600 മില്യണ്‍ ആസ്തിയുള്ള പാലക്കാടുകാരന്‍ മലയാളി: വിവേക് രാമസ്വാമി ട്രംപിന്റെ ടീമിലേക്കോ?
2020 ല്‍ ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തിരഞ്ഞെടുത്തത് ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമായിരുന്നു. ഇന്ത്യയില്‍ വേരുകളുള്ള ഒരു വ്യക്തി അമേരിക്കയില്‍ ഇത്രയും ഉന്നതമായ പദവിയില്‍ എത്തുന്നത് ആദ്യമായിട്ടായിരുന്നു. ഇത്തവണ കമല പ്രസിഡന്റ് പദവിയിലേക്ക് കൂടി മത്സരിച്ചതോടെ ഒരു ഇന്ത്യന്‍ വംശജ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റാകുമോയെന്നതായിരുന്നു ആകാംക്ഷ. തിരഞ്ഞെടുപ്പ് ഫലം വരികയും ട്രംപ് വിജയിക്കുകയും ആ ആകാംക്ഷ അവസാനിക്കുകയും ചെയ്തു.
ട്രംപിന്റെ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്ന ചർച്ചകളും ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ജെ ഡി വാൻസ് വൈസ് പ്രസിഡന്റാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫ്ളോറിഡയില്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് പദവി ഇല്ലെങ്കിലും മറ്റൊരു ഇന്ത്യന്‍ വംശജന്‍ ട്രംപിന്റെ ക്യാബിനറ്റ് ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.

ട്രംപിന്റെ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ഏക ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയാണ്. നേരത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രൈമറിയില്‍ മത്സരിച്ച വ്യക്തിയാണ് കേരളത്തില്‍ വേരുകളുള്ള വിവേക് രാമസ്വാമി. പിന്നീട് മത്സരത്തില്‍ നിന്നും പിന്മാറിയ വിവേക് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയർന്ന് കേട്ടിരുന്നു.
വിവേക് രാമസ്വാമി വൈസ് പ്രസിഡന്റാകില്ലെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന റിപ്ലബ്ബിക്കന്‍ സ്ഥാനാർത്ഥി നല്‍കിയിട്ടുണ്ട്. വിസ്‌കോണ്‍സിനില്‍ നടന്ന റാലിയിലായിരുന്നു ട്രംപ് വിവേക് രാമസ്വാമിയെ പ്രശംസിച്ചതും ഏതെങ്കിലും രൂപത്തില്‍ തന്റെ ടീമിന്റെ ഭാഗമാകുമെന്നും പറഞ്ഞത്.
അമേരിക്കയിൽ ടെക് സംരംഭകനായ വിവേക് രാമസ്വാമിക്ക് 600 മില്യണിലധികം ഡോളറിന്റെ ആസ്തിയാണുള്ളത്. വർഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് നിന്നും മാതാപിതാക്കള്‍ക്കൊപ്പം പാലക്കാട് നിന്നുമാണ് വിവേക് അമേരിക്കയിലേക്ക് കുടിയേറിയത്. തുടക്കത്തില്‍ ഓഹിയോയിലെ ജനറൽ ഇലക്ട്രോണിക് പ്ലാന്റില്‍ അടക്കം ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് സംരഭകനായി മാറുകയായിരുന്നു.
അതേസമയം, വോട്ടെണ്ണല്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ 277 ഇലക്ടറല്‍ വോട്ടുകളാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരിക്കുന്നത്. ഇതോടെ കേവല ഭൂരിപക്ഷ സഖ്യയായ 270 വോട്ടുകള്‍ അദ്ദേഹം മറികടന്നു. 244 വോട്ടുകളാണ് ഇതുവരെ കമല ഹാരിസിന് അനുകൂലമായി ലഭിച്ചിരിക്കുന്നത്. 2016 ല്‍ ജോ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications