Get Updates
Get notified of breaking news, exclusive insights, and must-see stories!

യാസിര്‍ അറഫാത്തിന്റെ മോഹം; 1988ല്‍ നടന്നത്, ഇസ്രായേലിന് അടുത്തെത്തുന്ന പലസ്തീന്‍

പലസ്തീന്‍ രാഷ്ട്രത്തെ കൂടുതല്‍ രാജ്യങ്ങള്‍ അംഗീകരിക്കുകയാണ്. ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചേരുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയേക്കും. ബ്രിട്ടനും കാനഡയും ഓസ്ട്രലേിയയും പോര്‍ച്ചുഗലും നടത്തിയ പ്രഖ്യാപനം പലസ്തീന്‍കാരുടെ മോഹം യാഥാര്‍ഥ്യമാകുമെന്ന സൂചന നല്‍കുന്നു.

യുഎന്നില്‍ അംഗത്വമുള്ള 193 രാജ്യങ്ങളില്‍ 165 രാജ്യങ്ങളാണ് ഇസ്രായേലിനെ അംഗീകരിച്ചിട്ടുള്ളത്. പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളുടെ എണ്ണം 148 ആയി. കൂടുതല്‍ രാജ്യങ്ങള്‍ വൈകാതെ അംഗീകരിച്ചേക്കും. ഇവിടെയാണ് പലസ്തീന്‍ വിമോചന നായകനായിരുന്ന യാസിര്‍ അറഫാത്തിന്റെ നീക്കങ്ങള്‍ കൂടി ചര്‍ച്ചയാകുന്നത്. 1988ലെ പ്രഖ്യാപനം ഇതില്‍ എടുത്തു പറയേണ്ടതാണ്....

yasser arafat palestine leader-

പലസ്തീന്റെ മോചനം ലക്ഷ്യമിട്ട് യാസിര്‍ അറഫാത്ത് ഉള്‍പ്പെടെയുള്ളവര്‍ രൂപീകരിച്ച സാമൂഹിക-രാഷ്ട്രീയ-പ്രതിരോധ പ്രസ്ഥാനമാണ് ഫതഹ്. 1959ല്‍ കുവൈത്തില്‍ വച്ചായിരുന്നു രൂപീകരണം. അറബ് ലീഗിന്റെ പിന്തുണയിലാണ് 1964ല്‍ പലസ്തീന്‍ വിമോചന സംഘടന (പിഎല്‍ഒ) രൂപീകരിച്ചത്. 1969ല്‍ ഇതിന്റെ ചെയര്‍മാനായി അറഫാത്ത് നിയമിക്കപ്പെട്ടു. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പലസ്തീന് പിന്തുണ നേടാന്‍ ശ്രമിച്ചിരുന്നു.

1988ലെ പ്രഖ്യാപനം

1988ലാണ് പിഎല്‍ഒ ആദ്യമായി പലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. അള്‍ജീരിയയുടെ തലസ്ഥാനത്ത് വച്ചായിരുന്നു പ്രഖ്യാപനം. പലസ്തീന്‍ രാഷ്ട്രത്തെ ആദ്യം അംഗീകരിച്ച രാജ്യവും അള്‍ജീരിയയാണ്. തൊട്ടുപിന്നാലെ അറബ് ലീഗിലെ രാജ്യങ്ങള്‍, സോവിയറ്റ് ബ്ലോക്കിലെ രാജ്യങ്ങള്‍, ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചു.

ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു യാസര്‍ അറഫാത്ത്. ഇന്ത്യയുടെ എല്ലാ പിന്തുണയും പലസ്തീന് ലഭിക്കുകയും ചെയ്തു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത്. എങ്കിലും ദ്വിരാഷ്ട്ര രൂപീകരണത്തിലൂടെ പ്രശ്‌നം പരിഹരിക്കണം എന്ന നിലപാട് തന്നെയാണ് ഇപ്പോഴും ഇന്ത്യയ്ക്കുള്ളത്.

നൊബേല്‍ പുരസ്‌കാരം

ഇസ്രായേലുമായി സമാധാനപരമായ പരിഹാരം എന്ന നിലയിലേക്കും അറഫാത്ത് മാറിയിരുന്നു. 1993ലെ ഓസ്ലോ ഉടമ്പടി ഇതിന്റെ ഭാഗമാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും പലസ്തീന്‍ അതോറിറ്റിക്ക് സ്വയം ഭരണം ഇതിലൂടെ ലഭിച്ചെങ്കിലും നാമമാത്രമായ അധികാരമായി പിന്നീട് ചുരുങ്ങി. ഇസ്രായേല്‍ നേതാക്കള്‍ക്കൊപ്പം 1994ലെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് അറഫാത്തിനെ തിരഞ്ഞെടുക്കാന്‍ കാരണം ഓസ്ലോ ഉടമ്പടിയായിരുന്നു. ഇസ്രായേലുമായി അനുനയ നീക്കത്തിലേക്ക് അറഫാത്ത് മാറിയതോടെയാണ് ഹമാസിന്റെ പിറവി.

ഏറെ കാലം രോഗബാധിതനായ ശേഷമാണ് 2004ല്‍ അറഫാത്ത് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തിലും ഇസ്രായേലിന് പങ്കുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അറഫാത്തിന്റെ മോഹം യാഥാര്‍ഥ്യമാകുകയാണ്. നിലവില്‍ 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ 16 രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചുകഴിഞ്ഞു.

54 അംഗ ആഫ്രിക്കന്‍ യൂണിയനില്‍ ഇസ്രായേലുമായി അടുപ്പമുള്ള എരിത്രിയയും കാമറൂണും ഒഴികെയുള്ള രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചിട്ടുണ്ട്. 2011ല്‍ യുനസ്‌കോയില്‍ അംഗത്വം ലഭിച്ചു. 2012ല്‍ യുഎന്നിലെ നിരീക്ഷക പദവി പലസ്തീന് കിട്ടി. 2015ല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഭാഗമായി. ഡബ്ല്യുഎച്ച്ഒ ഉള്‍പ്പെടെയുള്ള യുഎന്‍ സംഘടനകളിലും പലസ്തീന് അംഗത്വമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+