റഷ്യയുമായി വിട്ടുവീഴ്ച ചെയ്യൂ, കരാർ ഉണ്ടാക്കൂവെന്ന് ട്രംപ്, തള്ളി സെലൻസ്കി; ചർച്ചയ്ക്കിടെ പൊരിഞ്ഞ പോര്
കൂടിക്കാഴ്ചയ്ക്കിടെ പരസ്പരം കൊമ്പുകോർത്ത് യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. യുക്രൈൻ റഷ്യയുമായി വിട്ടുവീഴ്ച ചെയ്യണമെന്നും കരാർ ഉണ്ടാക്കിയില്ലെങ്കിൽ തങ്ങൾ പിന്തുണയ്ക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.ഇത് സെലൻസ്കി തള്ളുകയും രൂക്ഷമായി തുറന്നടിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ അതിരൂക്ഷ തർക്കം ഉടലെടുത്തു. ഒടുവിൽ ചർച്ച അലസിപിരിഞ്ഞു. സംയുക്ത വാർത്താസമ്മേളനവും റദ്ദ് ചെയ്തതായി ഓവൽ ഓഫീസ് അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനായി റഷ്യയ്ക്ക് താത്പര്യമുണ്ടെന്നും റഷ്യയുമായി കരാർ ഉണ്ടാക്കണമെന്നുമാണ് ട്രംപ് സെലൻസ്കിയോട് ആവശ്യപ്പെട്ടത്. അതിന് തയ്യാറായില്ലെങ്കിൽ നിങ്ങൾ വലിയ പ്രശ്നത്തിൽ അകപ്പെടുമെന്നും യുക്രൈൻ ഒരു കാരണവശാലും വിജയിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഈ വെല്ലുവിളിയോട് അതേരീതിയിലായിരുന്നു സെലൻസ്കിയും മറുപടി നൽകിയത്. ' ഞങ്ങളുടെ രാജ്യം ഏറ്റവും ശക്തമായാണ് ഇത്രയും നാൾ നിലകൊണ്ടത്. ഞങ്ങൾ ഞങ്ങളുടെ രാജ്യത്ത് തന്നെ തുടരും. യുഎസിന്റെ സഹായങ്ങൾക്ക് ഞങ്ങൾ നന്ദി അറിയിച്ചതാണ്. എന്നാൽ കൊലയാളി പുടിനുമായി വിട്ടുവീഴ്ചയ്ക്ക് ഞങ്ങൾ തയ്യാറല്ല, യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെങ്കിൽ റഷ്യ ഉറപ്പ് നൽകണമെന്നും സെലൻസ്കി പ്രതികരിച്ചു.

ഇത്തരത്തിലാണ് പ്രതികരണമെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. 'നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വെച്ച് വിലപേശുകയാണ്. മൂന്നാം ലോക മഹായുദ്ധത്തിനുള്ള പുറപ്പാടാണിത്. രാജ്യത്തെ ജനങ്ങളോടുള്ള അനാദവരവാണ്, ട്രംപ് പ്രതികരിച്ചു. യുക്രൈന് നൽകിയ സഹായത്തെ കുറിച്ചും ട്രംപ് വിശദീകരിച്ചു. 'ഞങ്ങൾ നിങ്ങൾക്ക് 350 ബില്യൺ ഡോളർ നൽകി, സൈനിക പിൻബലവും ഉപകരണങ്ങളും നൽകി. നിങ്ങൾക്ക് ഞങ്ങളുടെ സഹായം ഇല്ലെങ്കിൽ ഈ യുദ്ധം രണ്ടാഴ്ചക്കുള്ളിൽ അവസാനിക്കുമായിരുന്നു', 'ട്രംപ് പറഞ്ഞു.
ശരിയാണ് ഇത് തന്നെയാണ് പുടിനും തങ്ങളോട് പറഞ്ഞത് എന്നായിരുന്നു സെലൻസ്കിയുടെ മറുപടി. അതേസമയം യുക്രൈനും സെലൻസ്കിക്കും എതിരായ വിമർശനവും വെല്ലുവിളിയും ട്രംപ് വീണ്ടും തുടർന്നു. 'നിങ്ങളുടെ ജനങ്ങൾ മരിച്ചുവീഴുകയാണ്, സൈനിക ശക്തിയും ശോഷിച്ചു. എന്നിട്ടും നിങ്ങൾ പറയുന്നത് വെടിനിർത്തൽ കരാർ വേണ്ടതില്ലെന്നും യുദ്ധം തുടരട്ടെയെന്നുമാണ്. ഇപ്പോൾ വെടിനിർത്തൽ കരാർ ഉണ്ടാക്കിയെങ്കിൽ ഇനിയും നിങ്ങൾക്ക് കൂടുതൽ ജീവനുകൾ നഷ്ടമാകും. ഞാൻ വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണ്. പക്ഷെ നിങ്ങൾ പറയുന്നത് അതിന്റെ ആവശ്യം ഇല്ലെന്നാണ്. ഞങ്ങൾ ഉണ്ടെങ്കിലെ നിങ്ങൾക്ക് ശക്തിയുള്ളൂ, ഇല്ലെങ്കിൽ നിങ്ങൾക്ക് ഒന്നിനും സാധിക്കില്ല', ട്രംപ് പറഞ്ഞു.
നേതാക്കൾ പരസ്പരം പോര് തുടർന്നതോടെ ചർച്ച എങ്ങുമെത്താതെ അവസാനിച്ചു. യുഎസ് സഹായത്തിന് യുക്രൈന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭങ്ങളുടെ 50 ശതമാനം വരുമാനം യുഎസുമായി പങ്കിടാമെന്ന കരാറിൽ ഒപ്പുവെയ്ക്കാതെ സെലൻസ്കി ഓവൽ ഓഫീസിൽ നിന്നും മടങ്ങി.












Click it and Unblock the Notifications