പാകിസ്താന്‍ മാറുന്നു!! സമ്പൂര്‍ണ പരിഷ്‌കരണവുമായി ഷഹ്ബാസിന്റെ ആദ്യദിനം
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷഹ്ബാസ് ഷരീഫ് ആദ്യദിനം ഓഫീസിലെത്തിയത് രാവിലെ എട്ട് മണിക്ക്. ജീവനക്കാര്‍ എത്തുന്നതിന് മുമ്പേ പ്രധാനമന്ത്രി ജോലി തുടങ്ങിയത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. പത്ത് മണി മുതലാണ് ഉദ്യോഗസ്ഥര്‍ ജോലി തുടങ്ങിയിരുന്നത്. ആഴ്ചയില്‍ രണ്ടുദിവസം അവധി എന്നുള്ളത് ഒരു ദിവസമാക്കി കുറയ്ക്കാന്‍ ഷഹ്ബാസ് നിര്‍ദേശം നല്‍കി. ഇനി മുതല്‍ ഞായറാഴ്ച മാത്രമാകും അവധി. വെള്ളിയോ ശനിയോ അവധിയുണ്ടാകില്ല. തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗം മെച്ചപ്പെടുത്താന്‍ ശക്തമായ അച്ചടക്ക നടപടികള്‍ ഷഹ്ബാസ് കൊണ്ടുവരുമെന്നാണ് കരുതുന്നത്.
പഞ്ചാബിനെ സമ്പന്നമാക്കിയ നേതാവ് എന്ന നിലയിലാണ് പാകിസ്താന്‍കാര്‍ ഷഹ്ബാസിനെ കാണുന്നത്. അദ്ദേഹം പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഓഫീസ് ടൈം രാവിലെ എട്ട് മുതലാക്കി മാറ്റിയിരിക്കുകയാണ് ഷഹ്ബാസ്. വൈകീട്ട് ആറ് വരെ ഓഫീസ് പ്രവര്‍ത്തിക്കും. 10 മണിക്കൂര്‍ ജോലി ചെയ്യാനാണ് ഷഹ്ബാസിന്റെ നിര്‍ദേശം. പാഴാക്കാന്‍ ഇനി സമയമില്ലെന്ന് ഷഹ്ബാസ് ഉദ്യോഗസ്ഥരുമായി സംവദിക്കവെ പറഞ്ഞു. സുതാര്യതയാണ് ജോലിയുടെ പുതിയ തത്വമെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ ഉയര്‍ത്താനും കുറഞ്ഞ ശമ്പളം 25000 രൂപയാക്കാനും ഷഹ്ബാസ് നിര്‍ദേശം നല്‍കി. സിവില്‍, സൈനിക ജീവനക്കാരുടെ പെന്‍ഷന്‍ പത്തുശതമാനം വര്‍ധിപ്പിച്ചു. കൂടാതെ പൊതുവിതരണകേന്ദ്രങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം ലഭ്യമാക്കാനും തീരുമാനമായി. സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം ഉയര്‍ത്താന്‍ കമ്പനി ഉടമകളോട് പ്രധാനമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.
തിങ്കാളാഴ്ച അര്‍ധരാത്രി സത്യപ്രതിജ്ഞചെയ്ത ശേഷം ഷഹബാസ് ഷരീഫ് ഇന്ന് ഓഫിസിലെത്തി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സാമ്പത്തിക വിദഗ്ധരുടെ യോഗം വിളിച്ച പ്രധാനമന്ത്രി വിദഗ്ധരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. പുതിയ മന്ത്രിസഭാ പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നാണ് കരുതുന്നത്. ബിലാവല്‍ ഭൂട്ടോ വിദേശകാര്യ മന്ത്രിയായേക്കും. റാണ സനാവുല്ല ആഭ്യന്തര മന്ത്രിയും മറിയം ഔറംഗസീബ് വാര്‍ത്താ വിതരണ മന്ത്രിയാകുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയും പാകിസ്താനും പരസ്പരം സമാധാനം ഉറപ്പാക്കണമെന്നും ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും ഷഹ്ബാസ് കൂട്ടിച്ചേര്‍ത്തു. ഷഹ്ബാസിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ച സന്ദേശം പങ്കുവച്ചുകൊണ്ടായിരുന്നു ഷഹബാസ് ഷരീഫിന്റെ ഈ പ്രതികരണം.
നരേന്ദ്രമോദിയുടെ അഭിനന്ദനത്തിന് നന്ദി. ഇന്ത്യയുമായി സമാധാനപരവും പരസ്പര സഹകരണത്തില്‍ ഊന്നിയതുമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. കശ്മീര്‍ വിഷയത്തിലുള്‍പ്പെടെ, സമാധാനപരമായ ഒത്തുതീര്‍പ്പ് ആവശ്യമാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന് സംഭവിച്ച നഷ്ടം എല്ലാവര്‍ക്കും അറിയാം. നമുക്ക് സമാധാനം ഉറപ്പാക്കാം. ജനങ്ങളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുംചെയ്യാമെന്നും ഷഹബാസ് ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications