കൊവിഡിനേക്കാള്‍ വലിയ മഹാമാരി വരുന്നു, കരുതിയിരുന്നോളൂ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് മഹാമാരിയേക്കാള്‍ ഭീകരമായ പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം എന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. യു എന്‍ ഏജന്‍സിയുടെ വാര്‍ഷിക അസംബ്ലിയില്‍ ബജറ്റ് വര്‍ദ്ധനവ് അംഗീകരിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
കൊവിഡ് മഹാമാരിയുടെ ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അടുത്ത പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. നമ്മള്‍ വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പിന്നെ ആരാണ് അത് ചെയ്യുക എന്നും ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണ് അത് ചെയ്യുക എന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചോദിച്ചു.

ജനങ്ങളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്നതിന് കാരണമാകുന്ന മറ്റൊരു മാരകമായ വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട് എന്നും അടുത്ത മഹാമാരിയെ ഇല്ലാതാക്കാന്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാര്‍ഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരിയേയും പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജനീവയില്‍ നടക്കുന്ന 10 ദിവസത്തെ വാര്‍ഷിക ലോകാരോഗ്യ അസംബ്ലി, ഭാവിയിലെ പകര്‍ച്ചവ്യാധികള്‍, പോളിയോ നിര്‍മാര്‍ജനം, റഷ്യയുടെ അധിനിവേശം മൂലമുണ്ടായ ഉക്രെയ്‌നിന്റെ ആരോഗ്യ അടിയന്തരാവസ്ഥ ലഘൂകരിക്കാനുള്ള നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആഗോള ആരോഗ്യ വെല്ലുവിളികളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.
ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങള്‍ ഒരു മഹാമാരി ഉടമ്പടി തയ്യാറാക്കുകയാണ്. അടുത്ത വര്‍ഷത്തെ യു എന്‍ അസംബ്ലിയില്‍ ഇത് സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഈ തലമുറയില്‍ നിന്നുള്ള പ്രതിബദ്ധത പ്രധാനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തലമുറയാണ് ഒരു ചെറിയ വൈറസ് എത്ര ഭയാനകമാകുമെന്ന് അനുഭവിച്ചത് എന്നും ടെഡ്രോസ് പറഞ്ഞു.
സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്ന് ബസ് ഫെഡറേഷന്‍, പണിമുടക്കിന് മാറ്റമില്ലെന്ന് ഒരു വിഭാഗം
കൊവിഡ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ചെലുത്തിയ ആഘാതത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മഹാമാരി നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു. പക്ഷേ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നമ്മുടെ ധ്രുവ നക്ഷത്രമായി തുടരണം എന്നും അദ്ദേഹം പറഞ്ഞു. 2017 ലെ ലോകാരോഗ്യ അസംബ്ലിയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ബില്യണ്‍ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പുകളെ മഹാമാരി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications