ആര്‍ത്തവമില്ല..അണ്ഡാശയവുമില്ല..എന്നിട്ടും ഈ യുവതി പ്രസവിച്ചു
മെഡിക്കല്‍ ലോകത്തിന് അത്ഭുതമായി ലണ്ടനില്‍ ഒരു പ്രസവം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീക്കം ചെയ്യപ്പെട്ട അണ്ഡാശയ കോശങ്ങള്‍ പുനസ്ഥാപിച്ചാണ് പ്രസവം നടത്തിയത്.
ലണ്ടൻ: മോസ അല്‍ മസ്ത്രൂഷി എന്ന ഇരുപത്തിനാലുകാരിയായ യുവതി ഇന്ന് മെഡിക്കല്‍ രംഗത്തിന് ഒരു അത്ഭുതമാണ്. ഒന്‍പതാം വയസ്സില്‍ അണ്ഡാശയം നീക്കം ചെയ്യപ്പെട്ട മോസ കഴിഞ്ഞ ദിവസം ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി.
അണ്ഡാശയ കോശങ്ങള്‍ വര്‍ഷങ്ങളോളം ശീതീകരിച്ച് സൂക്ഷിച്ചാണ് പ്രസവം നടത്തിയത്. ലണ്ടനിലെ പോര്‍ട്ട്‌ലന്‍ഡ് ആശുപത്രിയിലാണ് ഈ അത്ഭുത പ്രസവം നടന്നത്.
ഓവേറിയന്‍ ടിഷ്യൂ ഫ്രോസണിംഗ് എന്ന നൂതന ചികിസ്താ രീതിയിലൂടെയാണ് ഈ അത്ഭുത പ്രസവം. ഇത്തരത്തില്‍ കുഞ്ഞിന് ജന്മം നല്‍കുന്ന ലോകത്തിലെ ആദ്യത്തെ അമ്മയെന്ന റെക്കോര്‍ഡ് ഇനി മോസയ്ക്ക് സ്വന്തം.

ദുബായില്‍ ജനിച്ച മോസയുടെ ഒന്‍പതാം വയസ്സിലായിരുന്നു വലത് അണ്ഡാശയം നീക്കം ചെയ്യപ്പെട്ടത്. പാരമ്പര്യമായിക്കിട്ടിയ രോഗമായിരുന്നു കാരണം. രക്തത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനം കുറയുന്ന രോഗമായിരുന്നു മോസയ്ക്ക്. മജ്ജ മാറ്റിവെക്കല്‍ മാത്രമായിരുന്നു ഏക പ്രതിവിധി. അത് ചെയ്തില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവുന്ന സ്ഥിതിയിലായിരുന്നു മോസ

ചികിത്സയ്ക്കിടെ മോസയുടെ രണ്ടാമത്തെ അണ്ഡാശയവും പ്രവര്‍ത്തനരഹിതമായി. ഇതോടെ ചെറിയ പ്രായത്തില്‍ മോസയുടെ ആര്‍ത്തവവും നിലച്ചു. സ്വന്തമായി ഒരു കുഞ്ഞ് എന്നത് മോസയ്ക്ക് വിദൂര സ്വപ്‌നം മാത്രമായി.

ആര്‍ത്തവത്തിന് മുന്‍പുള്ള പ്രായത്തില്‍ അണ്ഡാശയം നീക്കം ചെയ്യപ്പെട്ട സ്ത്രീക്ക് പ്രസവമെന്നത് ഇതുവരെ അസാധ്യമായിരുന്നു. അതുകൊണ്ടുതന്നെ മോസയില്‍ നടത്തിയത് ചരിത്രപരമായ ഒരു പരീക്ഷണമാണ്. മോസയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട അണ്ഡാശയ കോശങ്ങള്‍ ലീഡ്‌സ് യൂണിവേഴ്‌സിറ്റില്‍ വര്‍ഷങ്ങളോളം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ആ കോശങ്ങള്‍ വീണ്ടും മോസയുടെ ശരീരത്തില്‍ പുനസ്ഥാപിച്ചു.

ഒരാളുടെ ശരീരത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ട അണ്ഡാശയകോശങ്ങള്‍ തിരികെ പുന:സ്ഥാപിക്കുന്നു. ഇത് വഴി അണ്ഡോല്‍പാദനവും പഴയപടിയാവുന്നു.
നീക്കം ചെയ്യപ്പെട്ട കോശങ്ങള്‍ വര്‍ഷങ്ങളോളം ശീതീകരിച്ച് സൂക്ഷിച്ചാണ് സംരക്ഷിക്കുന്നത്.

അണ്ഡാശയം നീക്കം ചെയ്ത യുവതി പ്രസവിക്കുന്നത് ആദ്യത്തെ സംഭവമല്ല. നേരത്തെ ഒരു ബെല്‍ജിയന്‍ യുവതി ഓവേറിയന്‍ ടിഷ്യൂ ഫ്രോസണിംഗ് ചികിത്സയിലൂടെ പ്രസവിച്ചിരുന്നു. എന്നാല്‍ ആര്‍ത്തവം നിലയ്ക്കുക കൂടി ചെയ്ത യുവതി ഈ ചികിത്സയിലൂടെ പ്രസവിക്കുന്നത് ലോകത്ത് ആദ്യമായാണ്.

വന്ധ്യതാ ചികിത്സാ രംഗത്ത് ഏറെ സാധ്യതകള്‍ നല്‍കുന്നതാണ് മോസയുടെ ഈ അത്ഭുത പ്രസവം. ക്യാന്‍സര്‍ ചിക്തിസയുടെയും മറ്റും ഭാഗമായി വന്ധ്യരാക്കപ്പെടുന്നവര്‍ക്ക് ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കുന്നത് കൂടിയാണിത്.












Click it and Unblock the Notifications