പ്രിഗോഷിന്‍ റഷ്യ വിടും; വിമത നീക്കത്തില്‍ പങ്കെടുക്കാത്തവരെ സൈന്യത്തില്‍ ചേര്‍ക്കാമെന്ന് റഷ്യ
മോസ്‌കോ: ഭരണകൂടത്തിനെതിരെ വിമത നീക്കത്തിന് ശ്രമിച്ച വാഗ്നര്‍ ഗ്രൂപ്പ് നേതാവ് യെവ്ജെനി പ്രിഗോഷിന്‍ റഷ്യ വിടും. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയുമായി നടന്ന മധ്യസ്ഥ നീക്കങ്ങള്‍ക്കൊടുവിലാണ് തീരുമാനം. മോസ്‌കോയിലെ സൈനിക നേതൃത്വത്തിനെതിരെ വാഗ്നര്‍ സേനയെ തിരിച്ച പ്രിഗോഷിന്‍ ബെലാറസിലേക്ക് പോകുമെന്നും അദ്ദേഹത്തിനെതിരെയുള്ള ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്നും ക്രെംലിന്‍ പറഞ്ഞു.
രക്തച്ചൊരിച്ചിലും ആന്തരിക സംഘര്‍ഷവും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാഗ്നര്‍ ഗ്രൂപ്പ് പോരാളികളെ പ്രോസിക്യൂട്ട് ചെയ്യില്ലെന്നും പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു. അവരുടെ വീരകൃത്യങ്ങളെ തങ്ങള്‍ എല്ലായ്‌പ്പോഴും ബഹുമാനിക്കുന്നു എന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു. കലാപത്തില്‍ പങ്കെടുക്കാത്ത പോരാളികളെ റഷ്യന്‍ സൈന്യത്തില്‍ ഔദ്യോഗികമായി ചേരാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി സമത്ത് മധ്യസ്ഥതക്ക് തയ്യാറായ ലുക്കാഷെങ്കോയുടെ ഇടപെടലിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നില്‍ നിന്നു പിന്‍വാങ്ങിയ വാഗ്നര്‍ ഗ്രൂപ്പ് തെക്കന്‍ റഷ്യന്‍ നഗരമായ റോസ്‌തോവും 2 സൈനികകേന്ദ്രങ്ങളും പിടിച്ചെടുത്തിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇത് വിട്ടുനല്‍കും. റഷ്യയുടെ കൂലിപ്പടയാളികള്‍ എന്നറിയപ്പെടുന്ന വാഗ്നര്‍ ഗ്രൂപ്പ് തെക്കന്‍ റഷ്യയിലെ ഒരു പ്രധാന സൈനിക ആസ്ഥാനം പിടിച്ചെടുക്കുകയും തലസ്ഥാനത്തെ ലക്ഷ്യമിട്ട് മുന്നേറുകയുമായിരുന്നു.
എന്നാല്‍ ലുക്കാഷെങ്കോ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് പ്രിഗോഷിന്‍ തീരുമാനം മാറ്റുകയായിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്ന് പ്രഗോഷിനും പിന്നീട് പ്രതികരിച്ചിരുന്നു. വാഗ്നര്‍ ഗ്രൂപ്പിന് സുരക്ഷ ഒരുക്കാമെന്ന് ലുക്കാഷെങ്കോ അറിയിച്ചിട്ടുണ്ട്. അയ്യായിരത്തില്‍ അധികം ആളുകള്‍ മോസ്‌കോ ലക്ഷ്യമിട്ട് നീങ്ങുന്നതിനിടെയാണ് നിര്‍ണായക തീരുമാനം വന്നത്.
അതിനിടെ രാജ്യദ്രോഹം ആരോപിച്ച് വിമതര്‍ക്കെതിരെ റഷ്യ വ്യോമാക്രമണവും തുടങ്ങിയിരുന്നു. മോസ്‌കോ നഗരത്തെ സംരക്ഷിക്കാനായി വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്റര്‍നെറ്റ് സേവനം അടക്കം മോസ്‌കോയില്‍ നിര്‍ത്തിവെച്ചിരുന്നു. മോസ്‌കോയില്‍ നിന്ന് 418 കിലോമീറ്റര്‍ ദൂരത്തുള്ള യാലെറ്റ്‌സ് പട്ടണം വരെ വാഗ്നര്‍ ഗ്രൂപ്പ് എത്തിയിരുന്നു. റഷ്യയില്‍ പട്ടാളനിയമവും പ്രഖ്യാപിച്ചിരുന്നു.
മോസ്‌കോയിലെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നു മേയര്‍ നിര്‍ദേശിച്ചിരുന്നു. അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രാജ്യം വിട്ടെന്ന അഭ്യൂഹം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അത് തള്ളി. വാഗ്നര്‍ ഗ്രൂപ്പുമായി ഈ അവസരത്തില്‍ ഏറ്റുമുട്ടിയാല്‍ യുക്രെയ്‌നിനെതിരായ യുദ്ധത്തെ ദുര്‍ബലമാക്കുമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് റഷ്യ മധ്യസ്ഥതക്ക് ശ്രമിച്ചത്.












Click it and Unblock the Notifications