ഇക്കാര്യത്തില്‍ യുഎഇ തന്നെ ഒന്നാം സ്ഥാനത്ത്; 180 രാജ്യങ്ങളില്‍ ഇളവ്, ഇന്ത്യ സാംബിയക്കൊപ്പം
ദുബായ്: വിദേശ യാത്രയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ് പാസ്‌പോര്‍ട്ട്. ഓരോ രാജ്യങ്ങള്‍ക്കും അവരുടേതായ ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന പാസ്‌പോര്‍ട്ടുണ്ടാകും. രാജ്യത്തിന്റെ സുസ്ഥിരത, സാമ്പത്തിക കെട്ടുറപ്പ്, സുരക്ഷ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ അനുസരിച്ച് പാസ്‌പോര്‍ട്ടുകള്‍ക്ക് കരുത്ത് വര്‍ധിക്കും. ഓരോ പാസ്‌പോര്‍ട്ടുകള്‍ക്കും കരുത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം.
ലോകത്ത് ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് ഏത് എന്നത് എല്ലാ വര്‍ഷവും പുറത്തുവരുന്ന വിവരമാണ്. യുഎഇയാണ് കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഈ വര്‍ഷവും യുഎഇ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് ആഗോള ധനകാര്യ ഉപദേശക സംഘടനയായ അര്‍ടണ്‍ കാപിറ്റല്‍ വ്യക്തമാക്കുന്നു. 2024ലെ പാസ്‌പോര്‍ട്ട് സൂചിക സംഘടന പുറത്തുവിട്ടു.

യുഎഇ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 180 രാജ്യങ്ങളില്‍ വിസാ ഇളവ് ലഭിക്കുമെന്നതാണ് പ്രത്യേകത. 120 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ ഈ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് സാധിക്കും. മാത്രമല്ല, 60 രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യവും യുഎഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അനുവദിക്കുന്നു. രണ്ടാം സ്ഥാനത്ത് നിരവധി രാജ്യങ്ങളുണ്ട്.
ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ് എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 178 രാജ്യങ്ങളിലേക്ക് വിസ ഇളവ് ഇവര്‍ക്ക് ലഭിക്കും. സ്വീഡന്‍, ഫിന്‍ലാന്റ്, ലക്‌സംബര്‍ഗ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്റ് എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളാണ് സൂചികയില്‍ മൂന്നാം സ്ഥാനത്ത്. 117 രാജ്യങ്ങളില്‍ ഇവര്‍ക്ക് ഇളവുണ്ട്.
ഇന്ത്യ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇല്ല എന്നതും എടുത്തുപറയണം. ഇന്ത്യയുടെ സ്ഥാനം 66 ആണ്. ആഫ്രിക്കന്‍ രാജ്യമായ സാംബിയക്കൊപ്പമാണ് ഇന്ത്യ. ഇന്ത്യയുടെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 26 രാജ്യങ്ങൡലേക്ക് മാത്രമാണ് വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുക. 121 രാജ്യങ്ങളിലേക്ക് വിസ നിര്‍ബന്ധമാണ്. 51 രാജ്യങ്ങളിലേക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണ്.
ശ്രീലങ്ക, തായ്‌ലാന്റ്, ഇന്തോനേഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിശ്ചിത കാലത്തേക്ക് മാത്രമാണ് വിസ രഹിത യാത്ര ഈ രാജ്യങ്ങള്‍ അനുവദിച്ചിട്ടുള്ളത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കരുത്ത് വര്‍ധിക്കുന്നു എന്ന മാറ്റവും എടുത്തുപറയണം.












Click it and Unblock the Notifications