യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും? ട്രംപുമായി ചർച്ചക്ക് തയ്യാർ, ശ്വാശ്വത പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പുടിൻ
വാഷിങ്ടൺ: അധികാരത്തിലേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഡൊണാൾഡ് ട്രംപിന് ആശംസയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ട്രംപിന് കീഴിൽ യുക്രൈൻ സംഘർഷത്തിൽ ശാശ്വതമായ സമാധാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പറഞ്ഞു.
റഷ്യൻ സംഘർഷത്തെ കുറിച്ചും ആണവായുധങ്ങളെ കുറിച്ചും ട്രംപുമായി ചർച്ച നടത്താൻ തങ്ങൾ തയ്യാറാണ്. റഷ്യയുമായി നേരിട്ട് ബന്ധം പുലർത്താനുള്ള ട്രംപിന്റെ താത്പര്യത്തെ സ്വാഗതം ചെയ്യുകയാണെന്നും പുടിൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പുടിൻ രംഗത്തെത്തിയിരുന്നു.

അതേസമയം അധികാരത്തിലേറുന്നതിന് തൊട്ട് പിന്നാലെ പുടിനെ ഫോണിൽ ട്രംപ് ബന്ധപ്പെട്ടക്കുമെന്നാണ് വിവരം.ഇത് സംബന്ധിച്ചുള്ള സജ്ജീകരണങ്ങൾ നടത്താൻ അടുത്ത വൃത്തങ്ങളോട് ട്രംപ് നിർദേശിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സ്ഥാനാരോഹണത്തിന് പിന്നാലെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തേ വ്യക്തമക്കിയിരുന്നു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തീര്‍ക്കാൻ ഇടപെടുമെന്ന് നേരത്തേ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. അധികാരത്തിലേറി അടുത്ത ദിവസം യുദ്ധം അവസാനിപ്പിക്കും എന്നായിരുന്നു ട്രംപ് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിലെല്ലാം ഇക്കാര്യം ട്രംപ് ആവർത്തിച്ചിരുന്നു. യുക്രൈനെതിരായ യുദ്ധം ജോ ബൈഡൻ നേതൃത്വം നൽകുന്ന ഡെമോക്രാറ്റുകളുടെ പദ്ധതിയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം.
യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഇടപെടണമെന്ന് നേരത്തേ പുടിനും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ട്രംപിനോട് താൻ സംസാരിച്ചിട്ടില്ല. എന്നാൽ യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് തങ്ങൾ തയ്യാറാണ്. വിട്ടുവീഴ്ച ചെയ്യുന്നതിനോട് എതിർപ്പില്ല. ഏത് ചർച്ചയേയും സ്വാഗതം ചെയ്യുന്നു. യുക്രൈൻ വിഷയത്തിൽ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും ട്രംപുമായ ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്. യുക്രൈൻ യുദ്ധത്തിൽ പ്രാഥമിക ലക്ഷ്യം തങ്ങൾ കൈവരിച്ചു' എന്നാണ് മുൻപ് പുടിൻ വ്യക്തമാക്കിയത്.
അതേസമയം അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണം നടക്കാൻ ഇനി മണിക്കുറുകൾ മാത്രമാണ് ശേഷിക്കുന്നത്. കാപിറ്റോളിന് അകത്ത് വെച്ചാണ് ചടങ്ങുകൾ. നേരത്തേ പുറത്തായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ അതികഠിനമായ ശൈത്യമാണ് വാഷിങ്ടണിൽ അനുഭവപ്പെടുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാൻ ലോകനേതാക്കളടക്കം നിരവധി പേരാണ് വാഷിങ്ടണിൽ എത്തിയിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ചടങ്ങിൽ പങ്കെടുക്കുക.












Click it and Unblock the Notifications