'കിഡ്‌നാപ്പ് ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ചു'; ഊബര്‍ ഡ്രൈവറെ വെടിവെച്ച് കൊന്ന് യാത്രക്കാരി
ടെക്‌സാസ്: തന്നെ തട്ടിക്കൊണ്ടുപോകുകയാണ് എന്ന് തെറ്റിദ്ധരിച്ച് ഊബര്‍ ഡ്രൈവറെ വെടിവെച്ച് കൊന്ന് യാത്രക്കാരി. അമേരിക്കയിലെ ടെക്‌സാസില്‍ ജൂണ്‍ 16 നാണ് ഞെട്ടിക്കുന്ന സംഭവം. 48 കാരിയായ ഫീബ് കോപാസ് എന്ന സ്ത്രീയാണ് ഊബര്‍ ഡ്രൈവറായ ഡാനിയല്‍ പീദ്ര ഗാര്‍ഷ്യയെ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ ഫീബ് കോപാസിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കെന്റുക്കി സ്വദേശിയായ കോപാസ് തന്റെ കാമുകനെ കാണാനാണ് ടെക്‌സാസില്‍ എത്തിയത്. കാമുകന്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ കാണാനും ഒരു ലോക്കല്‍ കാസിനോയിലേക്ക് പോകാനുമായാണ് കോപാസ് ഊബര്‍ വിളിക്കുന്നത്. യാത്രക്കിടെ ജുവാരസ്, മെക്‌സിക്കോ എന്ന സൈന്‍ ബോര്‍ഡ് കൊണ്ട കോപാസ് തന്നെ മെക്‌സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോകുകയാണ് എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇതോടെ തന്റെ ഭാഗില്‍ നിന്ന് റിവോള്‍വര്‍ എടുത്ത കോപാസ് പീദ്ര ഗാര്‍ഷ്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പീദ്ര ഗാര്‍ഷ്യയുടെ തലക്ക് പിറകിലും കൈത്തണ്ടയിലുമാണ് വെടിയേറ്റത്. ഇതോടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയും ചെയ്തു. പൊലീസിനെ വിവരം അറിയിക്കുന്നതിന് മുന്‍പ് ഇതിന്റെ ചിത്രം കോപാസ് കാമുകന് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീദ്ര ഗാര്‍ഷ്യ കോപാസിനെ തട്ടിക്കൊണ്ടുപോയതല്ല എന്ന് വ്യക്തമായി. കോപാസിന്റെ ലക്ഷ്യസ്ഥാനത്ത് നിന്ന് മാറിയല്ല കാര്‍ സഞ്ചരിച്ചത് എന്നും പൊലീസ് പറഞ്ഞു. ഊബര്‍ ആപ്പിലെ റൂട്ട് മാപ്പ് അനുസരിച്ചായിരുന്നു പീദ്ര ഗാര്‍ഷ്യ കാറോടിച്ചത് എന്ന് അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കി. വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു പീദ്ര ഗാര്‍ഷ്യ ബുധനാഴ്ചയാണ് മരിച്ചത്.
ഇതോടെ ഫീബ് കോപാസിന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ ഗുരുതരമായ പരിക്കേല്‍പ്പിച്ചതിനും കൊലപാതകശ്രമത്തിനുമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 1.5 മില്യണ്‍ ഡോളറിന്റെ ബോണ്ടിലാണ് കോപാസിനെ തടവിലാക്കിയിരിക്കുന്നതെന്ന് എല്‍ പാസോ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ഊബര്‍ രംഗത്തെത്തി.
യാത്രക്കാരിയുടെ പ്രവര്‍ത്തി അത്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ് എന്ന് ഊബര്‍ അധികൃതര്‍ പറഞ്ഞു. ഊബര്‍ പ്ലാറ്റ്‌ഫോമില്‍ അക്രമം അനുവദിക്കില്ലെന്നും ഡ്രൈവര്‍മാരുടെ സുരക്ഷ പ്രധാനമാണ് എന്നും ഊബര്‍ പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞയുടന്‍ ഫീബ് കോപാസിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും ഊബര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications