ശുഭ സൂചനകളുമായി ഷീ ജിന്‍പിങ്-ബൈഡന്‍ കൂടിക്കാഴ്ച: പക്ഷെ ചൈനീസ് മേധാവി 'സ്വേച്ഛാധിപതി തന്നെ'
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗുമായി ബുധനാഴ്ച നടന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്തല്‍. ഫെന്റനൈൽ ഉത്പാദനം തടയുന്നതിനും സൈനിക ആശയവിനിമയം പുനഃസ്ഥാപിക്കുന്നതിനുമുള്ള കരാറുകൾ സംബന്ധിച്ച ചർച്ചയും നാല് മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയുടെ ഭാഗമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അഭിപ്രായവ്യത്യാസമുള്ള സമയങ്ങളിൽ ഫോൺ എടുക്കാനും സംസാരിക്കാനും താനും ഷീ ജിന്‍പിങ്ങും തയ്യാറായിട്ടുണ്ടെന്നും ചർച്ചകളെ "ഞങ്ങൾ നടത്തിയ ഏറ്റവും ക്രിയാത്മകവും ഉൽപ്പാദനക്ഷമവുമായ ചില ചർച്ചകൾ" എന്ന് വിളിക്കുകയും ചെയ്തുവെന്നാണ് യോഗശേഷം ബൈഡന്‍ വ്യക്തമാക്കിയത്. അതേസമയം, താൻ ഇപ്പോഴും ഷീ ജിന്‍പിങിനെ സ്വേച്ഛാധിപതിയായി കണക്കാക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

അടുത്ത കാലത്തെങ്ങും ഇല്ലാത്ത വിധത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുന്നേറ്റമുണ്ടായപ്പോഴും ചൈനീഷ് നേതാവിനെ സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിക്കാന്‍ ബൈഡന്‍ തയ്യാറായത് ബന്ധങ്ങള്‍ അടുത്ത കാലത്തൊന്നും അത്രയധികം സുഖകരമാക്കില്ലെന്ന സൂചനയാണ് നല്‍കുന്നതെന്നും അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഫെന്റനൈലിന്റെയും സൈനിക ആശയവിനിമയത്തിന്റെയും കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടാകുമെന്ന തരത്തില്‍ കൂടിക്കാഴ്ചയ്ക്ക് മുമ്പ് തന്നെ സൂചനകളുണ്ടായിരുന്നു. ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ചൈനീസ് നേതാവിനോടുള്ള തന്റെ സമീപനത്തില്‍ മാറ്റമില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയെങ്കിലും വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള പിരിമുറുക്കമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന പുരോഗതിയായിട്ടാണ് കൂടിക്കാഴ്ചയെ കാണുന്നത്.
രണ്ട് വൻശക്തികളും തമ്മിലുള്ള മാസങ്ങൾ നീണ്ട പിരിമുറുക്കത്തിന് ശേഷം യുഎസ്-ചൈന ബന്ധം സുസ്ഥിരമായ നിലയിലാക്കാൻ ഈ കൂടിക്കാഴ്ച ഉപയോഗിക്കാനാണ് ബൈഡന്‍ ലക്ഷ്യമിട്ടത്. അമേരിക്കയിലെ മയക്കുമരുന്ന് പ്രതിസന്ധിക്ക് ആക്കം കൂട്ടിയ ശക്തമായ മയക്കുമരുന്നായ ഫെന്റനൈലിന്റെ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികളെ കണ്ടെത്താന്‍ ചൈന സമ്മതിച്ചതായും ബൈഡന്‍ പറഞ്ഞു.
ഉച്ചകോടിയിലെ ഉറപ്പുകള്‍ ചൈന പിന്തുടരുമോയെന്ന് യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കും. ഫെന്റനൈലിന്റെ രാസവസ്തുക്കൾ കുറയ്ക്കുന്നതിനുള്ള ചൈനയിൽ നിന്നുള്ള ഉറപ്പ് "ജീവൻ രക്ഷിക്കും" എന്ന് പറഞ്ഞ പ്രസിഡന്റ്, ഈ വിഷയത്തിൽ ചൈനീസ് പ്രതിബദ്ധതയെ താൻ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞു.
അതേസമയം, സൗത്ത് ചൈന കടലലില്‍ ഫിലിപ്പീന്‍സുമായുള്ള ചൈനയുടെ തര്‍ക്കം അമേരിക്കയുമായുള്ള സംഘർഷത്തില്‍ കലാശിക്കുമോയെന്ന അഭ്യൂഹവും ശക്തമാണ്. ഫിലിപ്പീന്‍സിനെതിരെ ചൈന എന്തെങ്കിലും തരത്തില്‍ നീക്കം നടത്തിയാല്‍ ഇടപെടുമെന്ന വ്യക്തമായ സൂചന നല്‍കി യുഎസും രംഗത്ത് വന്നിട്ടുണ്ട്. തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലില്‍ എന്തെങ്കിലും ആക്രമണമുണ്ടായാല്‍ ഫിലിപ്പീന്‍സിനെ യുഎസ് പ്രതിരോധിക്കുമെന്ന് ജോ ബൈഡന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications