യമന്‍: തന്ത്രപ്രധാനമായ ഹുദൈദ വിമാനത്താവളം സൗദി സഖ്യം പിടിച്ചെടുത്തു, ഹുത്തികള്‍ക്ക് തിരിച്ചടി!
സനാ: യുദ്ധം ശക്തിയാര്‍ജ്ജിച്ച യമനിലെ ഹുദൈദ വിമാനത്താവളത്തിന്റെ നിയന്ത്രണം ഹൂത്തികളുടെ കൈകളില്‍ നിന്ന് സൗദി സഖ്യസേന പിടിച്ചെടുത്തതായി യമന്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം വിമാനത്താവളത്തിന്റെ കവാടത്തിലേക്ക് നീങ്ങിയ സൗദി-യു.എ.ഇ സഖ്യസൈന്യത്തിനു നേരെ ഹൂത്തികള്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ വിമാനത്താവളം തകര്‍ന്നതായി സൈന്യം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല്‍പതിലേറെ വ്യോമാക്രമണങ്ങളാണ് ഹൂത്തി സൈന്യം നടത്തിയത്. ഇരുവിഭാഗവും രാവിലെ മുതല്‍ നടത്തിയ ശക്തമായ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം സൗദി സഖ്യസൈന്യം പിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച സൗദി-യു.എ.ഇ സൈന്യം ജനവാസ കേന്ദ്രത്തിനു നേരെ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തിരുന്നു. കെട്ടിടങ്ങള്‍ക്കു മുകളില്‍ മറഞ്ഞിരിക്കുന്ന ഹൂത്തി ഒളിപ്പോരാളികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

പ്രധാന തുറമുഖ നഗരം കൂടിയായ ഹുദൈദയുടെ നിയന്ത്രണം നഷ്ടമാവുന്നത് ഹൂത്തികള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൂത്തികളുടെ ശക്തികേന്ദ്രമായ സനായിലുള്‍പ്പെടെ ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റും ചെങ്കടല്‍ തീരത്തെ തുറമുഖം വഴി എത്തിക്കുന്നത് ഹൂദൈദയിലൂടെയാണ്. നഗരത്തിന്റെ നിയന്ത്രണം നഷ്ടമാവുന്നതോടെ ഈ വിതരണ ശൃംഖല തടസ്സപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള 70 ശതമാനം ജനങ്ങള്‍ക്കും ഭക്ഷണവും മരുന്നുകളും ലഭിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഇത് ഹൂത്തികളെ അനുരഞ്ജന സംഭാഷണത്തിന് പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. അത്യാധുനിക ആയുധങ്ങളുടെ പിന്‍ബലമുണ്ടായിരുന്നിട്ടും ഹൂത്തികളെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തത് സൗദി സഖ്യത്തിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ പുതിയ സംഭവത്തോടെ ഈയൊരു ചീത്തപ്പേര് മാറ്റിയെടുക്കാന്‍ സൗദി സഖ്യത്തിന് സാധിച്ചു.
അതേസമയം ഹുദൈദയ്ക്കായി ഒരാഴ്ചയിലേറെയായി തുടരുന്ന പോരാട്ടം ഇനിയും നീളുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സാധാരണക്കാരുടെ ദുരിതങ്ങള്‍ വര്‍ധിക്കാന്‍ ഇടവരുത്തും. സംഘര്‍ഷങ്ങളെ തുടര്‍ന്ന് 26000 കുടുംബങ്ങളിലേറെ ഹുദൈദയില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications