്ട് അവർക്ക് അതിന് സാധിക്കും. എന്നാൽ യുഎസിന് എപ്പോഴെങ്കിലും ആണവായുധങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ അത് ദുഃഖകരമായ ദിവസമായിരിക്കും', ട്രംപ് പറഞ്ഞു.
ആംസ് കൺട്രോൾ അസോസിയേഷന്റെ കണക്ക് അനുസരിച്ച് ലോകത്തിലെ ആണവായുധ ശേഖരത്തിൻ്റെ ഭൂരിഭാഗവും യുഎസിന്റേയും റഷ്യയുടേയും കൈവശമാണ്. ഏകദേശം 10,805 വാർഹെഡുകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.ചൈനയുടെ കൈവശം 600 വാർഹെഡുകൾ ഉണ്ടാകും.ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, പാകിസ്ഥാൻ, ഇസ്രായേൽ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കിടയിൽ ഏകദേശം 1000 ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
പ്രതിരോധ ബജറ്റിൽ ഏറ്റവും കൂടുതൽ തുക വിനിയോഗിക്കുന്ന രാജ്യം നിലവിൽ അമേരിക്കയാണ്. 2025 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ചെലവിനായി 895 ബില്യൺ ഡോളർ ആണ് രാജ്യം അനുവദിച്ചത്. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം റഷ്യയുടെ സൈനിക ചെലവ് 145.9 ബില്യൺ ഡോളറായിരുന്നു. ഈ വർഷം ചൈനയുടെ സൈനിക ചെലവ് 185 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . ആണവായുധ ശേഷി പതിമടങ്ങ് വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്നാണ് യുഎസ് നൽകുന്ന മുന്നറിയിപ്പ്. 2035 ഓടെ 1,500 പ്രവർത്തനക്ഷമമായ ആണവായുധങ്ങൾ വാങ്ങാനാണ് ചൈനയുടെ പദ്ധതിയെന്നും പെന്റഗൺ മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications