Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയുടെ ഉറക്കം കെടുത്തിയ താരങ്ങള്‍; യുക്രൈനില്‍ സമാധാനം പുലര്‍ന്നാല്‍ വിലക്ക് നീക്കുമോ

റഷ്യയും ഉക്രെയ്നും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ പറഞ്ഞു തീർത്ത് എല്ലാം ഞാൻ സുല്ലാക്കി എന്ന് പറയാൻ വെമ്പി നിൽക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിങ്ങനെ നീട്ടി കൊണ്ടു പോകാൻ പറ്റില്ല. കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ഒരു തീരുമാനമുണ്ടാക്കൂ എന്നാണ് പറയുന്നത്. ഉക്രെയ്നിലെ ധാതുക്കൾ ഖനനം ചെയ്യുന്നതിന് യുഎസിന് അനുമതി നൽകി കൊണ്ടുള്ള കരാ‌‌ർ നീണ്ടു പോകുന്നതാണ് ട്രംപിനെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് അദ്ദേഹത്തെ വിമർശിക്കുന്ന ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്. അത് അസൂയാലുക്കൾ പറയുന്നതാണെന്നും റഷ്യയും ഉക്രെയ്നും തമ്മിൽ കൈ കൊടുക്കുന്നതിൽ ട്രംപിന് അതീവ താത്പര്യമുണ്ടെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവ‌‌ർ പറയുന്നു.

എന്തായാലും ഇടക്ക് ഒന്ന് വേ​ഗം കുറച്ച സമാധാന ചർച്ചകൾക്ക് ഒരിത്തിരി ഊർജം കൈവന്നതാണ് ട്രംപിന്റെ ധൃതിക്ക് കാരണം. വേ​ഗമാകട്ടെ വേ​ഗമാകട്ടെ, അല്ലെങ്കിൽ വേറെ ഒരു പാട് കാര്യങ്ങൾ നോക്കാനുള്ള ആളാണ് , ഇതിട്ടിട്ട് പോകും എന്നൊക്കെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറയുന്നതും അതുകൊണ്ട് തന്നെ. ഫെബ്രുവരിയിൽ ഓവൽ ഓഫീസിൽ വെച്ച് ഉക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും ട്രംപും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും തല്ലി പിരിഞ്ഞതാണ് ചർച്ചകളുടെ താളം തെറ്റിച്ചത്. ഇപ്പോൾ ഇക്കഴിഞ്ഞ ദിവസം പാരീസിൽ നടന്ന ചർച്ചകളിൽ മൂന്ന് കൂട്ടർക്കും, അമേരിക്കക്കും റഷ്യക്കും ഉക്രെയ്നും തൃപ്തിയുണ്ട്. ചുരുങ്ങിയ പക്ഷം നിരാശയില്ല.

us actors who banned in russia

ഇങ്ങനെ ഒരു വശത്ത് കൂടി പ്രസിഡന്റ് സമാധാനവും അതിലൂടെ കുറച്ച് ധാതുക്കളും എത്തിക്കാൻ ശ്രമിക്കുമ്പോൾ അമേരിക്കയിലുള്ളവർ ചർച്ച ചെയ്യുന്ന വേറെ ഒരു കാര്യമുണ്ട്. ഉദ്യോ​ഗസ്ഥരും ബിസിനസുകാരും അഭിനേതാക്കളും ഒക്കെ ഉൾപെടെ ആയിരത്തിലധികം അമേരിക്കൻ പ്രമുഖരെ റഷ്യ വിലക്കിയിട്ടുണ്ട്. സമാധാനം വന്നാൽ ഈ വിലക്ക് മാറുമോ? അതാണ് ചോദ്യം. അതിൽ മോ‌ർ​ഗൻ ഫ്രീമാൻ, ബെൻ സ്റ്റില്ലർ, ഷോൺ പെൻ തുടങ്ങി താരപ്പകിട്ടേറിയ ചില പേരുകളുമുണ്ട്.

അതിൽ തന്നെ കൃത്യമായ ഉക്രെയ്ൻ നിലപാടുള്ള, അത് പറയാൻ മടിയില്ലാത്ത, അവിടെ ചെന്ന് ഡോക്യുമെന്ററി എടുത്ത ഷോൺ പെന്നിന്റെ നിലപാടാകും കൂടുതൽ വാർത്തയാവുക. കാരണം പോരാട്ടത്തില്‍ ഉക്രൈയ്‌നെ തനിച്ചാക്കിയാല്‍ അമേരിക്കയുടെ ആത്മാവ് നഷ്ടപ്പെട്ടു എന്നാണ് അർത്ഥമെന്ന് പല കുറി പറഞ്ഞിട്ടുണ്ട് ഷോൺ പെൻ. നിലപാട് പല വേദികളിൽ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട് താരം.

