ഐസിസ് ബലാത്സംഗം; യാസിദി സ്ത്രീകള്‍ കന്യാചര്‍മം വെച്ചുപിടിപ്പിക്കുന്നു
ബാഗ്ദാദ്: ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ യാസിദി സ്ത്രീകള്‍ വ്യാപകമായി കന്യാചര്‍മം വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നതായി റിപ്പോര്‍ട്ട്. ഐസിസില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകളില്‍ പലരും ഗര്‍ഭിണികളാണ്. ഇവര്‍ ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കന്യകാത്വം നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം മതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നേക്കുമെന്ന ഭയം മൂലമാണ് പലരും ശസ്ത്രക്രിയക്ക് വിധേയരാകുന്നത്. ഗര്‍ഭഛിദ്രത്തിന് കടുത്ത നിരോധനമുള്ള കുര്‍ദ്ദിസ്ഥാനില്‍ പോലും ഇതിനായി സ്ത്രീകള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ യാചിക്കുകയാണ്. ഐസിസ് തീവ്രവാദികളുടെ കുട്ടികളെ പ്രസവിക്കുന്ന കാര്യം അവര്‍ക്ക് അചിന്തിനീയമാണ്.

ഏതാണ്ട് 40,000ത്തോളം യാസിദി സ്ത്രീകളെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി സൂക്ഷിക്കുകയായിരുന്നു. എട്ടുവയസുള്ള കുട്ടികള്‍ മുതല്‍ ഇവരുടെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. വഴങ്ങാത്തവരെ പരസ്യമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ചിലര്‍ ആത്മഹത്യ ചെയ്തപ്പോള്‍ മറ്റു ചിലര്‍ ഇപ്പോഴും കൊടിയ പീഡനങ്ങളുമായി കഴിയുകയാണ്.
ഇവരില്‍ ചിലരെ ഐസിസ് തന്നെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഒട്ടേറെപേര്‍ തീവ്രവാദികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ഇവരാണ് ഐസിസ് ക്യാമ്പുകളില്‍ അനുഭവിക്കേണ്ടിവന്ന ദുരിതം പുറംലോകത്തെത്തിച്ചത്. യാസിദി പുരുഷന്മാരെ ജീവനോടെ കുഴിച്ചുമൂടിയും വെടിവെച്ചു കൊലപ്പെടുത്തിയുമാണ് ഐസിസ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications