ഇറാനെ ആര് നയിക്കും: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ, മത്സരത്തിന് 5 പേർ, അവസാന നിമിഷം ഒരാള്‍ പിന്മാറി
ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്നും ഒരു സ്ഥാനാർത്ഥി പിന്മാറി. അന്തരിച്ച പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിക്ക് പകരം പുതിയ നേതാവിനെ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കണമെന്ന ആവശ്യം ഉയർത്തിയാണ് ഭാഗമായിട്ടാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. 53 കാരനായ അമിർഹോസൈൻ ഗാസിസാദെ ഹഷെമിയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തൻ്റെ സ്ഥാനാർത്ഥിത്വം പിന്‍വലിച്ചത്. നാളെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്.
"വിപ്ലവത്തിൻ്റെ മുന്നണി ശക്തിപ്പെടുത്തുന്നതിന്" മറ്റ് സ്ഥാനാർത്ഥികളും പത്രിക പിന്‍വലിക്കണമെന്നും അമിർഹോസൈൻ ഗാസിസാദെ ഹഷെമി ആവശ്യപ്പെട്ടതായിസർക്കാർ വാർത്താ ഏജന്‍സിയായ ഐ ആർ എൻ എ റിപ്പോർട്ട് ചെയ്തു. ഗാസിസാദെ ഹഷെമി റൈസിയുടെ വൈസ് പ്രസിഡൻ്റുമാരിൽ ഒരാളായും വിവിധ വകുപ്പുകളുടെ തലവനായും സേവനമനുഷ്ഠിച്ചിരുന്നു. 2021 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹത്തിന് 1 ദശലക്ഷത്തിൽ താഴെ വോട്ടുകൾ മാത്രമാണ് നേടാനായത്.

ഇറാനിയൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറുകളിൽ ഇത്തരം പിൻവലിക്കലുകൾ സാധാരണമാണ്, പ്രത്യേകിച്ചും വോട്ടെടുപ്പിന് മുമ്പുള്ള അവസാന 24 മണിക്കൂറിൽ.ഗാസിസാദേ ഹഷെമിയുടെ തീരുമാനത്തോടെ അഞ്ച് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
മുഹമ്മദ് ബഗർ ഗാലിബാഫ് (പാർലമെൻ്ററി സ്പീക്കർ, ടെഹ്റാൻ മുൻ മേയർ, മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് എയർഫോഴ്സ് കമാൻഡർ), സയീദ് ജലീലി (എക്‌സ്‌പെഡിയൻസി ഡിസർൺമെൻ്റ് കൗൺസിൽ അംഗം, മുൻ ചീഫ് ന്യൂക്ലിയർ നെഗോഷ്യേറ്റർ), അലിറേസ സകാനി (ടെഹ്‌റാൻ മേയർ), മസൂദ് പെസെഷ്കിയാൻ (പാർലമെൻ്റ് അംഗം), മൊസ്തഫ പൗർമുഹമ്മദി (മുൻ ആഭ്യന്തര, നീതിന്യായ മന്ത്രി) എന്നിവരാണ് മത്സര രംഗത്തുള്ളവർ. മുൻ തിരഞ്ഞെടുപ്പിലെന്നപോലെ ഈ വർഷവും എഴുപതിലേറെ പത്രികകള്‍ തള്ളിയിരുന്നു.
2005 നും 2013 നും ഇടയിൽ സേവനമനുഷ്ഠിച്ച മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദിനാണ് പത്രിക തള്ളപ്പെട്ടവരിലെ പ്രമുഖന്‍. മിതവാദിയായ മുൻ പാർലമെൻ്റ് സ്പീക്കർ അലി ലാരിജാനി, മുൻ വൈസ് പ്രസിഡൻ്റ് ഇഷാഖ് ജഹാംഗിരി എന്നിവരും പത്രിക തള്ളപ്പെട്ടവരുടെ നിരയില്‍ ഉൾപ്പെടുന്നു.
ഗാലിബാഫിനും ജലീലുനുമാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത. ഇരുവരും യാഥാസ്ഥിതികരാണ്. ഗാലിബാഫ് താരതമ്യേന മിതവാദിയായി കാണപ്പെടുന്നുണ്ടെങ്കിലും ജലീലി കടുത്ത നിലപാടുകാരനും അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ ജലീലിക്കാണ് വിജയ സാധ്യതയെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പരമോന്നത നേതാവായ ആയത്തുള്ളഖമേനിയുമായും അർദ്ധസൈനിക വിഭാഗമായ ഐആർജിസിയുമായും അദ്ദേഹത്തിന് ശക്തമായ ബന്ധമുണ്ട്.












Click it and Unblock the Notifications