അഭിനയമികവിന് തനിക്ക് കിട്ടിയ രണ്ട് ഓസ്കർ പുരസ്കാരങ്ങളിൽ ഒന്ന് സെലെൻസ്കിക്ക് സമ്മാനിച്ച് യുദ്ധം നയിച്ച് ജയിച്ച് വരാൻ പറഞ്ഞ ആളാണ് ഷോൺ പെൻ. അദ്ദേഹം സമ്മാനിച്ച ഓസ്‌കര്‍ യുദ്ധത്തിന്റെ അന്ത്യം വരെ സൂക്ഷിക്കുമെന്നാണ് ആ പുരസ്കാരം നെഞ്ചോട് ചേർത്ത് സെലെന്‍സ്‌കി പറ‍ഞ്ഞത്. തന്റെ രാജ്യത്തിന്റെ വിജയത്തില്‍ വിശ്വസിക്കുന്നതിന്റെ പ്രതീകമായി ആ ഓസ്കറും നാടിന്റെ പോരാട്ടത്തിനുള്ള പിന്തുണയും എന്നും എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുമെന്നും സെലെൻസ്കി പറഞ്ഞിരുന്നു. ഉക്രെയ്ന് നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞ് സെലെൻസ്കി ഉക്രെയ്ൻ ഓർഡർ ഓഫ് മെറിറ്റ് സമ്മാനിച്ചിട്ടുമുണ്ട്. രണ്ട് പേരുടെയും പരസ്പര ബഹുമാനം നിറഞ്ഞ വാക്കുകളും വികാരപ്രകടനങ്ങളും പിന്നാലെ കീവിലെ തെരുവുകളിലൂടെയുള്ള നടത്തവുമെല്ലാം ആ​ഗോള മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും എല്ലാം തകർത്ത് ആഘോഷിച്ചിട്ടുമുണ്ട്.

യുക്രൈനിലേക്ക് റഷ്യയുടെ പട്ടാളം എത്തിയ ദിവസങ്ങളിൽ ഷോൺ പെൻ കീവിൽ ഉണ്ടായിരുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ നിര്‍മാണത്തിന് എത്തിയതായിരുന്നു ഷോൺ. പിന്നെ യുദ്ധത്തിന്റെ ആശങ്കയും ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും കണ്ട ദിനങ്ങൾ. നിരവധി അഭയാര്‍ത്ഥികളോടൊപ്പം നടന്ന് പോളണ്ടിലെത്തിയാണ് പെന്നും കൂട്ടരും പിന്നെ അമേരിക്കയിലേക്ക് മടങ്ങിയത്. ഉക്രെയ്ൻ നേരിടുന്ന പ്രശ്നങ്ങൾ വായിച്ചറിവ് മാത്രമല്ല എന്ന‌ർത്ഥം.

ധൈര്യം, അന്തസ്സ്, സ്‌നേഹം, രാജ്യത്തോടുള്ള പ്രതിബദ്ധത...സെലെൻസ്കിക്ക് ഈ ​ഗുണങ്ങൾ ഉണ്ട്. അദ്ദേഹത്തിന്റെ നേതൃഗുണം രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തുന്നു. ഇതെല്ലാം ഞാന്‍ ആദരിക്കുന്നു. ബഹുമാനിക്കുന്നു. അതേ സമയം അദ്ദേഹത്തിന്റെയും യുക്രൈയ്‌ന്റെയും സാഹചര്യം ഓര്‍ക്കുമ്പോൾ എനിക്ക് ഭയവുമുണ്ട്. ...-അന്നത്തെ ദിവസങ്ങളെ പറ്റി പെന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. അന്നും ഇന്നും ഉക്രെയ്നെ പിന്തുണക്കുന്ന നിലപാടിൽ ഒരു തുള്ളി വെള്ളം ചേർത്തിട്ടില്ല ഷോൺ പെൻ.

വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഷോണിനെ പോലെ സജീവമായി പങ്കെടുക്കുന്ന താരമാണ് ബെൻ സ്റ്റില്ലറും. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഹൈക്കമ്മീഷണറുടെ (UNHCR) ​ഗുഡ് വിൽ അംബാസിഡറായ സ്റ്റില്ലറും ഉക്രെയ്ൻ അനുകൂല നിലപാട് പരസ്യമാക്കിയിട്ടുണ്ട്. സെലെൻസ്കിയെ നേരിൽ കണ്ട് പിന്തുണ അറിയിച്ചിട്ടുമുണ്ട് സ്റ്റില്ലറും. എന്റെ ഹീറോ എന്നാണ് സ്റ്റില്ലർ സെലെൻസ്കിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ഉക്രെയ്ൻ ന​ഗരങ്ങളിലൂടെ നടന്ന് യുദ്ധത്തിന്റെ കെടുതിയും അഭയാർത്ഥികളുടെ ദുരവസ്ഥയും ഒക്കെ നേരിൽ കാണുകയും ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു സ്റ്റില്ലർ.

വാൽകഷ്ണം

രണ്ട് തവണയാണ് ഷോൺ പെൻ ഓസ്കർ നേടിയത്. 2003-ല്‍ മിസ്റ്റിക് റിവര്‍ എന്ന സിനിമയിലൂടെ. 2008-ല്‍ മില്‍ക്ക് എന്ന സിനിമയിലൂടെ.

ഉക്രെയ്നിലെത്തിയ ആദ്യ ഓസ്കർ 20 Days In Mariupol എന്ന ഡോക്യുമെന്ററിക്കായിരുന്നു. 2023ൽ. മാധ്യമപ്രവർത്തകനായ മിസ്റ്റിസ്ലാവ് ചെർണോവ് തയ്യാറാക്കിയ ഡോക്യുമെന്ററി. റഷ്യയുടെ ക്രൂരമായ അധിനിവേശത്തിന്റെ യാഥാർത്ഥ്യം ലോകത്തിന് മുന്നിൽ വെളിപ്പെട്ടു എന്നായിരുന്നു അന്ന് സെലെൻസ്കിയുടെ പ്രതികരണം.

​ഗ്രാമി പുരസ്കാരവേദിയിലും ​ഗോൾഡൻ ​ഗ്ലോബ് വേദിയിലും യുദ്ധവിരുദ്ധ സന്ദേശം പകർന്നുള്ള വീഡിയോയുമായി സെലെൻസ്കി പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ഓസ്കർ അക്കാദമി അതിനുള്ള അവസരം നൽകിയില്ല.

Take a Poll

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+