കുടിയേറ്റക്കാര്‍ക്ക് ട്രംപിന്റെ ഇരുട്ടടി വീണ്ടും; വര്‍ക്ക് പെര്‍മിറ്റ് നിയമത്തില്‍ മാറ്റം: ജോലി പോകുമോ?
വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യക്കാരായ കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പുതിയ നിയമവുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. കുടിയേറ്റക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണ് എന്നാണ് അമേരിക്കന്‍ ഭരണകൂടം അറിയിച്ചത്. ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ ആശങ്ക വിതയ്ക്കുന്നതാണ് പുതിയ നടപടി. അമേരിക്കയില്‍ ജോലി ചെയ്യാനും താമസിക്കാനും ഉള്ള അംഗീകാരത്തെ ബാധിക്കുന്ന പുതിയ നിയമം 30ന് അമേരിക്കന്‍ സമയം അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.
കുടിയേറ്റ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാലും അത് പുതുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ 540 ദിവസത്തേക്ക് ആ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അനുമതി നല്‍കുന്ന ജോ ബൈഡന്‍ സര്‍ക്കാരിന്റെ തീരുമാനമാണ് ട്രംപ് ഭരണകൂടം റദ്ദാക്കിയത്.

അമേരിക്കയിലെ പൗരത്വ നിയമങ്ങളെ കബളിപ്പിച്ചും ദേശീയ താല്‍പര്യത്തിനു വിരുദ്ധമായ ലക്ഷ്യങ്ങളോടെ താമസിക്കുകയും ചെയ്യുന്ന വിദേശ കുടിയേറ്റക്കാരെ കണ്ടെത്താനാണ് പുതിയ നിയമം എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. യുഎസില്‍ ജോലി ചെയ്യുന്നത് ഒരു പ്രിവിലേജ് ആയിട്ടാണ് കാണേണ്ടതെന്നും അല്ലാതെ അവകാശമല്ലെന്നും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. കുടിയേറ്റക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമവും.
വര്‍ക്ക് പെര്‍മിറ്റ് കാലഹരണപ്പെടുന്നതിന് 180 ദിവസം മുന്‍പ് പുതുക്കാനുള്ള അപേക്ഷ ഫയല്‍ ചെയ്യണമെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വകുപ്പ് നിര്‍ദേശിക്കുന്നു. കാലാവധി കഴിഞ്ഞ് അപേക്ഷിക്കുന്നത് ജോലി നഷ്ടപ്പെടാന്‍ വരെ കാരണമാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. അതിനാല്‍ ഈ നിയമവും ഇന്ത്യക്കാരെയാണ് കൂടുതലും ബാധിക്കുക.
യുഎസില്‍ ഒരു പ്രത്യേക കാലയളവിലേക്ക് ജോലി ചെയ്യാന്‍ അനുവദിക്കുന്ന രേഖയാണ് എംപ്ലോയ്‌മെന്റ് ഓഥറൈസേഷന്‍ ഡോക്യുമെന്റ്‌സ്. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും എച്ച് വണ്‍ ബി വിസ ഉടമകള്‍ക്കും ഇത് ബാധകമല്ല. എന്നാല്‍ ഗ്രീന്‍ കാര്‍ഡ് ഉടമകളുടെ പങ്കാളികള്‍, എഫ്-1 വിസയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ രേഖ ആവശ്യമാണ്.
സെപ്റ്റംബറില്‍ ട്രംപ് ഭരണകൂടം എച്ച് വണ്‍ ബി വിസ ഫീസ് 88 ലക്ഷം രൂപയിലേറെ വര്‍ധിപ്പിച്ചത് കുടിയേറ്റക്കാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. സാങ്കേതിക മേഖലയിലാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം ഉണ്ടായത്. അമേരിക്കന്‍ കമ്പനികള്‍ മാതൃ രാജ്യത്തെ തൊഴിലാളികളെ മാറ്റി വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കാനായിരുന്നു അമേരിക്കന്‍ സര്‍ക്കാരിന്റെ ഈ നടപടി.












Click it and Unblock the Notifications