സൗദി അറേബ്യ ഇടപെടുമോ? ഈജിപ്ത് രണ്ടുംകല്‍പ്പിച്ച്; അതിര്‍ത്തിയിലേക്ക് 40000 സൈനികര്‍
കെയ്‌റോ: പശ്ചിമേഷ്യയില്‍ ഏറെ കാലമായി സംഘര്‍ഷ കലുഷിതമാണ് കാര്യങ്ങള്‍. ഇസ്രായേലും പലസ്തീനും, ഇസ്രായേലും ലബ്‌നാനും, ഇസ്രായേലും ഇറാനും, ഇസ്രായേലും സിറിയയും, ഇസ്രായേലും യമനും തമ്മിലുള്ള സംഘര്‍ഷങ്ങളെല്ലാമാണ് ഇതിന് കാരണം. ഇപ്പോള്‍ മറ്റൊരു ആശങ്കപ്പെടുത്തുന്ന നീക്കമാണ് ഈ മേഖലയില്‍.
ഈജിപ്ത് സൈനികരുടെ വന്‍ പട അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. 1979ല്‍ ഇസ്രായേലുമായി അമേരിക്കയുടെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഈ നീക്കം. ഇത്രയും ഗുരുതരമായ സഹചര്യം ആയതിനാലാണ് സൈനിക നീക്കം എന്ന് ഈജിപ്തിലെ പ്രമുഖ വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈജിപ്തിലെ സിനായ് മരുഭൂമിയില്‍ നിന്ന് റഫ അതിര്‍ത്തി വഴി എത്തുന്നത് ഗാസയിലേക്കാണ്. ഒരു ഭാഗത്ത് ഇസ്രായേലും. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന പുതിയ നീക്കമാണ് ഈജിപ്തിനെ ആശങ്കപ്പെടുത്തുന്നത്. തുടര്‍ന്നാണ് ഈജിപ്ഷ്യന്‍ സൈന്യം റഫ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലേക്ക് നീങ്ങിയിരിക്കുന്നത്. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയുടെ നിര്‍ദേശപ്രകാരമാണ് സൈനിക നീക്കം.
ഗാസ മുഴുവനായി അധിനിവേശം നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നുണ്ടത്രെ. ഈ വേളയില്‍ ഗാസയിലെ 20 ലക്ഷം പലസ്തീന്‍കാരെ ഈജിപ്തിലെ സിനായിലേക്ക് നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കാനാണ് ശ്രമം. ഇങ്ങനെ സംഭവിച്ചാല്‍ ചെറുക്കാനാണ് ഈജിപ്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമാണ് സൈനിക നീക്കം എന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കരാറില്‍ പറയുന്നതിന്റെ ഇരട്ടി
40000 ഈജിപ്ഷ്യന്‍ സൈനികരാണ് സിനായിലേക്ക് എത്തിയിട്ടുള്ളത്. ഇവിടെ നേരത്തെയുള്ള സൈനികര്‍ക്ക് പുറമെയാണിത്. 1979ലെ സമാധാന കരാറില്‍ പറയുന്നതിന്റെ ഇരട്ടി സൈനികരെ ഈജിപ്ത് വിന്യസിച്ചിട്ടുണ്ട്. സമീപകാലത്ത് ഈജിപ്ഷ്യന്‍ സൈനികര്‍ക്ക് ലഭിക്കുന്ന സുപ്രധാന ജാഗ്രതാ നിര്‍ദേശം ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അത്യാധുനിക സൈനിക ഉപകരണങ്ങളും അതിര്‍ത്തിയില്‍ വിന്യസിച്ചുകഴിഞ്ഞു.
സൈനിക സുപ്രീം കൗണ്‍സില്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ എന്നിവയുടെ യോഗത്തിന് ശേഷമാണ് പ്രസിഡന്റ് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. ഗാസയോട് ചേര്‍ന്ന സി സോണില്‍ ഉള്‍പ്പെടെ നോര്‍ത്ത് സിനായിലെ എല്ലായിടത്തും ഈജിപ്ഷ്യന്‍ സൈനികര്‍ തടമ്പടിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് എന്തു പ്രകോപനമുണ്ടായാലും ശക്തമായ തിരിച്ചടി നല്‍കാന്‍ ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചു.
ഇസ്രായേലുമായി ആദ്യം നയതന്ത്ര ബന്ധം സ്ഥാപിച്ച മുസ്ലിം രാജ്യമാണ് ഈജിപ്ത്. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധങ്ങളുമുണ്ട്. ഇസ്രായേലുമായി ഏറ്റവും വലിയ വാതക കരാര്‍ ഒപ്പുവച്ചതും ഈജിപ്ത് ആണ്. ഈജിപ്തും ഇസ്രായേലും സംഘര്‍ഷത്തിലേക്ക് എത്തുമ്പോള്‍ ആര് മധ്യസ്ഥതയ്ക്ക് ശ്രമിക്കുമെന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കയും സൗദി അറേബ്യയും ഖത്തറും ഇടപെട്ട് രംഗം ശാന്തമാക്കിയേക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications