കാമുകന്‍ ഉപേക്ഷിച്ചു ; യുവതി കെ.എഫ്.സി. ചിക്കന്‍ കഴിച്ച് സങ്കടം തീര്‍ത്തു
കാമുകന്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്നുളള സങ്കടമകറ്റാന്‍ യുവതി കണ്ടുപിടിച്ച പോംവഴി കെ.എഫ്.സിയിലെ ചിക്കന്‍. ചൈനയിലെ ടാന്‍ ഷെന്‍ എന്ന ഇരുപത്തിയാറുകാരിയാണ് ഒരാഴ്ച തുടര്‍ച്ചയായി കെ.എഫ്.സിയിലെ ഫ്രൈഡ് ചിക്കനെ സങ്കടങ്ങള്‍ മറക്കാന്‍ കൂട്ടുപിടിച്ചത്.
ചൈനയിലെ സൗത്ത് വെസ്റ്റ് സിച്വാന്‍ പ്രൊവിന്‍സിലാണ് സംഭവം. പ്രണയനൈരാശ്യത്തിലായിരുന്ന യുവതി എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലായിരുന്നു. ചിന്തിക്കാനും സാധാരണഗതിയിലേക്ക് മടങ്ങാനും അല്പം സമയം ആവശ്യമുണ്ടായിരുന്നു. അപ്പോഴാണ് ഇഷ്ടമുളളത് എന്തെങ്കിലും കഴിച്ചാലോ എന്ന ചിന്ത. വൈകിട്ട് ഓഫീസില്‍ നിന്ന് മടങ്ങവെ വീട്ടിനടുത്തുളള കെ.എഫ്.സി. റെസ്റ്റോറന്റില്‍ കയറി ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തു. കഴിച്ച് തുടങ്ങിയപ്പോള്‍ ബാക്കിയെല്ലാം മറന്നു. അപ്പാര്‍ട്ട്‌മെന്റില്‍ ചെന്നാല്‍ കാമുകനെപ്പറ്റിയുളള ഓര്‍മ്മകള്‍ അലട്ടുമെന്ന് ഉറപ്പായിരുന്നു. എങ്കില്‍പ്പിന്നെ എല്ലാം മറക്കാന്‍ ഇതുതന്നെ നല്ല പോംവഴിയെന്ന് മനസ്സില്‍ ഉറപ്പിച്ചു. എന്നാല്‍ ഇത്രയധികം സമയം അവിടെ ചെലവഴിക്കണമെന്നൊന്നും ആലോചിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു. തുടര്‍ന്നുളള ഒരാഴ്ച പൂര്‍ണമായും കെ.എഫ്.സിയില്‍ അഭയം പ്രാപിക്കുകയായിരുന്നു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ചൈനയിലെ ഈ കെ.എഫ്.സി. റെസ്റ്റോറന്റ്. മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് യുവതി ഇവിടെ സ്ഥിരതാമസമാക്കിയ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. യുവതിയെക്കൊണ്ട് മറ്റ് ശല്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ ആരും പരാതിയും പറഞ്ഞില്ല. മതിയാവോളം ചിക്കന്‍ യുവതിയ്ക്കായി അവര്‍ സന്തോഷത്തോടെ വിളമ്പി. സംഭവം പുറത്തറിഞ്ഞതോടെ ചൈനയിലെ ചില മാധ്യമങ്ങള്‍ ഓടിയെത്തി. ഇതോടെ യുവതി സ്ഥലം കാലിയാക്കുകയായിരുന്നു.












Click it and Unblock the Notifications